കലക്ടര്‍ ഇടപെട്ടു; സി പി എം പഞ്ചായത്ത് ഓഫീസ് ഉപരോധം പിന്‍വലിച്ചു

Posted on: July 2, 2015 8:58 am | Last updated: July 2, 2015 at 8:58 am
SHARE

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ജാതി വിവേചനം കാണിച്ചുവെന്നാരോപിച്ച് മൂന്ന് ദിവസമായി സി പി എം നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം പിന്‍വലിച്ചു. എന്‍ ആര്‍ ഇ ജി ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടറുടെ ഇടപെടലിനെത്തുടര്‍ന്നാണിത്. കലക്ടറുടെ നിര്‍ദേശാനുസരണം കൊയിലാണ്ടി തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ ലത എന്നിവര്‍ സമര സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉപരോധസമരം നിര്‍ത്താന്‍ തീരുമാനമായത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടിക ജാതി കോളനികളില്‍ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തി നടത്തുന്നതിന് പട്ടികജാതിക്കാരെ മാത്രം ഉള്‍പ്പെടുത്തിയെന്ന ആക്ഷേപമാണ് പഞ്ചായത്ത് ഓഫീസ് സ്തംഭനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഈ സംഭവത്തില്‍ ഉടനടി അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം തഹസില്‍ദാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. സി പിഎം ലോക്കല്‍ സെക്രട്ടറി ടി കെ ശശി, കെ ടി രാജന്‍, കെ പി ബിജു, വി കെ നാരായണന്‍, സി എം ബാബു സംബന്ധിച്ചു.