ഇ-സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം

Posted on: July 1, 2015 10:59 am | Last updated: July 1, 2015 at 10:59 am

e serviceകോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പൊതുജനങ്ങളില്‍ എത്തിക്കാനുതകുന്ന മൊബൈല്‍ അപ്ലിക്കേഷനുകള്‍, ഐടി സേവനങ്ങള്‍ എന്നിവ നിര്‍ദേശിക്കാന്‍ അവസരം.
സര്‍ക്കാരുമായുള്ള ജനങ്ങളുടെ ബന്ധം കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കുന്ന ഏത് മേഖലയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളും ആര്‍ക്കും സമര്‍പ്പിക്കാം. ഇവയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച നിര്‍ദ്ദേശങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ നടക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു.
കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം നിലവിലെ ഇ-സേവനങ്ങളെക്കുറിച്ച് പരമാവധി ജനങ്ങളെ ബോധ വത്ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഇന്ത്യക്കകത്തും പുറത്തുമുള്ള ഐ ടി കമ്പനികളുടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും ഐ ടി രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്.
ഒന്നിന് ഡിജിറ്റല്‍ വാരാചരണത്തിന്റെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ലോക്കര്‍ സിസ്റ്റം, വിവിധ ഇ-വിദ്യാഭ്യാസ, ഇ-ആരോഗ്യ പദ്ധതികള്‍ തുടങ്ങിയവയുടെ ഉദ്ഘാടവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ആറിനാണ് കലക്ടറേറ്റില്‍ ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടക്കുക.