ഷംസുദ്ദീന്‍ വധക്കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Posted on: July 1, 2015 11:35 am | Last updated: July 1, 2015 at 11:35 am
SHARE

മഞ്ചേരി: എ ആര്‍ നഗര്‍ ഇരുമ്പുംചോല സ്വദേശി ചെമ്പന്‍ ഷംസുദ്ദീ(30) നെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് പത്തു വര്‍ഷത്തെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കണം.
കൊല്ലപ്പെട്ട ഷംസുദ്ദീന്റെ അമ്മാവന്‍ ഊരകം മേല്‍മുറി പള്ളിത്തൊടി ഉസ്മാ(67)നെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ മരുമകനുമായ വാളക്കുളം കൂരിത്തൊടി ശബീറി(41)ന് 304ാം വകുപ്പനുസരിച്ച് അഞ്ചു വര്‍ഷത്തെ കഠിന തടവ്, അരലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവ്, 341ാം വകുപ്പനുസരിച്ച് ഒരു മാസത്തെ തടവ്, 500 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴു ദിവസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുന്ന പക്ഷം പിഴസംഖ്യ കൊല്ലപ്പെട്ട ഷംസുദ്ദീന്റെ അവകാശികള്‍ക്ക് നല്‍കാനും ജഡ്ജി എന്‍ ഹരികുമാര്‍ വിധിച്ചു. 2008 ഓക്ടോബര്‍ 12 ന് രാവിലെ 9.45ന് കൊളപ്പുറം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് കേസിനാസ്്പദമായ സംഭവം.
സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.