ബാല സംരക്ഷണ പദ്ധതി; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശില്‍പ്പശാല

Posted on: July 2, 2015 9:45 am | Last updated: July 2, 2015 at 9:45 am
SHARE

 

മലപ്പുറം: സംയോജിത ബാല സംരക്ഷണപദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ബാലനീതി നിയമം 2000, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012, ചൈല്‍ഡ് മേരേജ് പ്രോഹിബിഷന്‍ ആക്ട് 2006 എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ശില്‍പശാലയില്‍ പെരിന്തല്‍മണ്ണ, മലപ്പുറം സബ് ഡിവിഷനുകളിലെ 23 സ്‌റ്റേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ തുടങ്ങി 90പേര്‍ പങ്കെടുത്തു.
‘ബാലനീതി സംവിധാനം ജില്ലയില്‍’ എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജില്ലാ പോലീസ് എന്നിവരുടെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണു ശില്‍പശാല നടത്തിയത്. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം ജില്ലയില്‍ 747കേസുകള്‍ ജില്ലാ സെഷന്‍ കോടതിയില്‍ പരിഗണനയിലണ്. അതോടൊപ്പം നിലവിലുള്ള നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കേസുകള്‍ ബാലനീതി ബോര്‍ഡിന് മുന്നില്‍ 160എണ്ണവും ഉണ്ട്. തിരൂര്‍ സബ് ഡിവിഷനിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കായി ബാലനീതി സംവിധാനം ശാക്തീകരിക്കുന്നതിനായി പ്രത്യേക ശില്‍പശാല തിരൂര്‍ മുന്‍സിപ്പല്‍ സാംസ്‌കാരിക സമുച്ചയത്തില്‍ വെച്ച് നാളെ സംഘടിപ്പിക്കുംശില്‍പശാലയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും, ജുവനൈല്‍ ജസ് റ്റിസ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റുമായ എസ്. ജയകുമാര്‍ ജോണ്‍ നിര്‍വഹിച്ചു.
ബാലനീതി സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയ്ക്ക് മുന്‍ഗണന നല്‍കാണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങള്‍ക്കെതിരെ കുട്ടികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ എടുക്കേണ്ട നടപടികളെ കുറിച്ചും സമൂഹത്തില്‍ നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കുന്നതിനുമുള്ള സംയുക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ചും ഊന്നല്‍ നല്‍കണമെന്നുംഎസ്. ജയകുമാര്‍ ജോണ്‍ പറഞ്ഞു. ജില്ലാ പോലീസ് മേധവി ദേബേഷ്‌കുമാര്‍ ബെഹ്‌റ അധ്യക്ഷത വഹിച്ചു. ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. വരിക്കോടന്‍ അനസ്, ജുവനൈല്‍ ജസ് റ്റിസ് ബോര്‍ഡംഗം കെ.പി. ഷാജി, അഡ്വ: ഇസ്മയീല്‍ പ്രസംഗിച്ചു. ജില്ലാ ബാലസംരക്ഷണ യൂണിറ്റിന്റെ ബാലവിവാഹത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രകാശനം ജില്ലാ പോലീസ് മേധവിയില്‍ നിന്നും ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളില്‍ പോലീസ് ഉദ്യോഗസ്്ഥര്‍ പാലിക്കേണ്ട നിയമനടപടികളെ കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മച്ചിങ്ങല്‍ സമീര്‍ ക്ലാസെടുത്തു.