Connect with us

Palakkad

വളചെടികള്‍ നെല്ലറയില്‍ വീണ്ടും ഇടം നേടുന്നു

Published

|

Last Updated

ആലത്തൂര്‍: നെല്ലിന്റെ ഉത്പാദന മികവിനും രാസവളത്തിന്റെ ഉപയോഗം കുറക്കുന്നതിനും സഹായകമാവുന്ന വളചെടികള്‍ക്ക് കര്‍ഷകര്‍ക്കിടയില്‍ വീണ്ടും പ്രിയം നേടുന്നു. പൊടിവിത പാളിയ കര്‍ഷകര്‍ക്ക് ഇക്കുറി നടീല്‍ നടത്തേണ്ട അവസ്ഥയാണ്. ഇതു തന്നെയാണ് ഡെയ്ഞ്ച എന്നറിയപ്പെടുന്ന വളചെടികളുടെ ഉപയോഗം ഇക്കുറി വ്യാപകമാകുന്നതിനും വഴിയൊരുക്കിയത്.
ഒന്നാംവിളക്ക് മുന്നോടിയായി കര്‍ഷകര്‍ ആദ്യകാലങ്ങളില്‍ ഡെയ്ഞ്ച വ്യാപകമായി ഇറക്കുമായിരുന്നു. കൃഷി രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്നാണ് ഇവയുടെ ഉപയോഗം കുറഞ്ഞത്. ആദ്യമഴക്കു പൂട്ടിയിടുന്ന പാടശേഖരങ്ങളില്‍ വിതക്കുന്ന ഡൈഞ്ച നടീല്‍ പണികള്‍ക്ക് മുമ്പായി ആവശ്യമായ പാകമെത്തും. ചെറിയ ഈര്‍പ്പത്തില്‍ തന്നെ ഇവ വളരുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ സൗകര്യവുമായിരുന്നു. സാധാരണയായി നാലടിയോളം ഉയരമെത്തുമ്പോഴേക്കും ഇതു പാടശേഖരങ്ങളില്‍ ഉഴുതുമറിക്കാനായാല്‍ മികച്ച നെല്ലുല്‍പാദനത്തിനു ഏറെ സഹായകമായിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു.
രാസവളങ്ങളുടെ ഉപയോഗം നെല്‍കൃഷിയില്‍ നിന്നും ഗണ്യമായി കുറയ്ക്കാനും കഴിയുമായിരുന്നു. നിലവില്‍ വലിയ വില നല്‍കി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു ഡെയ്ഞ്ച വിത്ത് ശേഖരിക്കേണ്ട അവസ്ഥയാണ് നിലവില്‍. ഇത് കൃഷിഭവന്‍ മുഖേന ലഭ്യമാക്കിയാല്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് സമിതി സെക്രട്ടറിമാര്‍ ചൂണ്ടികാട്ടുന്നു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഇത്തവണ ഡെയ്ഞ്ചയുടെ ഹരിതശോഭ പ്രകടമാണ്. അതുകൊണ്ടു തന്നെ ഒന്നാം വിളക്ക് ഞാറ്റടി തയാറാക്കിയ പാടശേഖരങ്ങള്‍ക്ക് ഇത്തവണ വേറിട്ട കാഴ്ചയാണ് നല്‍കുന്ന്.