കണ്ണൂരിലെ കോളനികളില്‍ രൂപേഷിനെയെത്തിച്ച് തെളിവെടുത്തു

Posted on: July 1, 2015 8:42 pm | Last updated: July 1, 2015 at 11:42 pm
SHARE

കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷുമായി പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി കോളനിയിലും ചെറുപുഴ കാനംവയലിലും പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ എട്ടോടെ തളിപ്പറമ്പ് ഡി വൈ എസ് പി. എ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കനത്ത സുരക്ഷയിലാണ് രൂപേഷിനെ തെളിവെടുപ്പിനായെത്തിച്ചത്. കാഞ്ഞിരക്കൊല്ലി ചിറ്റാരിക്കോളനിയില്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് തെളിവെടുപ്പ് നടത്തിയത്. സായുധ പോലിസ് ഉള്‍പ്പടെ നൂറോളം പോലിസുകാരുടെ അകമ്പടിയോടെ കൈയാമം വച്ചാണ് രൂപേഷിനെ ഇവിടേക്ക് കൊണ്ടുവന്നത്. ചിറ്റാരിക്കോളനിയില്‍ ലഘുലേഘ വിതരണം ചെയ്തത്്് രൂപേഷാണെന്ന് കോളനി വാസികള്‍ തിരിച്ചറിഞ്ഞു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക്്് വര്‍ധിച്ച വീര്യത്തോടെയാണ് രൂപേഷ് മറുപടി പറഞ്ഞത്. രാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാനാണ് തങ്ങള്‍ ഇവിടെ വന്നതെന്ന് രൂപേഷ് പറഞ്ഞു. മുദ്രാവാക്യം വിളിയോടെയാണ് രൂപേഷ് ജനക്കൂട്ടത്തിനു മുമ്പിലെത്തിയത്. പിന്നീട് ഇയാളെ ചെറുപുഴയിലേക്ക് കൊണ്ടുപോയി. രൂപേഷ് അടക്കമുള്ള മാവോയിസ്റ്റ് സംഘത്തെ ആദ്യമായി കാണുന്നത് പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാനംവയലിനു സമീപത്തായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇന്ന് രാവിലെ 11ന് തിരികെ കോടതിയില്‍ ഹാജരാക്കും.