മൂലത്തറ റെഗുലേറ്റര്‍; പുനര്‍ നിര്‍മാണത്തിന് ലോക ബേങ്കിന്റെ സഹായം

Posted on: July 1, 2015 11:59 am | Last updated: July 1, 2015 at 11:59 am

_THSHK_MOOLATHARA__1065314f
ചിറ്റൂര്‍: മൂലത്തറ റെഗുലേറ്റര്‍ പുനര്‍നിര്‍മാണത്തിന് ലോകബാങ്കിന്റെ സഹായം. ഇതിനായുള്ള 52 കോടിയുടെ എസ്റ്റിമേറ്റും പ്ലാനും ലോകബാങ്ക് അംഗീകരിച്ചു. ഇനി സര്‍ക്കാരിന്റെ അനുമതിയും സാങ്കേതികാനുമതിയും കിട്ടിയാല്‍ നിര്‍മാണം ആരംഭിക്കും.
2009ല്‍ കോണ്ടൂര്‍ കനാല്‍ പൊട്ടിവന്ന വെള്ളപ്പാച്ചിലിലാണ് റെഗുലേറ്റര്‍ തകര്‍ന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്നുമാസംകൊണ്ട് കോണ്ടൂര്‍ കനാലിന്റെ പുനര്‍നിര്‍മാണം നടത്തിയിരുന്നു.—എന്നാല്‍, ഏഴുവര്‍ഷം കഴിഞ്ഞപ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ നടപടിക്ക് തയ്യാറായത്.
1993ലെ പ്രളയത്തെത്തുടര്‍ന്ന് മൂലത്തറ റെഗുലേറ്ററിന്റെ ഒറിജിനല്‍ വെന്റ്വേകളുടെ വ്യാപ്തി കുറച്ച് മൂന്നുമീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി കുരിയാര്‍കുറ്റി കാരപ്പാറ ഇറിഗേഷന്‍ ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തി. ഇതുമൂലം ജലപ്രവാഹത്തിന് തടസ്സം നേരിട്ടതും റെഗുലേറ്റര്‍ തകരാന്‍ കാരണമായെന്ന് സാങ്കേതികവിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
അന്ന് 52 ലക്ഷംരൂപ ചെലവിട്ടാണ്ഭിത്തി നിര്‍മിച്ചത്. പ്രളയത്തിനുശേഷം നിര്‍മിച്ച ഭിത്തി പൊളിച്ചുനീക്കും. ഇതിനുപുറമേ, 2009ല്‍ റെഗുലേറ്റര്‍ തകര്‍ന്നപ്പോള്‍ 42 ലക്ഷത്തോളം രൂപമുടക്കി നിര്‍മിച്ച പാര്‍ശ്വഭിത്തികളും നീക്കംചെയ്യും. റെഗുലേറ്ററില്‍ നിലവിലുള്ള ഷട്ടറുകള്‍ക്കുപുറമേ, ആറ് പുതിയ വെന്റ്വേകള്‍കൂടി ഇരുവശത്തും നിര്‍മിക്കും. ഏത് വെള്ളപ്പാച്ചിലിനെയും തടയാനുള്ള രീതിയിലാണ് പുനര്‍നിര്‍മാണം നടത്തുക. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ കുടിവെള്ളത്തിനും 40,000ത്തോളം ഏക്കര്‍ നെല്‍ക്കൃഷിക്കും വരള്‍ച്ചബാധിത പ്രദേശങ്ങളായ കിഴക്കന്‍മേഖലയില്‍ പച്ചക്കറിക്കൃഷി, തെങ്ങിന്‍തോപ്പ് നനയ്ക്കല്‍, വിവിധ കുടിവെള്ളപദ്ധതി എന്നിവയ്ക്കും മൂലത്തറ വെള്ളമാണ് ആശ്രയം.