നഗരങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍

Posted on: June 29, 2015 4:55 pm | Last updated: June 29, 2015 at 4:55 pm

SIRAJ.......നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബൃഹത്തായ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതി, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത് പദ്ധതി) എന്നിവക്കാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. അതില്‍ ഏറ്റവും പ്രാധാന്യപൂര്‍വം അവതരിപ്പിക്കപ്പെട്ട പദ്ധതി സ്മാര്‍ട്ട് സിറ്റി തന്നെയാണ്. പദ്ധതിയില്‍ ഇടം നേടാനുള്ള മത്സരത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ വരിക യു പിയിലും തമിഴ്‌നാട്ടിലുമായിരിക്കും. മൂന്ന് വര്‍ഷം കൊണ്ട് 100 സ്മാര്‍ട്ട് സിറ്റികളാണ് വരാന്‍ പോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെയും ഐ ടി അധിഷ്ഠിത സംവിധാനങ്ങളുടെയും പിന്‍ബലത്തോടെ ഉയര്‍ന്ന ജീവിത നിലവാരമുള്ളതും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ നഗരങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. തടസ്സമില്ലാത്ത ജല, വൈദ്യുതി വിതരണം, ഖര മാലിന്യ സംസ്‌കരണത്തിന് അത്യാധുനിക സംവിധാനം, ഉയര്‍ന്ന നിലവാരമുള്ള സാനിറ്റേഷന്‍ സൗകര്യങ്ങള്‍, കാര്യക്ഷമമായ പൊതു വാഹന സംവിധാനം, ഐ ടി കണക്ടിവിറ്റി, ഇ ഗവേര്‍ണന്‍സ്, പദ്ധതി നിര്‍വഹണത്തിലെ ജന പങ്കാളിത്തം, കുറ്റമറ്റ സുരക്ഷാ ക്രമസമാധാന പാലന സംവിധാനങ്ങള്‍ എന്നിവ സ്മാര്‍ട്ട് സിറ്റികളുടെ സവിശേഷത ആയിരിക്കും.
പദ്ധതി നടപ്പാക്കുന്ന നഗരങ്ങള്‍ കണ്ടെത്താന്‍ മത്സരം നടത്തും. ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മിഖായേല്‍ ബ്ലൂംബെര്‍ഗിന്റെ മേല്‍നോട്ടത്തിലായിരിക്കും ഈ പ്രക്രിയ നടക്കുക. ഈ വര്‍ഷം ഇരുപത് നഗരങ്ങളാകും തിരഞ്ഞെടുക്കുക. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 40 വീതം. പദ്ധതി നടത്തിപ്പിനായി സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപവത്കരിക്കും. സിറ്റി ചലഞ്ച് മത്സരത്തിന് സംസ്ഥാനങ്ങള്‍ക്ക് നഗരങ്ങള്‍ നിര്‍ദേശിക്കാം. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ പ്രതിവര്‍ഷം 100 കോടി രൂപ ലഭിക്കും. ഇത് അഞ്ച് വര്‍ഷം തുടരും. കേരളത്തില്‍ നിന്ന് ഏഴ് നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊച്ചി എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്.
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചത് നഗരത്തിലെ ജനങ്ങളെ ദാരിദ്ര്യത്തിന് വിട്ടുകൊടുക്കില്ല എന്നാണ്. എന്ന് വെച്ചാല്‍ നഗരജീവിതത്തില്‍ സമൂലമായ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് തന്നെ. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഈ പ്രസംഗം പുലരുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അമേരിക്കന്‍ ഏജന്‍സികളുടെ നിയന്ത്രണത്തില്‍ അമേരിക്കന്‍ മാതൃകയിലാണ് സ്മാര്‍ട്ട് സിറ്റികള്‍ വരാന്‍ പോകുന്നത്. അതാകട്ടെ നഗരത്തെ വാണിജ്യ കേന്ദ്രമായാണ് കാണുന്നത്. നഗരവികസനത്തിലെ പ്രധാന പങ്കാളികള്‍ വാണിജ്യ പ്രമുഖരും വ്യവസായികളുമാണ്. ഇവര്‍ ലാഭാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായി മാത്രമായിരിക്കും നഗരങ്ങളെ കാണുക. അവിടെ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ഇടം ഉണ്ടായിക്കൊള്ളണമെന്നില്ല. ഉയര്‍ന്ന വാടക നല്‍കി സ്‌പേസ് തരപ്പെടുത്തുന്നവര്‍ക്കായിരിക്കും അവിടെ സ്ഥാനമുള്ളത്. മാത്രമല്ല, സ്മാര്‍ട്ട് സിറ്റികളില്‍ കൈമാറ്റം ചെയ്യപ്പെടുക അതിസമ്പന്നര്‍ക്കുള്ള വസ്തുക്കളും സേവനങ്ങളും ആയിരിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സവിശേഷതയോടെ, ഇപ്പോഴുള്ള നഗര ജനസംഖ്യാ ഘടനയിലുള്ള വികസനമായിരിക്കില്ല സ്മാര്‍ട്ട് സിറ്റികളില്‍ നടക്കുക. പകരം തികച്ചും പുതിയ നഗരങ്ങള്‍ ഉദയം ചെയ്യും. അവിടെ നിലനില്‍ക്കാന്‍ യോഗ്യരായ ജനങ്ങള്‍ മാത്രം അവശേഷിക്കും. ബാക്കിയുള്ളവര്‍ പുറന്തള്ളപ്പെടും.
ഇന്ത്യന്‍ നഗരങ്ങള്‍ ഗ്രാമങ്ങളുടെ തുടര്‍ച്ച തന്നെയാണ്. കാര്‍ഷിക തകര്‍ച്ചയും ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും നിസ്വരാക്കി മാറ്റിയവരാണ് നഗരങ്ങളിലേക്ക് ഒഴുകുന്നത്. അവര്‍ നഗങ്ങളിലേക്ക് ഉപജീവനത്തിനായി വന്നുകൊണ്ടേയിരിക്കുന്നു. നഗരത്തിന്റെ സുഖസൗകര്യങ്ങളൊന്നും അവര്‍ക്ക് പ്രാപ്യമല്ലെങ്കിലും നഗരത്തിന്റെ ഓരങ്ങളില്‍ അവരും ഇടം കണ്ടെത്തുന്നു. ചേരികള്‍ എന്ന് വിളിക്കപ്പെടുന്നത് ഇത്തരം വാസസ്ഥലങ്ങളാണ്. ഇടത്തരക്കാരുടെ നിലം അല്‍പ്പം മുകളിലാണെങ്കിലും അവരുടെയും നില ഉന്നതരെ വെച്ച് നോക്കുമ്പോള്‍ പരിതാപകരമാണ്. നഗരങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍ ഈ മനുഷ്യരുടെ ജീവിതത്തിന് എന്താണ് സംഭവിക്കുക? ശതകോടികള്‍ നഗരങ്ങളില്‍ ഇടിച്ച് തള്ളുമ്പോള്‍ ആര്‍ക്കാണ് ഗുണം ലഭിക്കാന്‍ പോകുന്നത്? പുറത്ത് നിന്നുള്ളവരുടെ ആസൂത്രണത്തില്‍ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ നമ്മുടെ സിവിശേഷമായ സാഹചര്യങ്ങള്‍ പരിഗണിക്കപ്പെടുമോ? പദ്ധതിയില്‍ കണ്ണുവെച്ച് നില്‍ക്കുന്ന വിദേശ രാജ്യങ്ങള്‍ വരുന്നത് ലാഭേച്ഛയോടെ മാത്രമായിരിക്കില്ലേ? എത്രമാത്രം പൊതു നിയന്ത്രണത്തിന് സാധ്യതയുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ നക്ഷത്ര പദ്ധതി ഉയര്‍ത്തുന്നത്. സത്യത്തില്‍ ഇന്ത്യന്‍ നഗങ്ങളുടെ നവീകരണം സാധ്യമാകണമെങ്കില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കണം. നഗരത്തിന് മേലുള്ള അമിത സമ്മര്‍ദം കുറക്കേണ്ടത് അങ്ങനെയാണ്. വിശാലമായ കാഴ്ചപ്പാടോടെ, നമ്മുടെ സാധ്യതകളും പരിമിതികളും ഉള്‍ക്കൊണ്ട്, നമ്മുടേതായ ഒരു നഗരവികസന നയമാണ് വേണ്ടത്.