പെറുവിനെ അട്ടിമറിക്കാന്‍ ബൊളിവിയ

Posted on: June 25, 2015 2:16 pm | Last updated: June 26, 2015 at 1:17 am

Copa_América copyനാളെ രാവിലെ
പെറു- ബൊളിവിയ (5.00) ; സോണി കിക്ക്‌സില്‍ തത്‌സമയം

സാന്റിയാഗോ: കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് അപ്രസക്തരുടെ പോരാട്ടം. ഗ്രൂപ്പ് റൗണ്ടിനപ്പുറം കടക്കാന്‍ സാധ്യത വിരളമായിരുന്ന ബൊളിവിയയും 1975 ചാമ്പ്യന്‍മാരായ പെറുവും സെമിഫൈനല്‍ ബെര്‍ത്തിനായി കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു. ആതിഥേയരാ ചിലി, മെക്‌സിക്കോ, ഇക്വഡോര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബൊളിവിയ ക്വാര്‍ട്ടറിലെത്തിയത്. പെറുവാകട്ടെ ബ്രസീലും കൊളംബിയയും വെനിസ്വെലയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി വരുന്നു.
ഒന്നും നഷ്ടപ്പെടാനില്ല എന്നതാണ് ഇവരുടെ ആത്മവിശ്വാസം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്ത് ഒരു സുപ്രധാന ചാമ്പ്യന്‍ഷിപ്പില്‍ ബൊളിവിയ ആദ്യ ജയം കരസ്ഥമാക്കിയത് ദിവസങ്ങള്‍ക്ക് മുമ്പ് കോപയിലായിരുന്നു. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബൊളിവിയ പുതുചരിതം കുറിച്ചത്.
എന്നാല്‍, അതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുള്ള പ്രകടനം ബൊളിവിയയില്‍ നിന്ന് പിന്നീടുണ്ടായില്ല.
ചിലിക്കെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവര്‍ നിഷ്പ്രഭരായി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. ഇവിടെയാണ് പെറുവിന്റെ സാധ്യതകള്‍. ബൊളിവിയയെക്കാള്‍ സ്ഥിരതയുള്ള പ്രകടനം പെറുവിന്റെതാണ്. ബ്രസീലിനോട് 2-1ന് പരാജയപ്പെട്ടെങ്കിലും പെറു തലകുനിച്ചില്ല. അടുത്ത മത്സരത്തില്‍ വെനിസ്വെലയെ ഏക ഗോളിന് വീഴ്ത്തി അവര്‍ ശ്വാസം വീണ്ടെടുത്തു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ശക്തരായ കൊളംബിയയെ ഗോളില്ലാ സമനിലയില്‍ തളച്ചതോടെ നോക്കൗട്ടുറപ്പിച്ചു.
വെറ്ററന്‍ സ്‌ട്രൈക്കര്‍ ക്ലോഡിയോ പിസാറോയുടെ ഫോം പെറുവിന് പ്രതീക്ഷ നല്‍കുന്നു. 2011 കോപയില്‍ പെറു സെമി കളിച്ചിരുന്നു. ചാമ്പ്യന്‍മാരായ ഉറുഗ്വെയോടായിരുന്നു സെമിയില്‍ തോറ്റത്. മൂന്നാം സ്ഥാന പ്ലേ ഓഫില്‍ വെനിസ്വെലയെ 4-1ന് തകര്‍ക്കുകയും ചെയ്തു. അന്ന് ഹാട്രിക്കുള്‍പ്പടെ അഞ്ച് ഗോളുകളുമായി ടോപ് സ്‌കോററായ പോളോ ഗ്യുറേറ ഇന്നുംടീമിലുണ്ട്. പക്ഷേ, പഴയ ഫോം ഇല്ലെന്ന് മാത്രം.

സാധ്യതാ ലൈനപ്പ്:
ബൊളിവിയ – ക്യുനോനെസ് (ഗോളി), ഹര്‍താഡോ, റാള്‍ഡസ്, സെന്റെനോ, മൊറാലെസ്, സ്‌മെഡ്‌ബെര്‍ഗ്, ബെജെറാനോ, ഷുമാസിറോ, എസ്‌കോബാര്‍, പെഡ്രിയല്‍, മാര്‍ട്ടിന്‍സ്.

പെറു – ഗാലെസെ(ഗോളി), അവിന്‍ക്യുല, സംബ്രാനോ, അസ്‌ക്യൂസ്, വര്‍ഗാസ്, ലൊബാട്ടന്‍, ക്യുവ, സാഞ്ചസ്, ബാലൊണ്‍, പിസാറോ, ഗ്യുറേറോ.