കുടിവെള്ള പദ്ധതികള്‍ മൂന്ന്: കടപ്പുറത്തുകാര്‍ക്ക് കുടിക്കാന്‍ മഴവെള്ളം തന്നെ ആശ്രയം

Posted on: June 25, 2015 5:21 am | Last updated: June 25, 2015 at 2:21 pm

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ മൂന്ന് കുടിവെള്ള പദ്ധതികളുണ്ടായിട്ടും നാട്ടുകാര്‍ക്ക് കുടിക്കാന്‍ മഴവെള്ളം തന്നെ ശരണം.
വാട്ടര്‍ ടാപ്പുകള്‍ വിവിധ ഭാഗങ്ങളില്‍ നിരവധിയുണ്ടെങ്കിലും രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളം വരുന്നത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലമാണ് പല കുടിവെള്ള പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്.
പന്ത്രണ്ടര വര്‍ഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വൈലിക്കുന്ന് കുടിവെള്ള പദ്ധതി തുടങ്ങിയത്. പഞ്ചായത്തിന്റെ സ്ഥലത്തുള്ള പൊതുകിണര്‍ വൃത്തിയാക്കി ശുദ്ധജലം ലഭിക്കുന്ന രീതിയിലാക്കി കിണറിന്റെ ഉയരം ഭൂനിരപ്പില്‍ നിന്ന് ഒരാള്‍പ്പൊക്കത്തിലാക്കി.
സമീപത്ത് വാട്ടര്‍ടാങ്ക് സ്ഥാപിക്കുന്നതിനായി കോണ്‍ക്രീറ്റ് കാലുകളും സ്ഥാപിച്ചു. കിണറിനു സമീപത്തെ സ്വകാര്യ വ്യക്തി തങ്ങളുടെ സ്ഥലം പഞ്ചായത്ത്് കൈയേറിയെന്നു കാണിച്ച് കോടതിയെ സമീപിച്ചു. ഇതോടെ പദ്ധതി പാതിവഴിയില്‍ മുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തിന് അനുകൂലമായ വിധി വന്നു. എന്നാല്‍, തുടര്‍നടപടികളുണ്ടായിട്ടില്ല. പദ്ധതിവഴി കുടിവെള്ള ക്ഷാമം രൂക്ഷമായ മാട്, കറുകമാട്, ഇരട്ടപ്പുഴ, ബ്ലാങ്ങാട് മേഖലയിലേക്ക് വെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. കിണര്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ളവര്‍ക്ക് ഇവിടെ നിന്ന് വെള്ളമെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് നല്‍കുന്നതില്‍ പ്രതിഷേധമുണ്ടെന്നാണ് പറയുന്നത്.
അഞ്ചങ്ങാടി വളവിനു സമീപം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം പമ്പു ചെയ്യാതായിട്ട് ഏറെയായി.
പമ്പു സെറ്റ് തുരുമ്പെടുത്ത് നശിക്കുകയാണ്. പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിച്ച നിലയിലാണ് ഇപ്പോള്‍. പമ്പു ചെയ്യുമ്പോള്‍ ഉപ്പുവെള്ളം വന്നതിനെ തുടര്‍ന്നാണ് പമ്പിംഗ്് നിര്‍ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സുനാമിക്കോളനിയിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനാണ് ബദര്‍ പള്ളി കുടിവെള്ള പദ്ധതി തുടങ്ങിയത്. മത്സ്യ ഗ്രാമം പദ്ധതി പ്രകാരം ലഭിച്ച 34 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സീനത്ത് ഇക്ബാലാണ് പദ്ധതിക്ക് വേണ്ടി തുക അനുവദിച്ചത്.
പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും ഇതുവരെയും കമ്മീഷന്‍ ചെയ്യാനായിട്ടില്ലെന്നതാണ് വസ്തുത. പഞ്ചായത്ത് ഓഫീസിന് സമീപത്തെ കുടുംബശ്രീ ഹാളിന് സമീപം കിണറും മോട്ടോര്‍പ്പുരയുമുണ്ട്. ഒന്നരവര്‍ഷമായി ഇവിടെനിന്നും വെള്ളം പമ്പുചെയ്യുന്നില്ല. തകരാറിലായ മോട്ടോറുകള്‍ യഥാസമയം റിപ്പയര്‍ ചെയ്യാത്തതാണ് കാരണം. പദ്ധതികള്‍ പലതുമുണ്ടെങ്കിലും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമ്പോള്‍ സന്നദ്ധ സംഘടനകള്‍ ടാങ്കറില്‍ വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കുന്നത്.