കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് മുങ്ങി

Posted on: July 2, 2015 11:03 am | Last updated: July 2, 2015 at 11:03 am
SHARE

കല്‍പ്പറ്റ: കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കി.
അമ്പലവയല്‍ നെല്ലാറച്ചാല്‍ ഒഴലക്കൊല്ലി സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് കെ എസ് സനീഷ്, കറുത്തേടത്ത് കെഎം അര്‍ജുന്‍, വളപ്പിലകത്ത് പിവി യൂനൈസ്, ചുണ്ടേല്‍ സ്വദേശി അബ്ദുല്‍ റസാഖ്, ആനപ്പാറ കുഴിക്കാട്ടില്‍ ഫൈസല്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റസാഖാണ് കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷത്തോളം രൂപ ഇവരില്‍ നിന്ന് തട്ടിയതെന്നാണ് പരാതി. മലപ്പുറം സ്വദേശിയാണെന്ന് പരിചയപ്പെടുത്തി കുവൈത്തിലെ സുല്‍ത്താന്‍ സെന്റര്‍ ഷോപ്പിംഗ് മാളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവാക്കളില്‍ നിന്ന് പണം തട്ടിയത്. അഞ്ച് പേരില്‍ നിന്ന് 45,000 രൂപ വീതമാണ് തട്ടിയത്. ജൂണ്‍ ഏഴിന് സനീഷും അര്‍ജുനും നെല്ലാറച്ചാലില്‍ റസാഖ് താമസിക്കുന്ന വീട്ടിലെത്തിച്ചാണ് പണം നല്‍കിയത്. മറ്റ് അഞ്ച് പേരും ഇതിന് ശേഷമാണ് വിസക്കായി പണം നല്‍കിയത്. കഴിഞ്ഞ 24ന് വിസ നല്‍കാമെന്നാണ് റസാഖ് ഉറപ്പ് നല്‍കിയത്. 24-ാം തിയതി കഴിഞ്ഞ് റസാഖിനെ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭ്യമായില്ല. ഇയാള്‍ താമസിക്കുന്ന നെല്ലാറച്ചാലിലെ വീട്ടിലെത്തി തിരക്കിയപ്പോള്‍ ആള്‍ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് അഞ്ച് പേരും ചേര്‍ന്ന് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് റസാഖിനെതിരെ കേസെടുത്തു. ഇയാളുടെ ഭാര്യയും റസാഖിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിവാഹം ചെയ്ത് വഞ്ചിച്ചതായും പണവും സ്വര്‍ണ്ണവും അപഹരിച്ചതായും കാണിച്ചാണ് ഇവര്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേ സമയം റസാഖ് ഇത്തരത്തില്‍ കല്‍പ്പറ്റ,പനമരം, ചുണ്ടേല്‍ എന്നിവടങ്ങളില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. പനമരം, ചുണ്ടേല്‍ സ്വദേശികളില്‍ നിന്നായി രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായാണ് പറയപ്പെടുന്നത്.