Connect with us

Palakkad

താലൂക്ക് സപ്ലൈ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Published

|

Last Updated

പാലക്കാട്: മൂന്ന് ജീവനക്കാരില്‍ നിന്നായി കണക്കില്‍പ്പെടാത്ത 4185 രൂപ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു പാലക്കാട് കോട്ടയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയത്.
എല്ലാമാസവും ഒന്നാംതിയതി റേഷന്‍കടകളില്‍ നിന്നുള്ള കണക്കുവിവരങ്ങള്‍ പാസാക്കുന്നതിന് മാമൂല്‍ വാങ്ങുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഓഫീസിലെ പ്യൂണ്‍ എന്‍ നൂര്‍മുഹമ്മദിന്റെ കൈവശം 3250 രൂപയും ഡ്രൈവര്‍ ചന്ദ്രശേഖരന്റെ കൈവശം 635 രൂപയും യു ഡി ക്ലാര്‍ക്ക് ജമീലയുടെ കൈവശം 300 രൂപയുമാണ് കണക്കില്‍പ്പെടാതെ ഉണ്ടായിരുന്നത്. രാവിലെ മുതല്‍ തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസ് പരിസരത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 169 റേഷന്‍കടകളാണ് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ളത്.
ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ഡി വൈ എസ് പി എം സുകുമാരന്‍, എസ്‌സി പി ഒമാരായ ബി സുരേന്ദ്രന്‍, പി ബി നാരായണന്‍, ജെ. ശങ്കര്‍, ഷംസീര്‍, സുബേഷ്, വനിതാ സി പി ഒമാരായ ശ്രീപ്രിയ, ജമീല എന്നിവരാണ് പരിശോധന നടത്തിയത്.
ഗസറ്റഡ് ഉദ്യോഗസ്ഥനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ശങ്കരന്‍പിള്ളയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.—