ചട്ടങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാവിന് കോളജ് തുടങ്ങാന്‍ അനുമതി

Posted on: July 2, 2015 5:41 am | Last updated: July 1, 2015 at 11:42 pm

കോട്ടയം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാവിന് എം ജി യൂനിവേഴ്‌സിറ്റി യുടെ കീഴില്‍ സ്വാശ്രയകോളജ് തുടങ്ങാന്‍ അനുമതി നല്‍കിയത് വിവാദത്തില്‍. സ്വകാര്യവ്യക്തിയുടെ വാടകക്കെട്ടിടത്തില്‍ സ്വാശ്രയ കോളജ് അനുവദിച്ചാണ് വൈസ് ചാന്‍സലറുടെ ഉത്തരവിറക്കിയിരിക്കുന്നത്. മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ എം ജി മുന്‍ വൈസ് ചാന്‍സലര്‍ സ്ഥാനം നഷ്ടപ്പെട്ട ഡോ. എ വി ജോര്‍ജിനെതിരെയും ഓഫ് ക്യാമ്പസ് സെന്ററുകള്‍ക്കെതിരെയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവിന്റെ അപേക്ഷയിലാണ് വൈസ് ചാന്‍സലര്‍ നിയമവും ചട്ടവും മറികടന്ന് കോളജ് തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
‘എം ജി യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കവിയൂര്‍’ എന്ന് പേരിടണമെന്ന അപേക്ഷക്കും അംഗീകാരം ലഭിച്ചതായാണ് വിവരം. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റും പത്തനംതിട്ട ഡി സി സി അംഗവുമായ ടി കെ സജീവ് ജൂണ്‍ മാസത്തിലാണ് കോളജിന് പ്രവര്‍ത്തനാനുമതി തേടി വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. തിരുവല്ല താലൂക്കില്‍ കവിയൂര്‍ പഞ്ചായത്തിലെ പുന്നലത്ത് എം പി ജോര്‍ജുകുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകള്‍ വാടകക്കെടുത്ത് നല്‍കാമെന്നും അവിടെ സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ കോളജ് ആരംഭിക്കണമെന്നുമായിരുന്നു അപേക്ഷ. ഇത് പരിഗണിക്കേണ്ടത് സിന്‍ഡിക്കേറ്റായിരുന്നുവെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ച് വിസി കോളജ് തുടങ്ങാന്‍ ഉത്തരവിറക്കുകയായിരുന്നു.
കോളജ് അനുവദിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രാഥമിക നടപടിക്രമങ്ങള്‍പ്പോലും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപവുമുണ്ട്. അനുവദിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട വിദഗ്ധന്‍ കോളേജ് പ്രവര്‍ത്തിക്കുന്ന സ്ഥലം പരിശോധിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് യൂനിവേഴ്‌സിറ്റി നിയമം. എന്നാല്‍, കവിയൂരില്‍ അനുവദിക്കുന്ന കോളജിനായി പൊളിറ്റിക്‌സ് അധ്യാപകനായ സിന്‍ഡിക്കേറ്റ് അംഗമാണ് പരിശോധന നടത്തിയത്.
ഇദ്ദേഹം ബി കോം ടാക്‌സേഷന്‍ ആന്‍ഡ് ഫിനാന്‍സ്, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബി എ ഇക്കണോമിക്‌സ്, എം കോം എന്നീ കോഴ്‌സുകള്‍ അനുവദിക്കാമെന്ന് റിപ്പോര്‍ട്ടും നല്‍കി. ജൂണ്‍ 24ന് കോളജ് അനുവദിച്ച്് ഉത്തരവിറക്കുകയായിരുന്നു. ഭരണതലത്തിലെ ഉന്നതരുടെ സ്വാധീനത്തിനു വഴങ്ങിയാണ് കോളജ് അനുവദിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.