Connect with us

Articles

അമേരിക്കന്‍ ആകാശത്തെ വംശീയ പതാകകള്‍

Published

|

Last Updated

കറുത്തവര്‍ഗക്കാരനെ പ്രസിഡന്റാക്കാന്‍ സന്‍മനസ്സ് കാണിച്ചപ്പോള്‍ അമേരിക്കയിലെ വെളുത്തവര്‍ ഒരു പ്രതിച്ഛായാ നിര്‍മിതിയില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. ഈ വ്യാജ പ്രതിച്ഛായക്ക് നേരെയാണ് റൂഫ് വെടിയുതിര്‍ത്തത്. നോര്‍ത്ത് കരോലിനയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ ഇടം കിട്ടുന്നതും കിട്ടാത്തതുമായ അനേകം സംഭവങ്ങളും അമേരിക്കയെന്ന വംശവിവേചന രാഷ്ട്രത്തെ അടയാളപ്പെടുത്തുകയാണ്. ഇപ്പോള്‍ കറുത്ത മനുഷ്യര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വരാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി കൂടി ബന്ധമുണ്ടെന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും. കറുത്ത പ്രസിഡന്റ് രണ്ട് ഊഴം പൂര്‍ത്തിയാക്കുകയാണ്. എന്തെല്ലാം കുറവുണ്ടെങ്കിലും അസ്സല്‍ മുതലാളിത്തത്തിന് ഇഷ്ടമില്ലാത്ത പല നടപടികളും അദ്ദേഹം കൈകൊണ്ടിട്ടുണ്ട്. ഇത് കറുത്ത വര്‍ഗക്കാര്‍ക്കിടയിലും വെളുത്തവരിലെ തന്നെ ദരിദ്രരിലും വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഈ സ്വാധീനം ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തേക്കാമെന്ന് റിപ്പബ്ലിക്കന്‍മാര്‍ ഭയക്കുന്നു. വംശീയ വികാരം ആളിക്കത്തിച്ച് വേണം ഇത് മറികടക്കാനെന്ന് അവര്‍ കണക്കു കൂട്ടുന്നു.

സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍ ആഫ്രോ- അമേരിക്കന്‍ ചര്‍ച്ചില്‍ നടന്ന ആക്രമണം വംശീയം തന്നെയാണോ എന്ന് അമേരിക്കയില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്. അത് മതവത്കരണത്തിനെതിരായ ആക്രമണമായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ തട്ടിവിടുന്നു. തോക്ക് നിയമം കര്‍ക്കശമാക്കാത്ത കുഴപ്പമാണെന്ന് മറ്റു ചില വിശകലനക്കാരും. ചെറുപ്പത്തിന്റെ വിവരമില്ലായ്മയാണെന്ന് ഇനിയൊരു കൂട്ടര്‍. ചര്‍ച്ചില്‍ ദീര്‍ഘ നേരം “പ്രാര്‍ഥന”യില്‍ മുഴുകുകയും കൃത്യം നടത്താനായി പഴുതു നോക്കി ക്ഷമാപൂര്‍വം നിലയുറപ്പിക്കുകയും ഒന്‍പത് പേരെ വകവരുത്തുകയും ചെയ്ത ഡിലന്‍ റൂഫ് എന്ന വെള്ളക്കാരന്‍ യുവാവിന് പക്ഷേ ഒരു ആശയക്കുഴപ്പവും ഇല്ല. ആ ഇരുപത്തൊന്നുകാരന്‍ കൃത്യമായി പറയുന്നു. കറുത്ത വര്‍ഗക്കാരോടുള്ള അടങ്ങാത്ത പകയാണ് തന്നെ ഇങ്ങനെ ചെയ്യിച്ചത്. അവന്‍ തോക്കു നീട്ടി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുമ്പോള്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങള്‍ ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളുടെ രാജ്യം കീഴടക്കുന്നു. നിങ്ങള്‍ നശിക്കണം” അക്രമി ഇത്രമേല്‍ തുറന്ന് നയം വ്യക്തമാക്കിയിട്ടും വിശകലനക്കാര്‍ക്കും വരാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥികളടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിനും സംശയം തീരുന്നില്ലെങ്കില്‍, അമേരിക്കന്‍ ഉത്കൃഷ്ടതാവാദം ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി ഇടിഞ്ഞു വീഴുന്നതില്‍ അവര്‍ ഒരു പോലെ അസ്വസ്ഥരാണ് എന്നാണ് അര്‍ഥം. ഇവരെല്ലാം വംശീയതയെന്ന യാഥാര്‍ഥ്യം സമ്മതിക്കാന്‍ മടിക്കുന്നു. പ്രസിഡന്റ് ബരാക് ഒബാമ സത്യം സമ്മതിക്കാന്‍ ശ്രമിക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാനസികാവസ്ഥ ഒരു ദിവസം കൊണ്ട് തുടച്ചു നീക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു.

ചരിത്രമറിയുന്ന കൊലയാളി

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും അരങ്ങേറിയ സംഘട്ടനങ്ങളുടെ ചരിത്രമെങ്കിലും ഡിലന്‍ റൂഫിന് അറിയാമെന്ന് വേണം അവന്റെ വാക്കുകളില്‍ നിന്ന് ഊഹിക്കാന്‍. എബ്രഹാം ലിങ്കണ്‍ പ്രസിഡന്റാകുകയും അടിമത്തം അവസാനിപ്പിക്കുന്ന നിയമം കൊണ്ടുവരികയും ചെയ്തപ്പോള്‍ ഇന്ന് ഡിലന്‍ റൂഫ് മരണം വിതച്ച തെക്കന്‍ ഭാഗത്ത് രൂക്ഷമായ ആഭ്യന്തര യുദ്ധം അരങ്ങേറിയിരുന്നു. ഈ പ്രവിശ്യകള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വിട്ടുപോകാനൊരുങ്ങി. കറുത്തവര്‍ഗക്കാരന്റെ സാംസ്‌കാരികമായ ഉണര്‍വിനും ഉയര്‍ന്ന നിലവാരത്തിലുള്ള ആക്ടിവിസത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. പൗര സ്വാതന്ത്ര്യത്തിനുള്ള കറുത്തവന്റെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ നാളുകളാണ് അവ. ഈ മുന്നേറ്റത്തെ ചെറുക്കാനായി വെളുത്തവര്‍ കണ്ടു വെച്ച തന്ത്രമായിരുന്നു വിട്ടു പോകല്‍ ക്യാമ്പയിന്‍. ഇത് രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് വഴിവെച്ചു. ഭരണകൂടവും ഉത്കൃഷ്ടതാവാദികളും ഏറ്റുമുട്ടി. വെളുത്തവരും കറുത്തവരും ഏറ്റമുട്ടി. കറുത്തവരും ഭരണകൂടവും കൊമ്പു കോര്‍ത്തു. ആ കൂട്ടപ്പൊരിച്ചിലിന്റെ ഘട്ടത്തില്‍ വെളുത്തവര്‍ നടത്തിയ ക്രൂരമായ പ്രചാരണമായിരുന്നു തങ്ങളുടെ സ്ത്രീകളെ കറുത്തവര്‍ ബലാത്സംഗം ചെയ്യുന്നുവെന്നത്. അന്ന് യഥാര്‍ഥത്തില്‍ മാനം കവര്‍ന്നെടുക്കപ്പെട്ടത് കറുത്ത സ്ത്രീകളുടേതായിരുന്നു. ഇങ്ങേത്തലക്കല്‍ ഡിലന്‍ റൂഫ് വരെ കറുത്തവനെ നോക്കി ആ പഴയ പല്ലവി ആവര്‍ത്തിക്കുന്നു. നിങ്ങള്‍ ബലാത്സംഗക്കാരാണ്. നാടിന് കൊള്ളാത്തവരാണ്. നാട് നശിപ്പിക്കാന്‍ നടക്കുന്ന സംസ്‌കാര ശൂന്യരാണ്. അമേരിക്ക നിങ്ങളുടേതല്ല. ഈ രാജ്യത്ത് നിങ്ങള്‍ക്ക് ഇടമില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയായാലും ബരാക് ഒബാമയെയാലും ഞങ്ങള്‍ അങ്ങനെയേ കാണൂ എന്ന് റൂഫ് പ്രഖ്യാപിക്കുന്നു. ലോകത്തുടനീളം മനുഷ്യാവകാശ ലംഘനങ്ങള്‍ ഭൂതക്കണ്ണാടി വെച്ച് കണ്ടെത്തുന്ന അമേരിക്കയെ അതിന്റെ ചരിത്രം വേട്ടയാടുന്നുവെന്ന് റൂഫ് ഓര്‍മപ്പെടുത്തുന്നു. ഈ 21കാരനു പോലും നല്ല “ചരിത്ര ബോധ”മുണ്ടെന്നത് അമേരിക്കയുടെ ഭാവിയെ വലിയ തോതില്‍ അപകടത്തിലാക്കുന്നുണ്ട്. പൗരത്വത്തിന്റെ മിനിമം മാന്യത സംരക്ഷിച്ചു കിട്ടാന്‍ വേണ്ടി കറുത്തവന്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന് വിലപിച്ചവരാണ് വെളുത്തവര്‍. ആ ചരിത്രം അപ്പടി ആവര്‍ത്തിക്കുന്നു ഈ നവ യുവാവ്.
തന്റെ ക്രൂര താണ്ഡവത്തിന് ചാള്‍സ്റ്റണിലെ പളളി തന്നെ തിരഞ്ഞെടുത്തത് എന്ത് കൊണ്ടാണ്? അവിടെയും ചരിത്ര ബോധം തുളുമ്പിനില്‍ക്കുന്നു. 1861ല്‍ സ്ഥാപിതമായത് മുതല്‍ ഈ പള്ളി പൗരാവാകാശ പോരാട്ടങ്ങളുടെയും ആശയപ്രചാരണത്തിന്റെയും കേന്ദ്രമായിരുന്നു. അടിമകളുടെ വലിയ മുന്നേറ്റത്തിന് നിമിത്തമായതോടെ ഒരു ഘട്ടത്തില്‍ സമ്പൂര്‍ണമായി അഗ്നിക്കിരയാക്കപ്പെട്ടതിന്റെ ചരിത്രം ഈ ചര്‍ച്ചിനുണ്ട്. അത്‌കൊണ്ട് ഡിലന്‍ റൂഫിന്റെ തിരഞ്ഞെടുപ്പ് വളരെ കൃത്യമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അമേരിക്കന്‍ രാഷ്ട്രീയ ഘടനയില്‍ കറുത്തവന്റെ സ്ഥാനം നൂറ്റാണ്ടുകള്‍ക്ക് പിറകിലാണ്. അടിമത്തം കേവലാര്‍ഥത്തില്‍ അസ്തമിച്ചിട്ടുണ്ടാകാം. പൊതു മണ്ഡലത്തില്‍ നിന്ന് പ്രത്യക്ഷ വംശ വെറി അപ്രത്യക്ഷമായിട്ടുണ്ടാകാം. എന്നാല്‍ ഡിലന്‍ റൂഫിനെപ്പോലുള്ള ചെറുപ്പക്കാരുടെ മനസ്സില്‍ പോലും ഇപ്പോഴും അത് ഉണര്‍ന്നിരിക്കുന്നു. തലമുറ കൈമാറിക്കൈമാറി വംശവെറി ഈ തലമുറയില്‍ എത്തുമ്പോഴും ഒട്ടും തളരാതെ ജ്വലിച്ച് നില്‍ക്കുന്നു.

കോണ്‍ഫെഡറേറ്റ് പതാകകള്‍

അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ അമേരിക്കയിലെ ദക്ഷിണ സംസ്ഥാനങ്ങളില്‍ പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങളിലെല്ലാം കോണ്‍ഫെഡറേറ്റ് പതാകകള്‍ പാറിക്കളിക്കുന്നത്. ഡിലന്‍ റൂഫ് ഇത്തരമൊരു പതാക പൂര്‍ണമായി പെയിന്റ് ചെയ്ത കാറിന്റെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. നക്ഷത്രങ്ങളും ദീര്‍ഘചതുരങ്ങളും കൊണ്ട് അലംകൃതമായ ഈ പതാകകള്‍ക്ക് എന്ത് ചരിത്ര സ്ഥാനമാണ് ഉള്ളത്? 1800കളില്‍ സൗത്ത് കരോലിനയില്‍ നിന്ന് തുടങ്ങുകയും മറ്റ് ദക്ഷിണ സ്റ്റേറ്റുകളിലാകെ വ്യാപിക്കുകയും ചെയ്ത വിഘടനവാദത്തിന്റെ പ്രതീകമാണ് ഈ പതാകയുടെ വിവിധ വകഭേദങ്ങള്‍. കോണ്‍ഫഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെന്ന പേരില്‍ ഈ സ്റ്റേറ്റുകളുടെ കൂട്ടായ്മ ഇത്തരം പതാക ഉപയോഗിച്ചു. ആഭ്യന്തര യുദ്ധം അവസാനിക്കുകയും യു എസ് പുനഃസ്ഥാപിക്കുകയും ചെയ്തപ്പോള്‍ ഈ പതാകകള്‍ മേഖലാപരമായ അഭിമാനത്തിന്റെ ചിഹ്നമായി മാറി. എന്നാല്‍ 1960കളില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ വ്യാപക അക്രമം അഴിച്ചു വിട്ടപ്പോള്‍ ഇതേ പതാക അക്രമോത്സുകതയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടു. ഈ പതാക വീശിയാണ് വെള്ളക്കാരുടെ സായുധ സംഘം തെരുവില്‍ മാര്‍ച്ച് നടത്തിയത്. പിന്നീട് വംശവെറി ഉള്ളില്‍ അടക്കിപ്പിടിച്ചവരും പുറത്ത് പ്രകടിപ്പിക്കുന്നവരും ഈ പതാക വാഹനങ്ങളിലും വീടുകളിലും ഓഫീസുകളിലും മറ്റും പ്രദര്‍ശിപ്പിച്ചു വന്നു. അപ്പോഴും പ്രാദേശിക വികാരത്തിന്റെ പുറത്ത് സ്റ്റേറ്റ് ആസ്ഥാനങ്ങളില്‍ കോണ്‍ഫെഡറേറ്റ് പതാകകള്‍ പാറിക്കളിച്ചു. പക്ഷേ, ആഫ്രോ, അമേരിക്കന്‍ ഗ്രൂപ്പുകള്‍ ഈ പതാകക്കെതിരായ നിയമപരവും ജനകീയവുമായ പ്രചാരണം ശക്തിപ്പെടുത്തി. 1994ല്‍ ഇതുസംബന്ധിച്ച് ഹിതപരിശോധന നടന്നു. ഫലം പതാകാവാദികള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ കറുത്ത വര്‍ഗക്കാരായ രാഷ്ട്രീയ നേതാക്കള്‍ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുമെന്ന് ഭീഷണി മുഴക്കി. വലിയൊരു സംഘര്‍ഷത്തിലേക്ക് സ്റ്റേറ്റ് നീങ്ങുന്നുവെന്ന് വന്നതോടെ 2000ത്തില്‍ സമവായം സാധ്യമായി. സ്റ്റേറ്റ് ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്ന കോണ്‍ഫെഡറേറ്റ് പതാകയുടെ വലിപ്പം ഗണ്യമായി കുറക്കും. അപ്രധാനമായ സ്ഥാനത്തേക്ക് പതാക മാറ്റും. സിവില്‍ വാറിന്റെ സ്മാരകങ്ങളില്‍ മാത്രം വീതിവിസ്താരത്തില്‍ പതാക പറക്കും.
ഡിലന്‍ റൂഫ് വെറുതെയല്ല കോണ്‍ഫെഡറേറ്റ് പതാക പുതക്കുന്നത്. കറുത്ത വര്‍ഗക്കാരന്‍ അന്യനാണെന്ന് പറയാതെ പറയാന്‍ ചരിത്രത്തിന്റെ പിന്‍ബലമുള്ള പ്രതീകം വേറെയില്ല എന്ന് റൂഫിനെപ്പോലുള്ളവര്‍ക്ക് നന്നായി അറിയാം. ഇത്തരം ചിഹ്നങ്ങളാകെ പൊതു ഇടങ്ങളില്‍ നിന്ന് തുടച്ചു നീക്കാനുള്ള തീരുമാനത്തിലാണ് സ്റ്റേറ്റ് ഭരണാധികാരികള്‍ ഇപ്പോള്‍. കോണ്‍ഫെഡറേറ്റ് പതാകകള്‍ മ്യൂസിയത്തിലേക്ക് മാറ്റാന്‍ സമയമായെന്നാണ് സൗത്ത് കരോലിനാ ഗവര്‍ണര്‍ നിക്കി ഹാലെ പറഞ്ഞത്. ഈ ആവശ്യം വോട്ടിനിട്ടപ്പോള്‍ സഭയില്‍ മഹാഭൂരിപക്ഷം പേരും പതാക മാറ്റുന്നതിനെ പിന്തുണച്ചു. മറ്റ് സ്റ്റേറ്റുകളും ഈ വഴിയില്‍ വരുന്നുണ്ട്.

പ്രതിച്ഛായാ നിര്‍മിതികള്‍

പതാക മാറ്റിയത് കൊണ്ട് പ്രശ്‌നം തീരുമോ? വംശവെറിയുടെ പ്രത്യക്ഷ ചിഹ്നങ്ങള്‍ തുടച്ചു നീക്കുന്നത് വൃത്തി കെട്ട അടുക്കളയുള്ള ഭക്ഷണപ്പുരയുടെ പൂമുഖം മോടികൂട്ടുന്നതിന് തുല്യമാണ്. അമേരിക്കയെന്ന ബ്രാന്‍ഡിന് കോട്ടം തട്ടാതിരിക്കാനുള്ള തൊലിപ്പുറമേയുള്ള ചികിത്സ മാത്രമാണ് അത്. മുസ്‌ലിംകള്‍, കറുത്തവര്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരോട് അമേരിക്കന്‍ ജനസാമാന്യം വെച്ചു പുലര്‍ത്തുന്ന അക്രമാസക്ത അസഹിഷ്ണുത അതേപടി തുടരുകയാണ്. കൂടുതല്‍ കൂടുതല്‍ ആക്രമണ മുനകള്‍ തുറന്ന് ലോകത്താകെ അമേരിക്കന്‍ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ഈ അസഹിഷ്ണുത മാരകമായ പ്രഹര ശേഷി കൈവരിക്കുന്നു. പോലീസ് സംവിധാനവും നീതിന്യായ വിഭാഗം പോലും കടുത്ത വംശീയത പ്രകടിപ്പിക്കുന്നുവെന്ന് സമീപ ഭാവിയില്‍ ഇവിടെ അരങ്ങേറിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഫെര്‍ഗ്യൂസനില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്ന ഡാരന്‍ വില്‍സണ്‍ എന്ന വെള്ളപ്പോലീസിനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടത് വലിയ പ്രക്ഷോഭത്തിന് വഴി വെച്ചിരുന്നു. മാന്‍ഹട്ടനില്‍ എറിക് ഗാര്‍ണര്‍ എന്ന അമേരിക്കന്‍- ആഫ്രിക്കന്‍ വംശജനെ ഒരു സംഘം വെളുത്ത പോലീസുകാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. നികുതിയടക്കാത്ത സിഗരറ്റ് കരിഞ്ചന്തയില്‍ വിറ്റുവെന്നതായിരുന്നു ഗാര്‍ണറുടെ കുറ്റം. പേലീസ് കഴുത്തിന് കുത്തിപ്പിടിക്കുമ്പോള്‍, കടുത്ത ആസ്ത്മാ രോഗിയായ ഗാര്‍ണര്‍ “എനിക്ക് ശ്വാസം മുട്ടുന്നു” എന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും പിടിവിട്ടില്ല. ഗാര്‍ണര്‍ തത്ക്ഷണം മരിച്ചു. ഈ കേസിലും പോലീസിനെ വെറുതെ വിട്ടു. ഈ നീതിബോധമല്ലേ ഡിലന്‍ റൂഫുമാരെ സൃഷ്ടിക്കുന്നത്?
കറുത്തവര്‍ഗക്കാരനെ പ്രസിഡന്റാക്കാന്‍ സന്‍മനസ്സ് കാണിച്ചപ്പോള്‍ അമേരിക്കയിലെ വെളുത്തവര്‍ ഒരു പ്രതിച്ഛായാ നിര്‍മിതിയില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. ഈ വ്യാജ പ്രതിച്ഛായക്ക് നേരെയാണ് റൂഫ് വെടിയുതിര്‍ത്തത്. നോര്‍ത്ത് കരോലിനയില്‍ മുസ്‌ലിംവിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ ഇടം കിട്ടുന്നതും കിട്ടാത്തതുമായ അനേകം സംഭവങ്ങളും അമേരിക്കയെന്ന വംശവിവേചന രാഷ്ട്രത്തെ അടയാളപ്പെടുത്തുകയാണ്. ഇപ്പോള്‍ കറുത്ത മനുഷ്യര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വരാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി കൂടി ബന്ധമുണ്ടെന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും. കറുത്ത പ്രസിഡന്റ് രണ്ട് ഊഴം പൂര്‍ത്തിയാക്കുകയാണ്. എന്തെല്ലാം കുറവുണ്ടെങ്കിലും അസ്സല്‍ മുതലാളിത്തത്തിന് ഇഷ്ടമില്ലാത്ത പല നടപടികളും അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. ഇത് കറുത്ത വര്‍ഗക്കാര്‍ക്കിടയിലും വെളുത്തവരിലെ തന്നെ ദരിദ്രരിലും വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഈ സ്വാധീനം ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തേക്കാമെന്ന് റിപ്പബ്ലിക്കന്‍മാര്‍ ഭയക്കുന്നു. അപ്പോള്‍ വംശീയ വികാരം ആളിക്കത്തിച്ച് വേണം ഇത് മറികടക്കാനെന്ന് അവര്‍ കണക്കു കൂട്ടുന്നു.
ഒടുവില്‍ കേട്ടത്: ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ പ്രാര്‍ഥിക്കാന്‍ വന്നവരെല്ലാം തോക്കു കരുതിയിരുന്നെങ്കില്‍ മരണം വരിക്കേണ്ടി വരില്ലായിരുന്നുവെന്ന് യു എസ് റൈഫിള്‍സ് അസോസിയേഷന്‍.
ശരിയാണ്. ആയുധക്കച്ചവടത്തില്‍ നിന്ന് ശതകോടികള്‍ കൊയ്യുന്ന രാഷ്ട്രത്തിന് പറ്റിയ പരിഹാരം. തോക്കെടുത്തവര്‍ തോക്കാല്‍…

musthafalokam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest