കടലാക്രമണം രൂക്ഷം; ഭീതിയോടെ തീരദേശവാസികള്‍

Posted on: June 25, 2015 5:24 am | Last updated: June 25, 2015 at 1:24 pm

കോഴിക്കോട്: കടലാക്രമണം രൂക്ഷമായതോടെ തീരദേശ വാസികള്‍ക്ക് ഉറക്കമില്ലാ റമസാന്‍. കടല്‍ ക്ഷോഭം രൂക്ഷമായതോടെ വീടുകള്‍ കടലെടുക്കുമോ എന്ന ഭീതിയോടെ കഴിഞ്ഞു കൂടുകയാണ് കോനാട് തീരദേശ വാസികള്‍. കോഴിക്കോട് കോന്നാട് ബീച്ചിലുള്ള ഫിഷറീസ് വിഭാഗത്തിന്റെ മത്സ്യ ഗവേഷണ കേന്ദ്രമടക്കം കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്.
മത്സ്യങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ച നിരീക്ഷിക്കുന്നതിന് വേണ്ടി നിര്‍മിച്ച വലിയ കുളത്തിന്റെ ഒരു ഭാഗവും പമ്പ് ഹൗസും കടലെടുത്തു. ഭീഷണി മുന്‍കൂട്ടി കണ്ട് വില പിടിപ്പുള്ള മോട്ടറും മത്സ്യങ്ങളും നേരത്തെ തന്നെ സ്ഥലം മാറ്റിയതിനാല്‍ വന്‍ നഷ്ടം ഒഴിവായി. കടലാക്രമണത്തോടൊപ്പം ചുടുകാറ്റും ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. പ്രഭാതത്തിനു മുമ്പും കനത്ത മഴക്കിടയിലും ചുടുകാറ്റിന്റെ കാരണമറിയാന്‍ ആളുകള്‍ നെട്ടോട്ടത്തിലാണ്. ട്രോളിംഗ് നിരോധനം മൂലം വറുതിയിലായ തീരദേശവാസികള്‍ക്ക് കാലാവാസ്ഥാ വ്യതിയാനം മൂലംമുണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങള്‍ ഇരുട്ടടിയായിരിക്കുകയാണ്. കടലാക്രമണത്തില്‍ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുമ്പോഴും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.