Connect with us

Malappuram

പെരിന്തല്‍മണ്ണയിലെ മൂന്നാമത് ബസ് സ്റ്റാന്‍ഡ് നിര്‍മാണം;വായ്പ അര്‍ബന്‍ ബേങ്കില്‍ നിന്ന്

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭക്ക് സൗജന്യമായി ലഭിച്ച മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെയുള്ള ഹൈടെക് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനാവശ്യമായ സംഖ്യ പെരിന്തല്‍മണ്ണ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്കില്‍ നിന്നും വായ്പയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനം.
വിസ്‌കോ, പെരിന്തല്‍മണ്ണ സര്‍വീസ് ബേങ്ക് എന്നിവരുമായും നഗരസഭ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ബസ് സ്റ്റാന്‍ഡിന് വേണ്ടിയുള്ള മമൂന്ന് ഏക്കര്‍ ഭൂമി പണയ വസ്തുവായി ബേങ്കില്‍ ഈട് വെക്കുവാനും രണ്ട് വര്‍ഷക്കാലവധിയിലുമാണ് വായ്പ അനുവദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞ സ്ഥിതിക്ക് വായ്പാ നടപടികള്‍ വേഗത്തിലാക്കാന്‍ ബേങ്ക് അധികൃതരുമായി നഗരസഭ ചര്‍ച്ച നടത്തും. പ്രി കോളിഫിക്കേഷന്‍ ടെന്‍ഡറില്‍ അഞ്ച് പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
ടെന്‍ഡര്‍ അംഗീകരിക്കുന്നതിന് സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് അയച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കുന്ന മുറക്ക് ക്വട്ടേഷന്‍ നോക്ക് ആര്‍ക്കാണ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കും. അടുത്ത മാസം 15നുള്ളില്‍ ബസ്സ്റ്റാന്‍ഡിന്റെ തറക്കല്ലിടല്‍ കര്‍മം നടത്താനാകുമെന്ന് വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വച്ചഭാരത് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള വിഷന്‍ ടോയ്‌ലറ്റ് സംബന്ധിച്ച് സര്‍വെ നടത്തുവാനും സമയംബന്ധിതമായി പൂര്‍ത്തീകരിക്കുവാനും കൗണ്‍സില്‍ തീരുമാനിച്ചു.
പെരിന്തല്‍മണ്ണ നഗരസഭയിലുള്ള എല്ലാ വീടുകളിലും സര്‍വെ നടത്തേണ്ടതുണ്ട്. പ്രധാനമായും 21 കാര്യങ്ങളിലാണ് സര്‍വെ നടത്തുക. ഇതിനുള്ള പരിശീലനം 25 മുതല്‍ 27 വരെ നടത്തണമെന്നാണ് ജില്ലാതല നിര്‍ദേശം. ഒരു വാര്‍ഡിലേക്ക് നാല് സപ്ലെയര്‍മാരെയാണ് നിയോഗിക്കുക. 27-ാം തീയതി ഇവര്‍ക്ക് ട്രൈനിംഗ് നല്‍കുവാനാണ് തീരുമാനം. ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളില്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 10 വാര്‍ഡുകള്‍ക്ക് ഒരു സൂപ്പര്‍വൈസറും ഉണ്ടാകും. കാര്യങ്ങള്‍ കൗണ്‍സിലില്‍ എം കെ ശ്രീധരന്‍ മാസ്റ്റര്‍ വിശദീകരിച്ചു.
കമ്മ്യൂനിറ്റി ടോയ്‌ലറ്റിനുള്ള സ്ഥലം കണ്ടെത്തി സര്‍ക്കാരിലേക്ക് നല്‍കേണ്ടതുണ്ട്. ഇ -വെയ്സ്റ്റ് പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കാന്‍ ഒരു സെന്റര്‍ ആവിശ്യമാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ്, ജാഫര്‍ പത്തത്ത്, പത്മനാഭന്‍ മാസ്റ്റര്‍, സുധാകുമാരി ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest