എം ഇ എസ് വിമന്‍സ് കോളജില്‍ പര്‍ദക്ക് നിരോധം

Posted on: June 26, 2015 2:51 pm | Last updated: June 26, 2015 at 2:51 pm

കോഴിക്കോട്;വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് എം ഇ എസ് വിമന്‍സ് കോളജില്‍ പര്‍ദ നിരോധിക്കാന്‍ നീക്കം. അടുത്തമാസം ഒന്ന് മുതല്‍ കോളജില്‍ പുതിയ ഡ്രസ് കോഡ് നിലവില്‍ വരികയാണെന്നും ഇതിന്റെ ഭാഗമായി പര്‍ദ അടക്കമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. ഇത് സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് ക്ലാസുകള്‍ തോറും വിദ്യാര്‍ഥികളെ നോട്ടീസ് മുഖാന്തിരം അറിയിച്ച് കഴിഞ്ഞു.
കോളജില്‍ അവതരിപ്പിച്ച നോട്ടീസ് പ്രകാരം ജൂലായ് ഒന്നു മുതല്‍ പര്‍ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് അറിയിപ്പ്. ഇത് ധരിച്ച് എത്തുന്നവരെ ക്ലാസില്‍ കയറ്റില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് വിദ്യാര്‍ഥിനികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയരുന്നത്.
മാനേജ്‌മെന്റിന്റെ ഔദ്യോഗിക സര്‍ക്കുലര്‍ അടുത്തമാസം ഒന്നിന് ഇറങ്ങുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അന്നേ ദിവസം പര്‍ദയും മറ്റ് നിരോധിത വസ്ത്രങ്ങളും ധരിച്ചെത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ നീക്കം. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികളെയും സംഘടനകളെയും മറ്റും രംഗത്തിറക്കി പ്രതിഷേധം ശക്തമാക്കാനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കാനും വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുകയാണ്.
രണ്ട് ദിവസം മുമ്പ് ക്ലാസുകള്‍ തോറും നോട്ടീസ് വായിച്ചപ്പോള്‍ തന്നെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. തങ്ങളുടെ വിയോജിപ്പ് വിദ്യാര്‍ഥിനികള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഒരു വിഭാഗം അധ്യാപകര്‍ സര്‍ക്കുലറിനെതിരെ സംസാരിച്ചിരുന്നെങ്കിലും എല്ലാം മാനേജ്‌മെന്റ് തീരുമാനമാണെന്ന് പറഞ്ഞ്് കയ്യൊഴിയുകയായിരുന്നു.
തുടര്‍ന്നാണ് നിരോധന ദിവസം തന്നെ പര്‍ദ്ദ ധരിച്ച് പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥിനികള്‍ തീരുമാനമെടുത്തത്. വിദ്യാര്‍ഥിനികളുടെ സ്വാതന്ത്യവും വിശ്വാസവും സംരക്ഷിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ രക്ഷിതാക്കളും തയ്യാറെടുത്തിരിക്കുകയാണ്.
കോളജിലെ ഭൂരിഭാഗവും മുസ്‌ലിം വിദ്യാര്‍ഥികളാണെന്നിരിക്കെ സ്ഥാപിച്ച വര്‍ഷം മുതല്‍ ഇതുവരെയും കോളജില്‍ പര്‍ദയുള്‍പ്പെടെയുള്ള വേഷങ്ങളാണ് വിദ്യാര്‍ഥിനികള്‍ ധരിച്ചിരുന്നത്.
തങ്ങള്‍ക്ക് ഏറെ സുരക്ഷ നല്‍കുന്നതും അനുയോജ്യമായതും എളുപ്പത്തില്‍ ധരിക്കാന്‍ കഴിയുന്നതുമായ വേഷമാണ് പര്‍ദയെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. കോളജില്‍ ഈ വര്‍ഷം മുതല്‍ ഡിഗ്രി ഒന്നാം വര്‍ഷം ചേരുന്നവര്‍ക്ക് യൂനിഫോം നല്‍കുന്നതിന്റെ ഭാഗമായാണ് വേഷവിധാനങ്ങളില്‍ മാറ്റം വരുത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒന്നാം വര്‍ഷ കുട്ടികള്‍ക്ക് യൂനിഫോം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ മറ്റ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പര്‍ദ അടക്കമുള്ള വേഷങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അടുത്തിടെ മുസ്്‌ലിം സ്ത്രീകള്‍ പര്‍ദ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശവുമായി എം ഇ എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ രംഗത്തെത്തിയിരുന്നു.
പര്‍ദ്ദ കേരള വസ്ത്രമല്ലെന്നും, അറേബ്യന്‍ നാടുകളില്‍ മാത്രമാണ് സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കൂടാതെ പര്‍ദ ധരിക്കുന്നത് ഇസ്്‌ലാമിന് യോജിച്ച വേഷമല്ലെന്നും, തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നുമുള്ള അങ്ങേയറ്റം വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു.
ഇതിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും രംഗത്തെത്തിയിരുന്നു. വസ്ത്രധാരണത്തില്‍ പൗരവാകാശവും വിശ്വാസിക്ക് യോജിച്ച വേഷം തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്രവും നല്‍കുന്നിടത്താണ് ഇത്തരം നിരോധിത നീക്കങ്ങള്‍ എന്നതാണ് ശ്രദ്ധേയം.