കോണ്‍ഗ്രസ് മെമ്പര്‍ രാമചന്ദ്രന്‍ രാജിവെച്ചു; എല്‍ ഡി എഫ് തുടരാന്‍ സാധ്യത

Posted on: June 25, 2015 5:09 am | Last updated: June 25, 2015 at 1:11 pm

തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്ത് യു ഡി എഫിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്‌കൊണ്ട് തൃക്കരിപ്പൂര്‍ കടപ്പുറത്തെ കോണ്‍ഗ്രസ് മെമ്പര്‍ കെ വി രാമചന്ദ്രന്‍ മെമ്പര്‍ സ്ഥാനം രാജിവെച്ചു.
ഇന്നലെ വൈകീട്ടാണ് രാമചന്ദ്രന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. ഇതോടെ പഞ്ചായത്തിലെ ഭരണം നടത്തുന്ന എല്‍ ഡി എഫ് നെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകില്ലെന്ന് ഉറപ്പായി.
ജൂലൈ ഒന്നിന് 11 മണിക്ക് യു ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസ് ചര്‍ച്ചക്ക് എടുക്കാനിരിക്കെയാണ് രാമചന്ദ്രന്റെ നാടകീയ രാജി.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പഞ്ചായത്തിലെ യു ഡി എഫിന് രണ്ടാമതും ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്. രാമചന്ദ്രന്റെ രാജിയോടെ എല്‍ ഡി എഫ് ആറ്, യു ഡി എഫ് ആറ് എന്നിങ്ങനെ തുല്യതയിലായി കക്ഷിനില. ഇതുകാരണം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് തന്നെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായി.
പഞ്ചായത്തില്‍ അകെ 13 സീറ്റുകളാണുള്ളത്. ഇതില്‍ യു ഡി എഫ് ഏഴ്, എല്‍ ഡി എഫ് ആറ് എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. യു ഡി എഫിന്റെ ഭരണത്തിലുണ്ടായിരുന്ന പഞ്ചായത്ത് രണ്ടു വര്‍ഷത്തിനു ശേഷം പ്രസിഡനറ് പദവി തര്‍ക്കത്തെ തുടര്‍ന്ന് മാടക്കാല്‍ വാര്‍ഡ് മെമ്പര്‍ ബേബി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞിരുന്നു. തുടര്‍ന്ന് ബേബി എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തതിനാല്‍ യു ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ ഇടയായി.
എന്നാല്‍ വിപ്പ് ലംഘിച്ച ബേബിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് മാടക്കാല്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഹ്‌റ വിജയിക്കുകയും ചെയ്തു. ഇതോടെ യു ഡി എഫിന് ഏഴും എല്‍ ഡി എഫിന് ആറും സീറ്റാവുകയും ചെയ്തു. ഇതാണ് യു ഡി എഫിനെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ വൈസ് പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയെന്ന് ആരോപിച്ച് രാമചന്ദ്രനെ കോണ്‍ഗ്രസ് ജില്ല നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതകാരണം കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന രാമചന്ദ്രനെ അനുനയിപ്പിക്കാന്‍ കഴിയാത്തതാണ് രാജിയില്‍ കലാശിച്ചതും പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ ഇടയാകുന്നതും.