നിയമംലംഘിച്ചാല്‍ ഫാര്‍മസിസ്റ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Posted on: June 26, 2015 5:59 am | Last updated: June 26, 2015 at 1:00 am

കണ്ണൂര്‍: വിദേശ മാതൃകയില്‍ രാജ്യത്തെ ഫാര്‍മസികളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഉദ്ദേശിച്ച് ഫാര്‍മസി റഗുലേഷന്‍ ആക്ട് നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നിയമം കര്‍ശനവമായി നടപ്പാക്കി തുടങ്ങി. ഫാര്‍മസി റഗുലേഷന്‍ ആക്ട് ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമാണ് നല്‍കുന്നത്.
നിയമം കഴിഞ്ഞ ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലൊന്നും വേണ്ട രീതിയില്‍ നടപ്പാക്കി തുടങ്ങിയിട്ടില്ല. എന്നാല്‍ കേരളത്തില്‍ സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി പതിനാല് ജില്ലകളിലും ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുകയും അവര്‍ വിവിധ ജില്ലകളില്‍ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കേണ്ട അധികാരം സംസ്ഥാന ഫാര്‍മസി കൗണ്‍സിലിനാണ്. ജില്ലാ തല ഇന്‍സ്‌പെക്ടര്‍മാര്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ അവര്‍ സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന് റിപ്പോര്‍ട്ട് കൈമാറുകയും നിയമ ലംഘനം നടത്തിയവരെ തിരുവനന്തപുരം കൗണ്‍സില്‍ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും ചെയ്യും. അഞ്ഞൂറ് രൂപ മുതല്‍ പിഴയും ആറ് മാസം വരെ തടവുമുള്ളതാണ് ശിക്ഷ.
ഫാര്‍മസിസ്റ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരവും ഫാര്‍മസി കൗണ്‍സിലിനുണ്ട്. ഡോക്ടര്‍ നല്‍കുന്ന കുറിപ്പടി നോക്കി മരുന്ന് നല്‍കല്‍ മാത്രമല്ല നിയമ പ്രകാരം ഫാര്‍മസിസ്റ്റുകളുടെ ജോലി. ഡോക്ടര്‍മാര്‍ എഴുതുന്ന എന്തും എടുത്തു നല്‍കുകയെന്ന ഫാര്‍മസിസ്റ്റുകളുടെ പതിവു രീതിയില്‍ നിന്ന് മാറ്റം വരണം. ഡോക്ടര്‍മാര്‍ എഴുതിയ കുറിപ്പടി ശരിയാണോയെന്നും ആ മരുന്നിന് ദോഷമെന്തെങ്കിലും ഉണ്ടോയെന്നും ഫാര്‍മസിസ്റ്റുകള്‍ പരിശോധിക്കണം. രണ്ടോ മൂന്നോ മരുന്നുകള്‍ ഒന്നിച്ച് കഴിക്കുന്നത് കാരണം രോഗിക്ക് ദോഷമുണ്ടോയെന്നും വിലയിരുത്തണം. ഈ മരുന്ന് കഴിച്ചാല്‍ രോഗിക്ക് പാര്‍ശ്വ ഫലങ്ങളുണ്ടാകുമോയെന്നും ഫാര്‍മസിസ്റ്റുകള്‍ പരിശോധിച്ച് മാത്രമേ മരുന്ന് നല്‍കാന്‍ പാടുള്ളൂവെന്ന് ആക്ടില്‍ പറയുന്നു.
മരുന്ന് സംബന്ധിച്ച് ഫാര്‍മസിസ്റ്റുകള്‍ക്ക് സംശയമുണ്ടെങ്കില്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് സംശയം ദുരീകരിച്ച് മരുന്ന് കഴിക്കുന്നത് കൊണ്ട് രോഗിക്ക് യാതൊരു ദോഷവും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമായിരിക്കണം മരുന്ന് നല്‍കേണ്ടത്. രോഗി നേരത്തെ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നിനെക്കുറിച്ച് ഫാര്‍മസിസ്റ്റ് ചോദിച്ച് മനസ്സിലാക്കിയിരിക്കണം. മരുന്നിനോടൊപ്പം എന്തൊക്കെ കഴിക്കാമെന്ന വ്യക്തമായ നിര്‍ദേശം ഫാര്‍മസിസ്റ്റ് രോഗിക്ക് നല്‍കണം. ഭക്ഷണത്തിന് മുമ്പും ശേഷവും കഴിക്കേണ്ട മരുന്നുകളെക്കുറിച്ച് മരുന്നിനോടൊപ്പം ജ്യൂസോ വെള്ളമോ കഴിക്കാമോ തുടങ്ങിയ കാര്യങ്ങളും രോഗിക്ക് ഫാര്‍മസിസ്റ്റ് പറഞ്ഞു കൊടുക്കണം. മാത്രമല്ല മരുന്ന് വാങ്ങാനെത്തിയവരുടെ കഴിഞ്ഞ കാല രോഗം സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരിക്കണം. രോഗിയെ ഫാര്‍മസിസ്റ്റുകള്‍ക്ക് കൗണ്‍സിലിംഗിനും വിധേയമാക്കാം. വേണമെങ്കില്‍ ഇതിന് മുന്‍കൂട്ടി പറഞ്ഞ് രോഗിയില്‍ നിന്ന് ഫീസ് ഈടാക്കാമെന്നും ആക്ടില്‍ പറയുന്നു.
രോഗികളുടെ പതിനഞ്ച് വര്‍ഷത്തെ ഫയല്‍ സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഫാര്‍മസികളില്‍ ഫാര്‍മസിറ്റുകളുടെ പേരും വിദ്യാഭ്യാസ യോഗ്യതയും വ്യക്തമാക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമാണ്. ഐഡന്റിറ്റി കാര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ തൂക്കണം. വൈറ്റ് കോട്ട് ഫാര്‍മസിസ്റ്റുകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഫാര്‍മസികളില്‍ അംഗീകൃത ഫാര്‍മസിസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റ് മാത്രം വെക്കുകയും മരുന്ന് എടുത്തു കൊടുക്കാനും മറ്റും യോഗ്യതയില്ലാത്തവരെ നിയോഗിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ശക്തമായ നടപടിക്ക് വിധേയമാകും. ഒന്നിലേറെ ഫാര്‍മസികളില്‍ ഒരേയാളുടെ സര്‍ട്ടിഫിക്കറ്റ് വെച്ച് ഫാര്‍മസി നടത്തുന്നതും പിടിക്കപ്പെടും.
ഫാര്‍മസികളില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഉടമ ഫാര്‍മസികളില്‍ നിലവില്‍ ജോലി ചെയ്യാതിരിക്കുകയും ചെയ്യുന്നതും ശക്തമായി വിലക്കിയിട്ടുണ്ട്. ഫാര്‍മസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടികളില്‍ ഫാര്‍മസിസ്റ്റ് കൃത്യമായി പങ്കെടുക്കണമെന്നും ആക്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഫാര്‍മസിസ്റ്റുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളില്‍ ഹാജരാകാത്തവര്‍ക്ക് പുതുക്കി നല്‍കേണ്ടതില്ലെന്നും ആക്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് അര ലക്ഷത്തോളം ഫാര്‍മസിസ്റ്റുകളാണുള്ളത്.
പുതുതായി ഇറങ്ങുന്ന മരുന്നുകളെക്കുറിച്ച് ഫാര്‍മസിസ്റ്റുകള്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പുതിയ മരുന്നുകള്‍, അവയുടെ പാര്‍ശ്വഫലങ്ങള്‍, ആക്ഷന്‍ തുടങ്ങിയ കാര്യങ്ങളായിരിക്കും സിലബസിലുണ്ടാവുക. ഫാര്‍മസിസ്റ്റുകള്‍ക്ക് തന്നെയാണ് മരുന്നുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം. ആവശ്യമെങ്കില്‍ സഹായിയെ വെക്കാമെങ്കിലും മരുന്നുകള്‍ എടുക്കേണ്ടതും കൊടുക്കേണ്ടതും ഫാര്‍മസിസ്റ്റുകള്‍ തന്നെയായിരിക്കണം.