Connect with us

National

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയലളിതക്ക് വന്‍ വിജയം

Published

|

Last Updated

ചെന്നൈ: എ ഐ എ ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1,51,252 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത സിപിഎെ സ്ഥാനാര്‍ഥി സി മഹേന്ദ്രനെ ജയലളിത പരാജയപ്പെടുത്തിയത്. 9690 വോട്ടുകള്‍ മാത്രമാണ് മഹേന്ദ്രന് നേടാനായത്. മറ്റു സ്ഥാനാര്‍ഥികള്‍ക്കെല്ലാം കെട്ടിവെച്ച കാശ് നഷ്ടമായി. 74.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ ആര്‍.കെ നഗറില്‍ ജയലളിതക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ വോട്ടിങ് 2011ലായിരുന്നു. അന്ന് 72.70 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു .
28 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വടക്കന്‍ ചെന്നൈയിലെ തൊണ്ടയാര്‍ പേട്ട്, കൊറുക്കു പേട്ട്, ഓള്‍ഡ് വാഷര്‍മെന്‍ പേട്ട്, ന്യൂ വാഷര്‍മെന്‍ പേട്ട്, റോയപുരത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആര്‍ കെ നഗര്‍. ഇവിടങ്ങളിലെല്ലാം ഭേദപ്പെട്ട വോട്ടിങ് രേഖപ്പെടുത്തി. ഡി എം കെ, ഡി എം ഡി കെ, കോണ്‍ഗ്രസ്, എം ഡി എം കെ, ബി ജെ പി, പി എം കെ എന്നിവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഇവര്‍ക്കെല്ലാം കൂടി 50,000 വോട്ടുണ്ടെന്നാണ് കണക്ക്.

അനധികൃത സ്വത്ത് സമ്പാദന കേസിനെത്തുടര്‍ന്ന് എം എല്‍ എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും രാജിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജയലളിതക്ക് വീണ്ടും തിരെഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇരു സ്ഥാനങ്ങളും ജയലളിതക്ക് നഷ്ടമാകുകയായിരുന്നു. എന്നാല്‍ പിന്നീട് കര്‍ണാടക ഹെെക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.

ജയില്‍ മോചിതയായ ജയലളിതക്ക് ജനവിധി തേടുന്നതിന് വേണ്ടി ആര്‍ കെ നഗറിലെ എ ഐ എ ഡി എം കെ ജനപ്രതിനിധിയായിരുന്ന പി വെത്രിവേല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജയില്‍ മോചിതയായതിനു ശേഷം മുഖ്യമന്ത്രിയായെങ്കിലും തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ വീണ്ടും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു.

Latest