Connect with us

Gulf

'പരിഭ്രമമില്ലാതെ വാഹനം ഓടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉറപ്പ്'

Published

|

Last Updated

ദുബൈ: ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെടുന്നതിന് മുഖ്യ കാരണം പരിഭ്രമമാണെന്ന് ആര്‍ ടി എയിലെ ഡ്രൈവിംഗ് ലൈസന്‍സ് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്‍ കരീം നഹ്മത്ത് ചൂണ്ടിക്കാട്ടി. റോഡ് ടെസ്റ്റില്‍ പങ്കെടുക്കുമ്പോള്‍ പരാജയഭീതിയുടെ ആവശ്യമില്ല. ആത്മവിശ്വാസമാണ് പ്രധാനമായും വേണ്ടത്. വാഹനം നിയന്ത്രിക്കാനും കഴിവ് വേണം. ആത്മ വിശ്വാസത്തോടെയല്ല വാഹനം ഓടിക്കുന്നതെങ്കില്‍ ഡ്രൈവിംഗിലെ ശ്രദ്ധപാളും. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. കണ്ണാടിയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കണം.ലൈന്‍ മാറുമ്പോള്‍ ഇത് വളരെ പ്രധാനമാണ്. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണം.
ഡ്രൈവിംഗ് ടെസ്റ്റിന് നിയോഗിക്കപ്പെടുന്ന പരിശോധകര്‍ക്ക് മനഃശാസ്ത്ര പരമായ കാര്യങ്ങള്‍ അറിയാം. അവര്‍ക്കതിന് പരിശീലനം നല്‍കിയിട്ടുണ്ട്. റോഡില്‍ ഡ്രൈവറുടെ സ്വഭാവം വളരെ നിര്‍ണായകമാണ്. സുരക്ഷിതമായാണോ വാഹനം ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. മറ്റുള്ളവരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കണം. ഇത്രയും ഉണ്ടെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ ലഭ്യമാകും.
ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെടുന്നതിന് പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളത്. ഇതില്‍ ഒന്ന് ചുകപ്പ് സിഗ്നല്‍ മറികടക്കുക എന്നതാണ്. മാത്രമല്ല, വാഹനം നിര്‍ത്താന്‍ സൂചികയുള്ള സ്ഥലങ്ങളില്‍ അത് പാലിക്കപ്പെടണം. എങ്ങനെ വാഹനം ഓടിക്കുന്നു എന്നു മാത്രമല്ല, എവിടെയൊക്കെ വാഹനം നിര്‍ത്തണമെന്നും വാഹനം ഓടിക്കുന്നയാള്‍ അറിഞ്ഞിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയാലും ഇതൊക്കെ നിര്‍ബന്ധമാണ്. യല്ലോ ബോക്‌സില്‍ കടക്കുക, റൗണ്ട് അബൗട്ടില്‍ നിന്ന് വാഹനങ്ങള്‍ പൂര്‍ണമായും ഒഴിഞ്ഞുപോയതിന് ശേഷം മുന്നോട്ട് പോവുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. 16 പരിശോധനയില്‍ ചുരുങ്ങിയത് 12 ഇനത്തില്‍ വിജയിക്കണം. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. ഒരേ തെറ്റ് പല തവണ ആവര്‍ത്തിക്കരുത്. പ്രതിദിനം 1,800 പേര്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാറുണ്ട്. ഇതില്‍ 35 ശതമാനം പേര്‍ വിജയിക്കുന്നുണ്ടെന്നും മുഹമ്മദ് അബ്ദുല്‍ കരീം നഹ്മത്ത് പറഞ്ഞു.

 

Latest