എസ് എസ് എഫ് ക്യാമ്പസ് ഇഫ്താര്‍ സംഗമങ്ങള്‍ തുടങ്ങി

Posted on: June 26, 2015 5:41 am | Last updated: June 26, 2015 at 11:42 am

മലപ്പുറം: എസ് എസ് എഫ് ക്യാമ്പസുകളില്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.
റമസാന്‍ ഒന്നു മുതല്‍ ആരംഭിച്ച ആത്മ വിചാര കാലത്തിന്റെ ഭാഗമായിട്ടാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 75 പ്രൊഫഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും പാരലല്‍ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ഇഫ്താര്‍ സംഗമം നടക്കുന്നത്.
ഇഫ്താറിനോടനുബന്ധിച്ച് ആത്മീയ സദസ്സ്, ബോധവത്കരണം, സിയാറത്ത് തുടങ്ങിയ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ നടക്കുന്നുണ്ട്. ഇഫ്താര്‍ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ചെയറില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ കണ്‍വീനര്‍ കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ 14 ഡിവിഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്യാമ്പസുകളിലും സെക്ടര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇഫ്താര്‍ നടക്കും. ഇസ്‌ലാമിക് ചെയറില്‍ നടന്ന സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, യൂനിവേഴ്‌സിറ്റി റിസേര്‍ച്ച് സ്‌കോളര്‍ അബ്ദുല്‍ മുജീബ് കക്കാട്, ജില്ലാ പ്രവര്‍ത്തക സമിതിയംഗം പി സിറാജുദ്ദീന്‍, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഫള്ല്‍ സഖാഫി, ഇല്യാസ് ബുഖാരി ഫറോക്ക് സംബന്ധിച്ചു.