Connect with us

Kerala

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

തിരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിനെ അഹങ്കാരികളാക്കിയിരിക്കുന്നുവെന്ന് പി ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. ഭരണപക്ഷ അംഗങ്ങലുടെ ശരീരഭാഷയില്‍ നിന്നും ഇതു വ്യക്തമാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. തെറ്റായ വാര്‍ത്ത വന്നാല്‍ തിരുത്താന്‍ ദൃശ്യമാധ്യമങ്ങള്‍ തയാറാകുന്നില്ല. തിരുത്താനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അരുവിക്കര ജയിച്ചതുകൊണ്ടു മാത്രം എല്ലാം ഭദ്രമെന്ന് സര്‍ക്കാര്‍ പറയില്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നതുകൊണ്ട് സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ പുറത്തുവരാതിരിക്കില്ല. വിജയത്തില്‍ അഹങ്കരിച്ച് അക്രമം നടത്തിയല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും വി എസ് പറഞ്ഞു. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.