Connect with us

Malappuram

കെ എസ് ആര്‍ ടി സി സര്‍വീസ് വെട്ടിക്കുറച്ചു; കൊളത്തൂരില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിത യാത്ര

Published

|

Last Updated

കൊളത്തൂര്‍: കുറുപ്പത്താലിലെ നാഷണല്‍ ഹൈസ്‌കൂള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കൊളത്തൂരില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിത യാത്ര. മുവ്വായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂളിലേതടക്കം വലിയൊരു വിഭാഗം വിദ്യാര്‍ഥികളും ബസുകളെയാണു ആശ്രയിക്കുന്നത്. പരിസരത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ ലൈന്‍ബസില്‍ യാത്ര ചെയ്യുന്നവരാണ്.
സ്‌കൂള്‍ വിടുന്ന സമയത്ത് വന്‍ തിരക്കാണ് കുറുപ്പത്താല്‍ ബസ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. ബസുകളില്‍ കയറിപ്പറ്റാനാവാത്തത് കാരണം വിദ്യാര്‍ഥിനികളടക്കം നിരവധി പേര്‍ അന്തിമയങ്ങുന്നതോടെയാണ് വീടണയാറുള്ളത്. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അവഗണന കാണിക്കുന്നതായും ആക്ഷേപമുണ്ട്. കുട്ടികള്‍ ബസില്‍ കയറികൊണ്ടിരിക്കെ അപകടങ്ങള്‍ വരുത്തും വിധം ബെല്ലടിച്ച് ബസ് മുന്നോട്ടെടുക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. കെ എസ് ആര്‍ ടിസിയില്‍ നിശ്ചിത സംഖ്യ മുന്‍ കൂട്ടിയടച്ച് പാസെടുത്ത് യാത്രചെയ്യാണുള്ള സൗകര്യമുണ്ടങ്കിലും ബസുകള്‍ സര്‍വീസ് വെട്ടിച്ചുരുക്കിയതും വിദ്യാര്‍ഥികള്‍ക്ക് വിനയായി. ഈ റൂട്ടിലൂടെ നടത്തിയിരുന്ന പകുതിയിലധികം സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി നിറുത്തലാക്കിയിട്ടുണ്ട്.
റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം കുറുപ്പത്താല്‍ ടൗണിലേക്ക് ചില ബസുകള്‍ കയറാതിരിക്കുന്നതും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലക്കുന്നുണ്ട്. ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലന്ന പരാതിയുമുണ്ട്. ബസ് വരുന്ന മുറക്ക് സാമര്‍ഥ്യമുള്ള കയറിപ്പറ്റുന്ന അവസ്ഥയാണുള്ളത്. കുട്ടികളെ വരിയായി നിറുത്താനും കുട്ടികള്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാനും അധ്യാപകരുടേയോ പോലീസിന്റേയോ സഹായം മിക്കസമയത്തും ഇവിടെയുണ്ടാവാറില്ല.

Latest