മൊധേഷ് ആശുപത്രികള്‍ സന്ദര്‍ശിച്ചു

Posted on: June 25, 2015 3:48 pm | Last updated: June 25, 2015 at 3:48 pm

modhesh1ദുബൈ: ദുബൈ വേനല്‍ വിസ്മയത്തിന്റെ ഭാഗ്യചിഹ്നമായ മൊധേഷ് യു എ ഇയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ സന്ദര്‍ശിച്ചു. രോഗബാധിതരായ കുട്ടികളില്‍ ആഹ്ലാദം നിറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. കുട്ടികള്‍ക്ക് സമ്മാനങ്ങളും മിഠായികളുമായിട്ടായിരുന്നു മൊധേഷ് ആസ്പത്രികളില്‍ എത്തിയിരുന്നത്. തങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള മൊധേഷിനെ ആഹ്ലാദത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. മൊധേഷിന് ഷേക്ക് ഹാന്റ് നല്‍കിയും സമ്മാനങ്ങള്‍ സ്വീകരിച്ചും കൂടെ നിന്ന് പടമെടുത്തുമൊക്കെ കുട്ടികള്‍ ഈ നിമിഷങ്ങളെ അവിസ്മരണീയമാക്കി.
മഫ്‌റഖ് ആശുപത്രി, ദിബ്ബ അല്‍ ഫുജൈറ ആശുപത്രി, അല്‍ വതന്‍ ആസ്പത്രി, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള അല്‍ നൂര്‍ സെന്റര്‍, ദിബ്ബ ഫുജൈറ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൊധേഷ് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. നേരത്തേ ദുബൈയിലെ നിരവധി സ്‌കൂളുകളിലും ഷോപ്പിങ് മാളുകളിലുമുള്ള കുട്ടികളെ നേരില്‍ കാണാനും മൊധേഷ് എത്തിയിരുന്നു. ജൂലായ് ഒമ്പതിന് ദുബൈയില്‍ മൊധേഷ് വേള്‍ഡിന് തുടക്കമാകും. ആഗസ്ത് 29 വരെ തുടരുന്ന മൊധേഷ് വേള്‍ഡിന്റെ സംഘാടകര്‍ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയില്‍ എസ്റ്റാബ്ലിഷ്‌മെന്റാണ്.