ബദ്‌റും ബദ്‌രീങ്ങളും

Posted on: July 3, 2015 6:00 am | Last updated: July 3, 2015 at 12:02 am
SHARE

badr‘ബദ്ര്‍ ദിനം’ കൊണ്ടുദ്ദേശിക്കുന്നത് ഒരു യുദ്ധത്തിന്റെ സ്മരണ പുതുക്കുക എന്നതല്ല. മറിച്ച,് ബദ്ര്‍ സമ്മാനിച്ച അതിജീവനത്തിന്റെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തുടര്‍ ജീവിതത്തിലേക്കുള്ള ഊര്‍ജം സംഭരിക്കുക എന്നതാണ്. ലോകത്ത് നന്മക്ക് വേണ്ടി അല്ലാതെ നടന്ന യുദ്ധങ്ങളുടെയും രക്തരൂഷിത വിപ്ലവങ്ങളുടെയും ദിനങ്ങളെയും വര്‍ഷങ്ങളെയും ആരും ആഘോഷപൂര്‍വം കൊണ്ടാടാറില്ല. യുദ്ധം വിതച്ച അത്യാപത്തുകളും നാശനഷ്ടങ്ങളും ആലോചിച്ച് സങ്കടപ്പെട്ടും ഇരകളുടെ ദുരവസ്ഥ ഓര്‍ത്ത് സഹതപിച്ചും അന്നത്തെ ദിനത്തെ തള്ളിനീക്കുകയാണ് പതിവ്. പക്ഷേ, യുദ്ധം വിതച്ച കെടുതികളെ ഓര്‍ത്തോ ശിരസ്സ് വിഛേദിക്കപ്പെട്ട മനുഷ്യരെ ഓര്‍ത്ത് സഹതപിച്ചോ അല്ല ബദ്ര്‍ സ്മരിക്കപ്പെടുന്നത്. മറിച്ച്, ലോകമാഗ്രഹിച്ച ഒരു പ്രത്യായശാസ്ത്രത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി എല്ലാം സഹിച്ചും ത്യജിച്ചും ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു സംഘം തങ്ങളെ സംഹരിക്കാനെത്തിയ ചക്രവ്യൂഹം പോലെ പാരാവാരം പരന്നുകിടക്കുന്ന ശത്രു സൈന്യത്തോട് ചെറുത്തുനിന്ന് വിജയം കൈവരിച്ചതിന്റെ മധുരിക്കുന്ന ഓര്‍മകളാണ്. ന്യൂനാല്‍ ന്യൂനപക്ഷം എന്നു പറഞ്ഞത് തീര്‍ത്തും യാഥാര്‍ഥ്യമാണ്. ഇമാം നവവി (റ) തന്റെ ഗ്രന്ഥമായ തഹ്ദീബുല്‍ അസ്മാഇ വല്ലുആത്തില്‍ പറയുന്നത് കാണാം: ‘ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിന് ബദ്ര്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളുടെ എണ്ണം മുന്നൂറ്റി ചില്ലറയായിരുന്നു എന്ന് സ്വഹീഹയിനിയില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്’. ഇസ്‌ലാം ലോകത്ത് വ്യാപകമാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും ബദ്‌റിലൂടെയാണ്. ആ ചെറുസംഘം ബദ്‌റിലെങ്ങാനും വന്‍ സന്നാഹങ്ങളോടെ വന്ന ശത്രു സൈന്യത്തിനു മുമ്പില്‍ അടിയറവ് പറഞ്ഞിരുന്നുവെങ്കില്‍ അത് ഇസ്‌ലാം എന്ന മഹിത ദര്‍ശനത്തിന്റെ ഭുമുഖത്തു നിന്നുള്ള തിരോധാനത്തിന് കാരണമാകുമായിരുന്നു.
ലോക മുസ്‌ലിം സമുദായം ഒന്നടങ്കം ബദ്‌രീങ്ങളെ ആദരിക്കാനുള്ള കാരണം അവര്‍ അമുസ്‌ലിംകളെയും ബഹുദൈവ വിശ്വാസികളെയും ബലാത്കാരമായി ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ജീവന്‍ നല്‍കി അടര്‍ക്കളത്തില്‍ പോരാടി എന്നത് കൊണ്ടല്ല. പലര്‍ക്കും അങ്ങനെ ഒരു ധാരണയുണ്ട്. അത് തെറ്റിദ്ധാരണയാണ്. കൂടാതെ ബദ്‌റിന്റെ വീരചരിത്രങ്ങളും സംഭവവികാസങ്ങളും പറഞ്ഞ് ഊറ്റംകൊള്ളുന്ന ഇസ്‌ലാമും മുസ്‌ലിംകളും യുദ്ധത്തിലൂടെയാണ് ലോകത്ത് വ്യാപിച്ചത് എന്നും പറഞ്ഞു പരത്തുന്നവരുണ്ട് . ഇതും ശുദ്ധ നുണയാണ്. പ്രവാചകരും(സ) അനുചരന്മാരും ലോകത്ത് നടത്തിയ യുദ്ധങ്ങളില്‍ മുസ്‌ലിംകളില്‍ നിന്നും ശത്രുപക്ഷത്തു നിന്നും കൂടെ മരണപ്പെട്ടവര്‍ 1018 മാത്രമാണ്. എന്നാല്‍ ഇസ്‌ലാമിനെ യുദ്ധമതമായി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച യൂറോപ്പ് നേതൃത്വം നല്‍കിയ രണ്ടാം ലോക മഹായുദ്ധത്തില്‍ മാത്രം മരണപ്പെട്ടത് അഞ്ച് കോടി ജനങ്ങളാണ്. 2.8 കോടി സൈനികരും 22 ദശലക്ഷം സിവിലിയന്മാരും.
ബദ്ര്‍ ഒരിക്കലും യുദ്ധമായിരുന്നില്ല. മറിച്ച്, അതിജീവനത്തിന് വേണ്ടിയുള്ള സമരമായിരുന്നു. ഇസ്‌ലാമില്‍ ബലാത്കാരമില്ലന്ന വിശുദ്ധ വാക്യത്തിന്റെ പാശ്ചാത്തലത്തില്‍ നിര്‍ബന്ധിച്ച് ഇസ്‌ലാമേതര വിശ്വാസികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്നത് ഇസ്‌ലാമികമല്ല എന്ന് വ്യക്തമാണ്. അത്തരം ചെയ്തികള്‍ക്കുള്ള ഉദാഹരണമായി ബദ്‌റിനെ ദൂരുപയോഗം ചെയ്യുന്നത് കടുത്ത പാതകവുമാണ്. കാരണം മുസ്‌ലിമാകുക എന്നതിന്റെ വിവക്ഷ വേഷ -ഭൂഷാദികളില്‍ ഒരാള്‍ ഇസ്‌ലാമികവത്കരിക്കപ്പെടുക എന്നല്ല, അചഞ്ചലമായ വിശ്വാസമാണ് ഇസ്‌ലാമിലേക്കുള്ള ലൈസന്‍സ്. മനുഷ്യന്റെ ഹൃദയത്തില്‍ രൂഢമൂലമാകേണ്ടതാണ് വിശ്വാസം. അല്ലാതെ ബാഹ്യമായ ഇടപെലുകളിലൂടെ ബലാത്കാരമായി ചെയ്യിപ്പിക്കാന്‍ സാധിക്കുന്ന ഒന്നല്ല ഇത്.
വിപ്ലവങ്ങള്‍ക്കും സമരങ്ങള്‍ക്കും ബാഹ്യലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇതുപോലെ ഒരു വിപ്ലവം നടത്തിയിട്ട് ഒരു സമുദായത്തിന്റെ വിശ്വാസമൊന്നടങ്കം മാറ്റിമറിച്ചതായി ചരിത്രത്തിലെവിടെയും കാണാന്‍ സാധ്യമല്ല. സാധിക്കുകയുമില്ല. ഒരു വ്യക്തി മുസ്‌ലിമാകണമെങ്കില്‍ രണ്ട് ശഹാദത്ത് കലിമ ഉള്‍ക്കൊള്ളുന്ന ആശയം ഹൃദയത്തില്‍ ഉറക്കുകയും ആ വാക്യം നാവുകൊണ്ട് ഉച്ചരിക്കുകയും വേണം. ഇതോടെ ബദ്ര്‍ ഒരിക്കലും ഒരു അവിശ്വാസിയെ വിശ്വാസിയാക്കാനുള്ള ‘ജിഹാദി’നുള്ള ഉത്തരവായിരുന്നില്ലെന്നു വ്യക്തമാണ്. ‘ആഗോള ഇസ്‌ലാമിനും’ ഇസ്‌ലാമിന് നിരക്കാത്ത രീതിയിലുള്ള ഹുക്കൂമത്തേ ഇലാഹിക്കും മുറവിളികൂട്ടുന്ന ഇസില്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ യഥാര്‍ഥത്തില്‍ ഇസ്‌ലാം എന്ന മഹിത ദര്‍ശനത്തിന്റെ പൂമുഖത്ത് കരിവാരിത്തേക്കുന്ന തിരക്കിലാണ്. ബദ്ര്‍ ഒരിക്കലും ഇസ്‌ലാമിന്റെ രംഗപ്രവേശനത്തിന് വേണ്ടി മെനഞ്ഞെടുത്ത ചാണക്യ സൂത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സമരമായിരുന്നില്ല. ഇസ്‌ലാമില്‍ യുദ്ധം ഒന്നിന്റെയും അവസാന വാക്കല്ല. എപ്പോഴാണ് ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സമുദായം സമരത്തിനിറങ്ങേണ്ടി വരിക? ആധുനിക സമുദായം ഉത്തരം കിട്ടാതെ ഉലയുന്ന ചോദ്യങ്ങളിലൊന്നാണിത്. ഇന്ന് എല്ലാത്തിന്റെയും ആദ്യ പടി സമരമാണ്. വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നേരെ സമരം, പഠിപ്പ് മുടക്കല്‍ സമരം ഇങ്ങനെ തുടങ്ങി എന്തിനും ഏതിനും സമരമാണ് ആദ്യ പടി. പലര്‍ക്കും സമരം ഒരു ഹരമാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കറിയില്ല അവര്‍ എന്തിന് വേണ്ടിയാണീ മുറവിളി കൂട്ടുന്നത് എന്ന്. അന്യന്റെ കൈവെട്ടാനും കടയുടെ ചില്ല് പൊട്ടിക്കാനും കല്ലെറിയാനും പാര്‍ട്ടിക്ക് വേണ്ടി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്താനും ഇവര്‍ തയ്യാറായിരിക്കും.
എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സമരം കടന്നുവരുന്നത് എപ്പോഴാണെന്ന് വെച്ചാല്‍, തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് വിഘ്‌നം സൃഷ്ടിക്കുന്ന തടസ്സങ്ങളെ നീക്കം ചെയ്യാന്‍ അടര്‍ക്കളത്തിലിറങ്ങേണ്ടിവരും. ഇതാണ് ഇബ്‌നു ഹജര്‍ തങ്ങള്‍ തുഹ്ഫയിലൂടെ പറഞ്ഞത് ‘പരമ പ്രധാനമായ ലക്ഷ്യം ജനങ്ങളുടെ സന്മാര്‍ഗ സിദ്ധിയാണ്. ഈ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വിഘാതം സൃഷ്ടിക്കുന്ന തടസ്സങ്ങളെ ഉന്മൂലനം ചെയ്യലാണ്, മതം കൊണ്ടുദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് സാധ്യതയുണ്ടെങ്കില്‍ അതാണ് ഏറ്റവും ഉത്തമം’. ഇതിനെ വിശദീകരിച്ച മഹാന്മാര്‍ പറഞ്ഞു, ‘എന്നാല്‍ അവിശ്വാസികളെ കൊല ചെയ്യുക എന്നത് ഇതിന്റെ ഉദ്ദേശ്യമേ അല്ല’.
യുദ്ധമായിരുന്നു മതപ്രചാരണത്തിന്റെ മാര്‍ഗമെങ്കില്‍ തിരുനബിക്കും അനുചരന്മാര്‍ക്കും ആ മാര്‍ഗത്തെ ആദ്യമേ പിന്തുടരാമായിരുന്നു. അവിശ്വാസികളില്‍ നിന്നുള്ള കടന്നാക്രമണമുണ്ടായപ്പോഴും സ്വന്തം നാടും വീടും വിട്ട് അവരുമായോരു ഏറ്റുമുട്ടലിനെ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു തിരുനബി. 53 വര്‍ഷം മക്കയില്‍ ജീവിച്ച പ്രവാചകര്‍ ഒരിക്കല്‍ പോലും യുദ്ധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഇമാം റാസി സംഭവത്തെ വിവരിക്കുന്നു: ‘ശത്രുപക്ഷം അവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും വിശ്വാസകളെ ഭീഷണിപ്പെടുത്തുകയും അവരുടെ ജീവിതത്തിന്റെ വഴികള്‍ തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ സ്വന്തം കുടുംബത്തേയും രാജ്യത്തേയും വെടിഞ്ഞ് പോകാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്വന്തം ശരീരത്തെ രക്ഷിക്കുന്നതിലുപരി, ദീനിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു അവര്‍ പലായനം ചെയ്തത്'(തഫ്‌സീറുറാസി). ബദ്‌രീങ്ങള്‍ അന്നെങ്ങാനും സമരഭൂമിയിലിറങ്ങിയിരുന്നില്ലായിരുന്നെങ്കില്‍, അതുമല്ലെങ്കില്‍ അവര്‍ രണഭൂമിയില്‍ നിന്ന് പേടിച്ച് പിന്മാറിയിരുന്നെങ്കില്‍ ഇന്ന് ലോകത്ത് ഇസ്‌ലാമുണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ സ്ഥാനം അത്രമേല്‍ മഹത്തരമാണ്. അല്ലാഹു അവര്‍ക്ക് സര്‍വ്വതും പൊറുത്തുകൊടുത്തു. എത്രത്തോളമെന്ന് വെച്ചാല്‍ അല്ലാഹു അവരോട് പറഞ്ഞു , നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക . സ്വര്‍ഗം നിങ്ങള്‍ക്ക് സുനിശ്ചിതമാണ്’. ഇത് കേട്ട് ഉമര്‍ തങ്ങളുടെ ഇരു നയനങ്ങളും നിറയുകയും അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും അറിവുള്ളവര്‍ എന്ന് പറയുകയും ചെയ്തു. ബദ്‌രീങ്ങളോട് നിങ്ങള്‍ക്കിഷ്ടമുള്ളത് പ്രവര്‍ത്തിച്ചോളു എന്ന് അല്ലാഹു പറഞ്ഞതിന്റെ താത്പര്യം വിലക്കപ്പെട്ട കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലും ആജ്ഞാപിക്കപ്പെട്ടവ വര്‍ജിക്കുന്നതിലും നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം എന്നല്ല. മറിച്ച്, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലും അനുസരിക്കുന്നതിലും അവര്‍ക്ക് യാതൊരു പ്രയാസവുമുണ്ടാവുകയില്ലെന്നാണ്. ഇമാം നവവി(റ)പറയുന്നു , ‘നിങ്ങള്‍ എന്ത് ചെയ്താലും പരലോകത്തില്‍ നിങ്ങള്‍ക്ക് പൊറുക്കപ്പെടുമെന്നതാണ് വിവക്ഷയെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്’ (ശറഹു മുസ്‌ലിം). അമ്പിയാക്കള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ശ്രേഷ്ഠത പ്രവാചകാനുചരന്മാര്‍ക്കാണ്. മുആദുബ്‌നു രിഫാആത്ത് (റ) പിതാവില്‍ നിന്ന് നിവേദനം: ‘ജിബ്‌രീല്‍(അ) നബിസന്നിധിയില്‍ വന്നുകൊണ്ട് ഇപ്രകാരം ചോദിച്ചു. നിങ്ങള്‍ക്കിടയില്‍ ബദ്‌രീങ്ങളുടെ പദവി എന്താണ്’. നബി(സ) പറഞ്ഞു. അവര്‍ മുസ്‌ലിംകളില്‍ നിന്ന് ഏറ്റവും ശ്രേഷ്ഠന്‍മാരാണ്. ഇപ്രകാരം തന്നെയാണ് ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത മലക്കുകളും. അവര്‍ മലക്കുകളില്‍ നിന്ന് ഏറ്റവും ശ്രേഷ്ഠരാണ്. ഇമാം ബുഖാരി അടക്കമുളളവര്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ബദ്‌റിനെയും ബദ്‌രീങ്ങളെയും വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ട് ജീവിതം ധന്യമാക്കാന്‍ നാഥന്‍ തുണക്കുമാറാകട്ടെ.