അരുവിക്കര: ചില എതിര്‍വാദങ്ങള്‍

Posted on: July 2, 2015 6:00 am | Last updated: July 1, 2015 at 11:48 pm

SHABHAREENATHANഅരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ വിലയിരുത്തുമ്പോള്‍ മൂന്ന് പ്രതികരണങ്ങള്‍ പ്രധാനമായും മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്നു. ‘അച്ഛന്റെ വിജയമാണിത്’ എന്ന കെ എസ് ശബരീനാഥന്റെ പ്രതികരണമാണ് ആദ്യത്തേത്. രണ്ടാം സ്ഥാനം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റെ പ്രസ്താവനയാണ് രണ്ടാമത്തേത്. ഭരണവിരുദ്ധ വികാരം ചിന്നഭിന്നമായെന്നും അതിന്റെ ഗുണം യു ഡി എഫിന് ലഭിക്കാനിടയുണ്ടെന്നും വോട്ടെണ്ണലിന്റെ തലേന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് മൂന്നാമതെടുക്കുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും 2011ല്‍ അധികാരത്തിലേറിയ യു ഡി എഫ് സര്‍ക്കാറിന്റെ കണക്കെടുക്കുമ്പോള്‍ താരതമ്യേന മികച്ച പ്രതിച്ഛായയുണ്ടായിരുന്നയാളുമായ ജി കാര്‍ത്തികേയന്റെ നിര്യാണം അരുവിക്കരയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കാര്‍ത്തികേയന്റെ ഭാര്യ സുലേഖ സ്ഥാനാര്‍ഥിയാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ശഠിച്ചത്. അവര്‍ പിന്‍മാറിയപ്പോള്‍ മകന്‍ ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കി. ശബരീനാഥനും പിന്‍മാറിയിരുന്നെങ്കില്‍ കാര്‍ത്തികേയനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള ഒരാളെത്തേടി കോണ്‍ഗ്രസ് നേതൃത്വം പോകുമായിരുന്നു. വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഗതി കാര്‍ത്തികേയനെ ഓര്‍മിപ്പിക്കുക എന്നതാണെന്ന തിരിച്ചറിവ് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. 1991ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വധിക്കപ്പെടുന്നതിന് മുമ്പും പിമ്പും നടന്ന വോട്ടെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 1984ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയത്. ഇതിനെ അടിവരയിടുന്നതാണ് ‘അച്ഛന്റെ വിജയ’മെന്ന ശബരീനാഥന്റെ പ്രസ്താവന.
ഫലത്തോട് പ്രതികരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കാര്‍ത്തികേയ സ്മരണയുടെ കാര്യം ആവര്‍ത്തിച്ചിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നതിനാല്‍ വിജയം ഭരണത്തിനുള്ള അംഗീകാരമാണെന്നും അഴിമതി, തട്ടിപ്പ്, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളെ ജനം തള്ളിയതിന് തെളിവാണെന്നും വിജയത്തെ വിലയിരുത്തുന്നത്, വിഡ്ഢിത്തമാകും. ഇത്തരം ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെടുകയും അതിനെ ആഘോഷമാക്കി മാറ്റുകയും ചെയ്തത് പൊതുവില്‍ ജനങ്ങളിലുണ്ടാക്കിയ മടുപ്പ്, കാര്‍ത്തികേയ സ്മരണക്ക് കൂട്ടായിട്ടുണ്ടാകാമെന്ന് മാത്രം. വലിയ കൊള്ളകളുടെ കഥ പലകുറി കേട്ട ജനം ഇതിനെ ഗൗരവത്തിലെടുക്കണമോ എന്ന് ചിന്തിച്ചിട്ടുമുണ്ടാകാം. അതിനര്‍ഥം ആരോപണങ്ങളൊക്കെ തെറ്റാണെന്ന് ജനം വിധിച്ചുവെന്നല്ല.
പഴയ ആര്യനാട് മണ്ഡലവും ഇപ്പോഴത്തെ അരുവിക്കരയും പൊതുവില്‍ യു ഡി എഫിന് മേല്‍ക്കൈയുള്ള മണ്ഡലമായതിനാല്‍ കാര്‍ത്തികേയന്റെ ഓര്‍മ കൊണ്ടുള്ള ഫലസിദ്ധി വര്‍ധിച്ചു. ഇത് മനസ്സിലാക്കാതെ, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഘനീഭവിച്ച് വോട്ടായി പെയ്യുമെന്നും അതിന്റെ ഗുണം കിട്ടുമെന്നും പ്രതീക്ഷിച്ച് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചപ്പോള്‍ തന്നെ എല്‍ ഡി എഫിന് (യഥാര്‍ഥത്തില്‍ സി പി എം) പാളി. അഴിമതി, സ്വജനപക്ഷപാതം, ലൈംഗിക ചൂഷണം തുടങ്ങി പലവിധ ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പലവഴിക്ക് ശ്രമിച്ച് ഫലം കാണാതിരുന്ന സി പി എം അരുവിക്കരയിലെ ജനവിധിയോടെ രാഷ്ട്രീയ വിജയം നേടാമെന്ന് വ്യാമോഹിച്ചു. അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയംഗവും ജന്മം കൊണ്ട് നായരുമായ എം വിജയകുമാറിനെ അവിടെ സ്ഥാനാര്‍ഥിയാക്കിയത്. ശബരീനാഥനാണ് സ്ഥാനാര്‍ഥിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ അരുവിക്കരയില്‍ നിന്നുള്ള യുവ നേതാക്കളെയാരെയെങ്കിലും മത്സരിപ്പിക്കുകയും ഉപതിരഞ്ഞെടുപ്പിന്റെ പരിമിതമായ സാധ്യത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ വോട്ടെണ്ണത്തിനപ്പുറത്ത് ഇപ്പോഴുണ്ടായ വലിയ പരാജയം ഒഴിവാക്കാമായിരുന്നു.
ബി ജെ പി നേടിയ 34,415 വോട്ടിനെ (കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതുമായി തട്ടിച്ച് നോക്കിയാല്‍ അഞ്ചിരട്ടിയോളം) കേരളത്തിലെ ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയായി മാറിയതിന് തെളിവായി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാന പ്രസിഡന്റ് വി മുരളീധരനുള്ള മറുപടിയായി രണ്ടാമതെത്താത്തതിലുള്ള രാജഗോപാലിന്റെ നിരാശയെ കാണാം. ഹിന്ദുത്വ പാര്‍ട്ടിയുടെ സംസ്ഥാനത്തെ യഥാര്‍ഥ നില എന്തെന്നും ഈ പ്രസ്താവന പറഞ്ഞുതരുന്നുണ്ട്. ആര്യനാട് മണ്ഡലത്തില്‍ 1987ല്‍ ഏഴായിരം വോട്ടുണ്ടായിരുന്നു ബി ജെ പിക്ക്. 2011ലെ അരുവിക്കരയിലും ബി ജെ പിക്ക് ലഭിച്ചത് ഏഴായിരം മാത്രം. ഇക്കാലത്തിനിടെ പാര്‍ട്ടിക്കുണ്ടായ ചെറിയ വളര്‍ച്ച പോലും വോട്ടിംഗില്‍ പ്രതിഫലിച്ചിരുന്നില്ലെന്ന് ചുരുക്കം. 25 വര്‍ഷത്തിനിടെ ഇരട്ടിയായെങ്കിലും ബി ജെ പി വോട്ട് വര്‍ധിച്ചിട്ടുണ്ടാകണം. ഇത്രയും കാലം പോള്‍ ചെയ്യാതിരിക്കുകയോ മറ്റ് സ്ഥാനാര്‍ഥികളുടെ പെട്ടിയില്‍ (കാര്‍ത്തികേയന്റെ പെട്ടിയിലാകാനാണ് സാധ്യത കൂടുതല്‍) പതിക്കുകയോ ചെയ്ത വോട്ടുകള്‍ അവര്‍ ഇക്കുറി തിരിച്ചെടുത്തു. അങ്ങനെയെങ്കില്‍ 20,000 വോട്ട് ബി ജെ പിക്ക് അധികമായി കിട്ടിയെന്ന് കരുതാം. ഇതില്‍ രാജഗോപാലെന്ന വ്യക്തി സ്വാധീനിച്ച വോട്ടുകള്‍ കിഴിച്ചതിന് ശേഷമേ പാര്‍ട്ടിക്കുള്ള വോട്ടിനെ കണക്കാക്കാവൂ.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒന്നര വര്‍ഷം മുമ്പ് ജയത്തോടടുത്ത രണ്ടാം സ്ഥാനം നേടിയ രാജഗോപാല്‍ അരുവിക്കരയില്‍ അതിന്റെ ആവര്‍ത്തനം പ്രതീക്ഷിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയും വിജയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പെന്ന പ്രചാരണവും തുണയായുണ്ടായിരുന്നു. പല കാരണങ്ങളാല്‍ ദുര്‍ബലനായ ഇടത് സ്ഥാനാര്‍ഥിയും. അരുവിക്കരയില്‍ ഇതൊന്നുമുണ്ടായിരുന്നില്ല. രാജഗോപാലിന്റെ വ്യക്തിത്വം, പലകുറി പരാജയം നേരിട്ടയാളോടുള്ള നേരിയ സഹതാപം എന്നിവക്ക് പുറത്ത്, രണ്ടാം സ്ഥാനത്തെത്തണമെങ്കില്‍ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് പ്രതിപത്തി വര്‍ധിക്കണമായിരുന്നു. ജനങ്ങള്‍ക്ക് അത്രത്തോളം പ്രതിപത്തിയുണ്ടായില്ലെന്നാണ് നിരാശയുണ്ടെന്ന രാജഗോപാലിന്റെ പ്രസ്താവന പറഞ്ഞുതരുന്നത്. പാര്‍ട്ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായി എങ്കില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാമതെത്തിയ രാജഗോപാലിന് അരുവിക്കരയിലും അത് ആവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു.
കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ബി ജെ പി മാറിയെന്ന, അരുവിക്കരാനന്തര വിലയിരുത്തലിന് അതുകൊണ്ടു തന്നെ പ്രസക്തിയില്ല. പക്ഷേ, തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രകടമായ സാന്നിധ്യമാകാനും മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വോട്ടുകള്‍ക്ക് വിജയം നിശ്ചയിക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാവുന്ന സ്ഥിതിയിലേക്ക് മാറാനും കഴിയും വിധത്തില്‍ ആ പാര്‍ട്ടി സ്വാധീനമുണ്ടാക്കിയിരിക്കുന്നുവെന്ന് അരുവിക്കര പറഞ്ഞു തരുന്നു. അത് യു ഡി എഫിനേക്കാളേറെ, പ്രയാസം സൃഷ്ടിക്കുക ഇടതുപക്ഷത്തിനാണ്, സി പി എമ്മിനാണ്. അതുകൊണ്ടാണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് അരുവിക്കര ഫലം വ്യക്തമാക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുവെക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കുക സി പി എമ്മിന് അത്ര എളുപ്പമല്ല. ഇടതിന്റെ ഇലകള്‍ ചീയുന്നതാണ് തങ്ങള്‍ക്ക് വളമെന്ന് ബി ജെ പി നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. കേരളം ബംഗാളാക്കുക എന്ന മുദ്രാവാക്യം ഇപ്പോള്‍ കൂടുതല്‍ യോജിക്കുക ബി ജെ പിക്കായിരിക്കും.
പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ സൂക്ഷ്മതലത്തില്‍ നടത്തിയ പ്രവര്‍ത്തനം, എ കെ ഗോപാലന്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനം, അരുവിക്കരയിലേക്ക് നേതൃനിരയാകെ കേന്ദ്രീകരിച്ചത് ഇതിനൊക്കെ ശേഷവും ഭരണവിരുദ്ധ വികാരം ചിന്നഭിന്നമായെന്ന് സി പി എം സംസ്ഥാനകമ്മിറ്റി വിലയിരുത്തുന്നുവെങ്കില്‍ ആ വികാരത്തെ ഏകോപിപ്പിക്കാനുള്ള സംഘടന – രാഷ്ട്രീയ ശേഷി ആ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നുവെന്ന് തന്നെയാണ് അര്‍ഥം. അതുകൊണ്ടാണ് ആ വികാരം ആളിക്കത്തിക്കാന്‍ പി സി ജോര്‍ജിനെയും ആര്‍ ബാലകൃഷ്ണപിള്ളയെയും ഗണേഷ് കുമാറിനെയുമൊക്കെ വിറകാക്കേണ്ടിവന്നത്. സരിതയുടെ വാക്കുകളെയും മാധ്യമ ‘വെളിപ്പെടുത്തലു’കളെയും പ്രചാരണത്തില്‍ വേണ്ടതിലധികം ആശ്രയിക്കേണ്ടിവന്നത്.
സംഘടന – രാഷ്ട്രീയ ശേഷിയിലുണ്ടായ തളര്‍ച്ച, അരുവിക്കരയുടെ തീരത്തുവെച്ചുണ്ടായതല്ല. പാര്‍ലിമെന്ററി വ്യാമോഹവും പാര്‍ട്ടി ആധിപത്യവും തര്‍ക്കിച്ച് വ്യക്തിവൈരത്തോളം വളര്‍ന്ന വിഭാഗീയത, ജനങ്ങളുമായുള്ള ബന്ധം ഇല്ലാതായത്, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടി കാണിക്കുന്ന വിമുഖത തുടങ്ങി ഈ തളര്‍ച്ചക്കുള്ള കാരണങ്ങള്‍ സി പി എമ്മിന്റെ പല കേന്ദ്ര കമ്മിറ്റികളും കോണ്‍ഗ്രസുകളും പ്ലീനവുമൊക്കെ നിരത്തിയിട്ടുണ്ട്. തിരുത്തുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ അറിയാവുന്നതും ആ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ക്ക് തന്നെയാണ് താനും. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ലെന്നതിന്റെ ഫലം കൂടിയാണ് അരുവിക്കര. അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തേ മതിയാകൂ. അതിന് പകരം വോട്ടര്‍മാര്‍ പ്രലോഭനത്തിന് വഴങ്ങി, മദ്യവും പണവും വാങ്ങി വോട്ട് ചെയ്തു, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് യു ഡി എഫ് ജയിച്ചത് (ഇതൊക്കെ നടന്നിട്ടുണ്ടാകാം) എന്നൊക്കെ ജനത്തോട് പറയാന്‍ ശ്രമിച്ചാല്‍, സ്വന്തം പിഴകളെ മൂടിവെക്കുന്ന പതിവ് തുടരുന്ന നേതൃത്വമായി മാത്രമേ കാണാനാകൂ.
ഇക്കാണായ ആരോപണങ്ങളൊക്കെ നേരിട്ടിട്ടും യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ തകരാത്തത് എന്തുകൊണ്ടെന്ന് പഠിക്കണമെന്ന് ഒട്ടൊരു ആശ്ചര്യത്തോടെ പറയുന്ന കേന്ദ്ര കമ്മിറ്റിയംഗം, സി പി എം ഇതുവരെ നടത്തിയ പരിശോധനകളും പഠനങ്ങളുമൊന്നും ഫലമുണ്ടാക്കിയില്ലെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പോരില്‍ മുഖ്യമായുന്നയിച്ച വിഷയങ്ങളിലൊന്ന് പോലും ഇടത് പക്ഷത്തെ ഏതെങ്കിലും പ്രവര്‍ത്തകന്റെ ശ്രമഫലമായി ജനശ്രദ്ധയിലേക്ക് വന്നതല്ല. ഉദ്ദിഷ്ടകാര്യസിദ്ധിയില്ലാത്തതുകൊണ്ടും കാര്യസിദ്ധിക്കായുള്ള ശ്രമത്തിനിടെ വീണുപോയപ്പോള്‍ അത്രനാളും ഒപ്പം നിന്നവര്‍ കൈപിടിക്കാനുണ്ടാകാത്തതിന്റെ വിദ്വേഷം കൊണ്ടും ചിലര്‍ പുറത്തുപറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ആരോപണങ്ങള്‍ ചെറുതാണെന്നോ ഗൗരവമില്ലെന്നോ അല്ല, പക്ഷേ, ആരോപണങ്ങള്‍ക്ക് ബലമേകാന്‍ പാകത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഇടതിന്റെ ശ്രമഫലമായി പുറത്തുവന്നിട്ടുണ്ടോ? ഇതിന് പോലും സാധിക്കാതിരിക്കെ രാഷ്ട്രീയാടിത്തറ ശക്തിപ്പെടുമോ? എതിരാളിയുടെ രാഷ്ട്രീയാടിത്തറയില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കുമോ?
അരുവിക്കരയൊരു ഇടക്കാല പ്രതിഭാസമാകാം. വര്‍ധിതവീര്യത്തോടെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പുതിയ ആക്ഷേപങ്ങള്‍ക്ക് വഴിതുറക്കുമെന്നും, ഇതുവരെയുള്ള രീതിവെച്ച്, ന്യായമായും പ്രതീക്ഷിക്കണം. വിരുദ്ധവികാരം ഏകോപിപ്പിക്കാനുള്ള ശേഷിയെങ്കിലും തിരിച്ചെടുത്തില്ലെങ്കില്‍, അതിന് പാകത്തില്‍ ജനങ്ങളോട് സംസാരിച്ചില്ലെങ്കില്‍, ഭരണത്തുടര്‍ച്ചയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രവചനം ഫലിക്കും. അവിടുന്നങ്ങോട്ട് രണ്ടാം സ്ഥാനം കിട്ടാത്തതിലുള്ള നിരാശ രാജഗോപാലന്‍മാര്‍ക്ക് പങ്കുവെക്കേണ്ടിവരില്ല. എതിരാളികളുടെ രാഷ്ട്രീയാടിത്തറയെക്കുറിച്ച് പിന്നീട് കുണ്ഠിതപ്പെടേണ്ടിയും വരില്ല.