Connect with us

Kerala

പരിസര മലിനീകരണം: പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കും

Published

|

Last Updated

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകത്തക്ക വിധത്തില്‍ പരിസര മലിനീകരണം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ, പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. ജാഗ്രത – സമഗ്ര പകര്‍ച്ചപ്പനി പ്രതിരോധ, ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അന്യസംസ്ഥാനത്തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ഞായറാഴ്ചകളില്‍ പരിശോധനകളും മെഡിക്കല്‍ ക്യാമ്പുകളും നടത്താനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കാലാ അസാര്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത തൃശൂരിലെ മുള്ളൂര്‍ക്കര, എടപ്പാറ കോളനിയിലെ വീടുകളുടെ ചുമരുകള്‍ സിമന്റിട്ട്, രോഗകാരികളായ മണലീച്ചകളുടെ ഉറവിട നശീകരണം നടത്താന്‍ നടപടിയെടുക്കും. സ്റ്റേറ്റ് എന്റമോളജി സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആവശ്യത്തിന് മരുന്നും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കാലാ അസാര്‍ രോഗം കേരളത്തില്‍ ആദ്യമല്ലെന്നും 2006 ല്‍ തൃശൂരിലെ നായാടിക്കോളനിയിലും 2012 ല്‍ പാലക്കാട്ടെ വടക്കാഞ്ചേരിയിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെങ്കിപ്പനി കൂടുതലായി കണ്ടുവരുന്ന കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഡി എം ഒമാരുടെ നേതൃത്വത്തില്‍ നേരിട്ടുള്ള നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മുനിസിപ്പല്‍ – നഗരസഭാ പ്രദേശങ്ങളിലാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി കണ്ടുവരുന്നത്. ഇവിടങ്ങളിലെ, ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുടെ സഹകരണത്തോടെ, ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. എച്ച്1 എന്‍1 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി സൂപ്രണ്ടുമാരുടെ യോഗങ്ങള്‍ വിളിച്ച് ബോധവത്കരണം ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി ഡി എം ഒമാര്‍ക്ക് നിര്‍ദേശം നല്‍കി.
എച്ച്1 എന്‍1 ചികിത്സക്കുള്ള മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്ന വിവരം സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും ലഭ്യമാക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും വൃത്തിയായി സൂക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ആവശ്യമായ അറ്റകുറ്റപ്പണികളും മറ്റും നടത്തി ഇവ ശുചിത്വ പൂര്‍ണമാക്കണം.
ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വൃത്തിയായി സൂക്ഷിക്കുന്ന ആശുപത്രികള്‍ക്ക്, അടുത്ത ഗാന്ധി ജയന്തിദിനത്തില്‍, ക്ലീന്‍ ഹോസ്പിറ്റല്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ ഭാഗമായി നിയമസഭാ മണ്ഡലതലത്തില്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, അടുത്ത മാസം നാലിനും അഞ്ചിനും അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കും. കൊതുക് നശീകരണം ജലസ്രോതസ്സുകളിലെ ക്ലോറിനേഷന്‍, ശുചീകരണം എന്നിവ ഊര്‍ജ്ജിതമാക്കും. തുടര്‍ന്ന് തദ്ദേശസ്ഥാപന തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് നടപടികളെടുക്കും.
ബുധനാഴ്ചകളില്‍ സ്‌കൂള്‍ അസംബ്ലികള്‍ ചേര്‍ന്ന് പരിസര മലിനീകരണത്തിനും തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചവ്യാധി വ്യാപനത്തിനുമെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ദൃഢപ്രതിജ്ഞയെടുക്കും. വ്യാഴാഴ്ചകളില്‍ സ്ഥാപനങ്ങളിലും വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈഡേ ആചരിക്കും.
“സേഫ് കേരള” പദ്ധതിയുടെ ഭാഗമായി ഈ മാസം 29 നും അടുത്ത മാസം ഒന്‍പതിനും, ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍, ഭവന സന്ദര്‍ശനങ്ങള്‍ നടത്തി കൊതുകുകളുടെ ഉറവിട നശീകരണം സംബന്ധിച്ച ബോധവത്കരണം നടത്തും. ജില്ലാതല, ഡിസീസസ് എപ്പിഡെമിക് കണ്‍ട്രോള്‍ സെല്ലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള പകര്‍ച്ചവ്യാധി അവലോകന യോഗം അടുത്ത മാസം ഒന്നിന് ഉച്ചക്ക് 12.30 ന് സെക്രട്ടേറിയറ്റില്‍ ചേരും. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. എസ് ജയശങ്കര്‍, അഡീഷനല്‍ ഡയറക്ടര്‍മാരായ ഡോ. ആര്‍ രമേഷ്, ഡോ. ശ്രീലത, മറ്റ് സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest