പ്രഹസനമായ വേഗപ്പൂട്ട്

Posted on: June 26, 2015 6:00 am | Last updated: June 26, 2015 at 12:36 am

SIRAJ.......ഇടക്കാലത്ത് സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമായി ബസുകളുടെ മത്സരയോട്ടത്തിന് അല്‍പ്പം കുറവുണ്ടായിരുന്നെങ്കിലും അധികൃതര്‍ പിന്നെയും നിസ്സംഗരായതോടെ മത്സ ഓട്ടവും അമിതവേഗവും പൂര്‍വോപരി വര്‍ധിച്ചിരിക്കയാണ്. ഇതേതുടര്‍ന്ന് ഒട്ടേറെ അപകടങ്ങളും ബസ് ജീവനക്കാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളും അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ബസപകടം പതിവാകുകയും നിരത്തുകളില്‍ നിരവധി പേരുടെ ജീവന്‍ പൊലിയുകയും ചെയ്തതോടെയാണ് വാഹന പരിശോധന കര്‍ശനമാക്കുകയും സ്പീഡ്ഗവേണര്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നത്. അധികൃതരുടെ ഈ ജാഗ്രതക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വാഹന പരിശോധന വീണ്ടും പഴയപടി പേരിന് മാത്രമോ, പോലീസുദ്യോഗസ്ഥര്‍ക്ക് ചില്ലറ ഒപ്പിക്കാനുള്ള ചടങ്ങോ ആയി മാറി. ഇരുചക്രവാഹനങ്ങളെയും കാല്‍നടക്കാരെയും തട്ടിത്തെറിപ്പിച്ചാണ് പലപ്പോഴും സ്വകാര്യബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത് എന്നതിനാല്‍ കടുത്ത ഭീതിയോടെയാണിവര്‍ സംസ്ഥാനത്തെ പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യുന്നത്. പക്ഷേ, അധികൃതര്‍ ഉറക്കിലാണ്. ഉണരണമെങ്കില്‍ കഴിഞ്ഞ ആഗസ്റ്റില്‍ കൊച്ചി ഫോര്‍ഷോര്‍ റോഡിലുണ്ടായത് പോലെ മറ്റൊരു കൂട്ടദുരന്തം ആവര്‍ത്തിക്കേണ്ടി വരും. എറണാകുളം തോപ്പുംപടി സ്വദേശിനി ഫാത്തിമ ബീവിയുടെയും സഹോദരി നഫീസയുടെയും ജീവനുകളാണ് അന്ന് മത്സരയോട്ടത്തിനിടിയില്‍ ഒരു സ്വകാര്യ ബസ് തട്ടിത്തെറപ്പിച്ചത്.
ബസുകളുടെ മത്സര ഓട്ടത്തിനിടെ ഞായറാഴ്ച കൊച്ചിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോടതിക്ക് സ്വമേധയാ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. രണ്ട് സ്വകാര്യ ബസുകള്‍ തമ്മിലെ മത്സര ഓട്ടത്തിനിടയില്‍ ഒരു ബസിലെ ജീവനക്കാരന്‍ മറ്റേ ബസില്‍ കയറി പ്രശ്‌നം സൃഷ്ടിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ബസ് ജീവനക്കാരന്റെ ഈ അതിക്രമത്തെ ബസിലെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരുടെ ഗുണ്ടായിസം യാത്രക്കാരന് നേരെയായി. അദ്ദേഹത്തെ അവര്‍ വളഞ്ഞിട്ടു ക്രൂരമായി മര്‍ദിച്ചു. തൊട്ടടുത്ത എയ്ഡ്‌പോസ്റ്റില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഈ രംഗങ്ങളെല്ലാം കണ്ടിട്ടും അത് തടയുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. അന്നേരം അതുവഴി പോയ റിട്ട. ജഡ്ജിയാണ് ഗണ്‍മാനെ അയച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച പൊലീസുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കവേ ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സംഭവത്തില്‍ സ്വമേധയാ ഇടപെട്ടത്.
സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും മത്സര ഓട്ടത്തിനുമെതിരെ അധികൃതര്‍ കൈക്കൊള്ളുന്ന അലംഭാവത്തെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ബസുകളുടെ മരണപ്പാച്ചില്‍ റോഡുകളെ കുരുതിക്കളമാക്കിക്കൊണ്ടിരിക്കെ ഇതിനെ നിയന്ത്രിക്കേണ്ട പൊലീസ് നോക്കുകുത്തികളെ പോലെ നിസ്സംഗത പുലര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി മത്സര ഓട്ടം അവസാനിപ്പിക്കാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നിയന്ത്രിക്കാവുന്നതാണ് വാഹനങ്ങളുടെ അമിത വേഗവും മത്സ ഓട്ടം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നതിനാലാണ്, കോടതിക്ക് പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നതെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി.
അമിത വേഗത്തിന് കടിഞ്ഞാണിടാനായി നടപ്പാക്കിയ നടപടികളത്രയും പ്രഹസനമായി മാറിയിരിക്കുകയാണ്. വാഹനവകുപ്പ് പ്രഖ്യാപിച്ച വേഗപ്പൂട്ടിന് പകരം ബസുകളിലിപ്പോള്‍ റിമോട്ട് പോലുള്ള സംവിധാനം ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം ക്രമീകരിക്കാവുന്ന കൃത്രിമ വേഗപ്പൂട്ടുകളാണ് ഘടിപ്പിക്കുന്നത്. പോലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന നടത്തുമ്പോള്‍ ഡ്രൈവര്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം സജ്ജമാക്കി ബസിന്റെ വേഗം കുറക്കാനും അല്ലാത്ത ഘട്ടങ്ങളില്‍ വേഗപ്പൂട്ട് ബന്ധം വേര്‍പെടുത്തി അമിതവേഗത്തില്‍ ഓടിക്കാനുമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇക്കാര്യം മോട്ടോര്‍ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് രഹസ്യസംഘത്തെ നിയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഈ പരിശോധനയും നിലച്ചിരിക്കുകയാണ്. അല്ലെങ്കിലും മന്ത്രിമാരെയും ഉദ്യോഗസ്ഥ പ്രമുഖരെയും കൈയിലെടുക്കാന്‍ മിടുക്കരാണല്ലോ ബസ് മുതലാളിമാര്‍. സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാത്ത ഋഷിരാജ് സിംഗിനെ പോലുള്ളവര്‍ വകുപ്പിന്റെ തലപ്പത്ത് വന്നാല്‍ നാളുകള്‍ക്കകം അവരെ ഇടം മാറ്റിക്കുകയും ചെയ്യും. ഇപ്പോള്‍ ഹൈക്കോടതി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടിരിക്കെ വാഹന വകുപ്പ് കുറച്ചു നാളത്തേക്കെങ്കിലും ജാഗ്രത പാലിക്കുകയും എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നാശ്വസിക്കാം.