Connect with us

Eranakulam

കുവൈത്ത് റിക്രൂട്ട്‌മെന്റ്: മെഡിക്കല്‍ പരിശോധനാ കേന്ദ്രം തൊഴിലന്വേഷകരെ കൊള്ളയടിക്കുന്നു

Published

|

Last Updated

കൊച്ചി: ജോലി തേടുന്നതിനുള്ള മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചും വന്‍ഫീസ് ഈടാക്കിയും കുവൈത്ത് ഇന്ത്യക്കാരായ തൊഴിലന്വേഷകരെ കൊള്ളയടിക്കുന്നതായി പരാതി. ഇന്ത്യയിലെ പരിശോധനാ കേന്ദ്രങ്ങള്‍ വെട്ടിച്ചുരുക്കിയതോടെ ഡല്‍ഹിയിലും മുംബൈയിലും ദിവസവുമെത്തുന്ന ആയിരക്കണക്കിന് സാധാരണക്കാര്‍ നരകിക്കുകയാണെന്ന് ഓള്‍ കേരള മാന്‍പവര്‍ എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി ചാക്കോ ടി. വര്‍ഗീസ് പറഞ്ഞു.
കുവൈത്തില്‍ പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനക്ക് കേരളത്തില്‍ മാത്രം മുമ്പ് 15 കേന്ദ്രങ്ങളുണ്ടായിരുന്നു. കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങളോടെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം പരിശോധനാ സൗകര്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പരമാവധി 3,600 രൂപയാണ് ഇവിടങ്ങളില്‍ പരിശോധനക്കയി ചെലവായിരുന്നത്. അതേസമയം ഇപ്പോള്‍ 24,000 രൂപ നല്‍കേണ്ട ഗതികേടിലാണ് തൊഴിലന്വേഷകര്‍.
പരിശോധനക്ക് പുതിയ സ്ഥാപനം വന്നതോടെയാണ് തൊഴിലന്വേഷകര്‍ ദുരിതത്തിലായത്. ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ (ഗാംക) എന്ന ഏജന്‍സിയാണ് കുവൈത്തിലേക്കുള്ള മെഡിക്കല്‍ പരിശോധന മുമ്പ് നടത്തിയിരുന്നത്. എല്ലാ നടപടിക്രമങ്ങള്‍ക്കുമായി 3,600 രൂപയാണ് ഗാംക ഈടാക്കിയിരുന്നത്. ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോള്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നത്.
ഡല്‍ഹി, മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഖദാമത്തിന് ഓഫീസുണ്ടായിരുന്നത്്. അമിത ഫീസിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധിച്ചതോടെ കൊച്ചി, ഹൈദരാബാദ് ഓഫീസുകള്‍ പൂട്ടി . ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലോ മുംബൈയിലോ എത്തിവേണം വേണം പരിശോധന നടത്താന്‍. ഇവരില്‍ ഏറ്റവുമധികം മലയാളികളാണ്. ദിവസവും ആയിരങ്ങളാണ് വന്‍തുക ചെലവഴിച്ച് രണ്ടിടത്തുമെത്തുന്നത്. തലേന്ന് തന്നെ ഓഫീസ് പരിസരത്ത് തമ്പടിച്ച് കഴിയുന്നവര്‍ ധാരാളമാണ്. മുംെബെയിലും ഡല്‍ഹിയിലും പരിശോധനക്ക് പോയിവരാനും വന്‍തുക ചെലവാകും.
കുവൈത്ത് ആസ്ഥാനമായ പബ്ലിക് സര്‍വീസ് കമ്പനി (പി എസ് സി) യുടെ ഉപസ്ഥാപനമാണ് ഖദാമത്ത്. സ്വന്തമായി പരിശോധനാ സംവിധാനം ഇവര്‍ക്കില്ല. പുറത്തെ ലാബുകളിലും മറ്റും പരിശോധന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന് മൂവായിരം രൂപ അധിക ചെലവ് വരും . പരിശോധനക്ക്് ശേഷം കുവൈത്ത് എംബസി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് 12,000 രൂപയും നല്‍കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അറ്റസ്‌റ്റേഷന്‍, എമിഗ്രേഷന്‍, ക്ലിയറന്‍സ്, എക്‌സൈസ് നികുതി മുതലായവ ഉള്‍പ്പെടെ വന്‍തുക നല്‍കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഖദമാത്ത് എന്ന ഈ മെഡിക്കല്‍ പരിശോധാ കേന്ദ്രം നിലവില്‍ ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ രൂപ 5000 മാത്രമാണ് ഈടാക്കുന്നത്. പാക്കിസ്ഥാന്‍, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ ഖദാമത്ത് മെഡിക്കല്‍ പരിശോധന തുടങ്ങാന്‍ ശ്രമിച്ചെങ്കിലും ഇത്രയും തുക ഈടാക്കാന്‍ അനുവാദം കിട്ടാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിന്റെ (ജി സി സി) ആരോഗ്യ മന്ത്രാലയത്തിന്റെ നിയമമനുസരിച്ച് മെഡിക്കല്‍ പരിശോധനകള്‍ക്ക് 60 ഡോളറില്‍ കവിയരുതെന്ന നിയമം നിലനില്‍ക്കെയാണ് ഖദാമത്ത് മറികടന്നത്.
ഒരു ഇന്ത്യക്കാരനും മൂന്ന് കുവൈത്തികളും ഡയറക്ടര്‍മാരായാണ് ഖദാമത്ത് പ്രവര്‍ത്തിക്കുന്നതെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.
വലിയ പ്രതിഫലം ലഭിക്കാത്ത സാധാരണ തൊഴിലാളികള്‍, ഹെല്‍പ്പര്‍മാര്‍, മരപ്പണിക്കാര്‍, വെല്‍ഡര്‍മാര്‍, മേസ്തിരിമാര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയവരാണ് കുവൈറ്റിലേയ്ക്ക് തൊഴില്‍ തേടി എത്തുന്നവരില്‍ ഭൂരിഭാഗവും. ഇവരാണ് ഏജന്‍സികളുടെ ചൂഷണത്തിന് ഇരയാകുന്നത്.

 

Latest