പാപ മുക്തിയുടെ പത്തിലൂടെ

Posted on: June 29, 2015 4:48 pm | Last updated: June 29, 2015 at 4:48 pm

RAMZAN

മൂസാ നബി (അ)യുടെ കാലഘട്ടത്തില്‍ ശക്തമായ വരള്‍ച്ച ബാധിച്ച ഒരു ഘട്ടം. മഴ കിട്ടാതെ മനുഷ്യരും ജീവ ജാലങ്ങളും വല്ലാതെ വിഷമിച്ചു. പ്രശ്‌ന പരിഹാരത്തിനായി മൂസാ നബി (അ) എല്ലാവരോടും വിശാലമായ ഒരു മൈതാനിയില്‍ ഒരുമിച്ചു കൂടാന്‍ ആവശ്യപ്പെട്ടു. നിശ്ചിത സ്ഥലത്ത് ഒരു ദിവസം എല്ലാവരും സമ്മേളിച്ചു. മൂസാ നബി (അ)യുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടി അല്ലാഹുവിനോട് കൂട്ടമായി പ്രാര്‍ഥന നടത്തി. എല്ലാവരും മനമുരുകി ആമീന്‍ പറഞ്ഞു. പ്രാര്‍ഥന അവസാനിച്ച ഉടനെ മൂസാ നബിയുടെ അടുത്തേക്ക് ജിബ്്‌രീല്‍ (അ) പ്രത്യക്ഷപ്പെടുന്നു. ‘മൂസാ നബിയേ അങ്ങ് എത്ര പ്രാര്‍ഥിച്ചിട്ടും പ്രയോജനമില്ല. ഉത്തരം ലഭിക്കില്ല. കാരണം ഈ ജനക്കൂട്ടത്തിനിടയില്‍ ധിക്കാരിയായ ഒരാളുണ്ട്. 40 വര്‍ഷമായി അല്ലാഹുവിനെ ധിക്കരിച്ച് തെറ്റില്‍ മുഴുകി കഴിയുന്ന ഒരാള്‍. ഈ വന്‍ദോഷി സദസ്സിലുള്ള കാലത്തോളം ദുആക്ക് ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല.” ഈ സന്ദേശം കേട്ടതും മൂസാ നബി (അ) രോഷാകുലനായി സദസ്സിലേക്ക് ഇറങ്ങിച്ചെന്നു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ”40 വര്‍ഷമായി അല്ലാഹുവിനെ ധിക്കരിച്ച് നടക്കുന്ന ഒരു ധിക്കാരി ഇവിടെയുണ്ട്. ഉടന്‍ ഇവിടുന്ന് ഇറങ്ങിപ്പോകണം. ജനങ്ങളെ രക്ഷപ്പെടുത്തണം.” ഇത് കേട്ട് സദസ്സ് ആകെ സ്തംഭിച്ചു. പരസ്പരം നോക്കി. ആരാണാവോ ഈ കടുത്ത ധിക്കാരി ? എല്ലാ മുഖങ്ങളിലും സങ്കടവും നിരാശയും നിറഞ്ഞ് നില്‍ക്കുന്നു. റബ്ബിന്റെ അനുഗ്രഹ കവാടങ്ങള്‍ നമുക്ക് തുറക്കപ്പെടുകയില്ലേ? ആകെ നിസ്സംഗത. മൂസാ നബി (അ) വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. പക്ഷേ, ആരും പുറത്ത് പോവുന്നത് കാണുന്നില്ല. എന്തു ചെയ്യും ഒന്ന് കൂടി പ്രാര്‍ഥിക്കാം. മൂസാ നബി (അ) വീണ്ടും പ്രാര്‍ഥന തുടങ്ങി. ജനങ്ങളെല്ലാം അതില്‍ പങ്കു കൊണ്ടു. പെട്ടെന്ന് അതാ അന്തരീക്ഷം ആകെ ഇരുളടഞ്ഞു. ശക്തമായ കാര്‍ മേഘം ഇരുണ്ടു മൂടി. തണുത്ത കാറ്റ്, ഒരു നല്ല മഴക്കുള്ള സര്‍വ സാധ്യതകളും. പ്രാര്‍ഥനക്കുത്തരം ലഭിച്ച പ്രതീതി. പക്ഷെ, എല്ലാവര്‍ക്കും സംശയം. മൂസാ നബിക്ക് തെറ്റു പറ്റിയോ? ഒരു ധിക്കാരിയും പുറത്തു പോയിട്ടില്ലല്ലോ? മൂസാ നബി (അ) സദസ്സിലേക്ക് നോക്കി ചുറ്റും നടന്നു. അതാ സദസ്സിനിടയില്‍ ഒരാള്‍ തല താഴ്ത്തി തേങ്ങി തേങ്ങി കരഞ്ഞു പ്രാര്‍ഥിക്കുന്നു. ”കാരുണ്യവാനായ റബ്ബേ, 40 വര്‍ഷത്തിലേറെയായ് നിന്നെ മറന്നു ജീവിച്ച ആ ധിക്കാരി ഞാന്‍ തന്നെയാണ്. ഈ ജനക്കൂട്ടത്തിനിടയില്‍ നീ എന്നെ വഷളാക്കരുതേ. എന്റെ ദോഷങ്ങള്‍ നീ മാപ്പാക്കണേ.” അയാള്‍ മനംനൊന്ത് പ്രാര്‍ഥിക്കുകയാണ്. തൗബ ചെയ്യുകയാണ്. അയാളുടെ ആത്മാര്‍ഥമായ കുറ്റ സമ്മതം, ഖേദ പ്രകടനം റബ്ബ് അംഗീകരിച്ചു. തൗബ സ്വീകരിച്ചു. അതോടെ ശക്തമായ മഴ തുടങ്ങി. ആ രാജ്യം മുഴുവന്‍ വമ്പിച്ചൊരു പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടു. അയാള്‍ മാത്രമല്ല ആ നാട്ടുകാര്‍ മുഴുവന്‍ രക്ഷപ്പെട്ടു. ആത്മാര്‍ഥമായ തൗബയുടെ ഫലമായി പാപ മുക്തനായി, പരിശുദ്ധനായി മാറിയ കാരണത്താല്‍ ആ നാട്ടുകാര്‍ക്ക് റബ്ബിന്റെ മഹത്തായ അനുഗ്രഹ വര്‍ഷം ലഭ്യമായി. ചിലരുടെ തെറ്റുകള്‍ കാരണം സമൂഹം ഒന്നടങ്കം ശിക്ഷിക്കപ്പെട്ടേക്കാം. ചിലര്‍ ചെയ്യുന്ന നന്മകള്‍ പൊതുവായ അനുഗ്രഹങ്ങള്‍ക്ക് ഹേതുവായി തീര്‍ന്നേക്കാം. എത്ര വലിയ കുറ്റവാളിയുടേയും ആത്മാര്‍ത്ഥമായ പാശ്ചാത്താപം – തൗബ അല്ലാഹു സ്വീകരിക്കാതിരിക്കില്ല.
ഇത് റമസാന്‍ രണ്ടാമത്തെ പത്ത്. ഈ 240 മണിക്കൂര്‍ പാപമോചനത്തിന്റെ രാപ്പകലുകളാണ്. വിശുദ്ധ റമസാനില്‍ അല്ലാഹു പ്രത്യേകം ഓഫര്‍ ചെയ്ത ദിന രാത്രികള്‍. ചെയ്തു പോയ തെറ്റുകള്‍ ഓര്‍ത്ത് ഖേദിക്കുക. കുറ്റങ്ങളില്‍ പൂര്‍ണമായും ഒഴിവാകുക. ഭാവിയില്‍ തെറ്റു ചെയ്യുകയില്ലെന്ന് ദൃഢ പ്രതിജ്ഞ ചെയ്യുക. നിര്‍ബന്ധ നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങി അല്ലാഹുവുമായും ജനങ്ങളുമായുമുള്ള ഇടപാടുകള്‍ തീര്‍ക്കുക. തൗബ സ്വീകരിക്കപ്പെടാനാവശ്യമായ നിര്‍ബന്ധ നിബന്ധനകളാണിത്. ഈ പാശ്ചാത്തലത്തിലായിരിക്കണം ‘അല്ലാഹുമ്മഖ്ഫിര്‍ലീ ദുനൂബീ….’ എന്ന മോചനത്തിന് വേണ്ടിയുള്ള നമ്മുടെ തേട്ടം. നബി (സ) തങ്ങള്‍ പറയുന്നു. ‘ആത്മാര്‍ഥമായി തൗബ ചെയ്ത് മടങ്ങിയവന്‍ ഒരു തെറ്റും ചെയ്യാത്ത നിര്‍ദോഷിയെ പോലെയാകുന്നു.’ അല്ലാഹു പറയുന്നു. ‘റബ്ബിന്റെ കാരുണ്യത്തെ തൊട്ട് നിങ്ങളൊരിക്കലും നിരാശരാകരുത്’ (വി.ഖു). ജനങ്ങളോട് പൊറുക്കാനും പൊറുപ്പിക്കാനും നാം വിശാല മനസ്‌കത കാണിക്കുക. അല്ലാഹു ചോദിക്കുന്നു. ‘റബ്ബ് നിങ്ങള്‍ക്ക് പൊറുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ജനങ്ങളോട് പൊറുക്കുക.'(വി.ഖു)