ആദ്യ ലഹരി വിരുദ്ധ പരാതിപ്പെട്ടി മങ്കട സ്‌കൂളില്‍

Posted on: June 27, 2015 5:21 am | Last updated: June 27, 2015 at 12:21 pm

മലപ്പുറം: ആദ്യ ലഹരിവിരുദ്ധ പരാതിപ്പെട്ടി മങ്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കിയ ‘തണല്‍ക്കൂട്ട്’ന്റെ ആഭിമുഖ്യത്തില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണ പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ പി കെ സുരേഷിന് പരാതിപ്പെട്ടി കൈമാറി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എം സി വത്സല പെട്ടി ഏറ്റുവാങ്ങി. എക്‌സൈസ് വകുപ്പ് ബവ്‌റിജസ് കോര്‍പ്പറേഷനുമായി സഹകരിച്ച് 2014 ല്‍ തുടങ്ങിയ അഡിക്ടഡ് ടു ലൈഫ്- ‘ജീവിതമാണ് ലഹരി’ ഫെയ്‌സ്ബുക്ക് പേജിലേയ്ക്ക് യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പെട്ടികള്‍ സ്ഥാപിക്കുന്നത്.
ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉറവിടത്തെക്കുറിച്ച് സഹായകമായ വിവരങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് തന്നെ എക്‌സൈസ് വകുപ്പിന് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് 15 മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത ഓരോ സ്‌കൂളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പി ടി എ അംഗങ്ങള്‍ക്കുമെല്ലാം ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍ പേരെഴുതാതെ തന്നെ പെട്ടിയില്‍ നിക്ഷേപിക്കാം. എക്‌സൈസ് വകുപ്പ് പരാതികള്‍ സമാഹരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കും. മങ്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ‘തണല്‍ക്കൂട്ട്’ ജില്ലാ സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി വനിതാ വിഭാഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുജാതാ വര്‍മ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, ജില്ലാ പഞ്ചായത്ത് അംഗം ഇ പാത്തുമ്മക്കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക റഹിമ, ഡോ. അബൂബക്കര്‍ തയ്യില്‍, ജോഷി ജോസഫ്, സലാം പുഴക്കാട്ടിരി, അബൂബക്കര്‍ പെരിന്തല്‍മണ്ണ, തണല്‍ക്കൂട്ട് അനിമേറ്റര്‍മാരായ പി കെ റസീന, കെ. ഹബീബ് റഹ്മാന്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ ചൊല്ലിക്കൊടുത്തു.