നിയമസഭയിലെ സംഘര്‍ഷം; സമവായത്തിന് സ്പീക്കര്‍

Posted on: June 25, 2015 8:58 pm | Last updated: June 26, 2015 at 12:59 am

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ ഒത്തു തീര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ടു പോകണമോ വേണ്ടയോ എന്ന് കക്ഷിനേതാക്കളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. അതിനു ശേഷം നാശനഷ്ടം സംഭവിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കും. കഴിഞ്ഞ എട്ടിന് നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്നോടിയായി ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലും തുടര്‍ന്ന് നടന്ന കാര്യോപദേശക സമിതി യോഗത്തിലും തന്റെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് എല്ലാകക്ഷികളും സ്വീകരിച്ചതെന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഭയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. ഭരണപക്ഷത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ സ്പീക്കറുടെ ഡയസ് അടിച്ചു തകര്‍ക്കുന്നത് ആദ്യ സംഭവമാണ്. ഇതുപോലെ മറ്റേതെങ്കിലും നിയമസഭയില്‍ നടന്നതായി മുന്‍ അനുഭവങ്ങളില്ല. ഇത് സംബന്ധിച്ച നടപടി നീണ്ടുപോകുന്നത് ശരിയല്ല. ഇതു സംബന്ധിച്ച് ചെയര്‍ ഒറ്റക്ക് തീരുമാനം എടുക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നാശനഷ്ടം അടക്കേണ്ട എന്ന രീതിയില്‍ ആയിരിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 30 ന് ശേഷം കക്ഷി നേതാക്കളുടെ യോഗം വിളിക്കും. നിയമസഭയിലെ സംഭവങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാറാണ് ഇതിന് വിശദീകരണം നല്‍കേണ്ടതെന്ന് മറുപടി നല്‍കി.
നിയമസഭയില്‍ കേരള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും വിപ്പ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി പി സി ജോര്‍ജ് നല്‍കിയ കത്തിന് മറുപടി നല്‍കിയതായി സ്പീക്കര്‍ പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
അതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അതു സംബന്ധിച്ച് പരാതി വന്നാല്‍ ചട്ടം അനുസരിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. കൂറുമാറ്റ നിരോധന നിയമ പ്രകാരം പി സി ജോര്‍ജിനെതിരെ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ മാത്രമേ അതു സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ കഴിയു എന്നും സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു.