ഫ്രഞ്ച് നേതാക്കളുടെ വിവരങ്ങളും യു എസ് ചാരന്‍മാര്‍ ചോര്‍ത്തി

Posted on: June 25, 2015 6:00 am | Last updated: June 25, 2015 at 12:48 am

പാരീസ്: രാജ്യത്തിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു പ്രവൃത്തിയും ആരില്‍ നിന്നും നീതികരിക്കാന്‍ ആകില്ലെന്ന് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെയുടെയും മുന്‍ പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസിയുടെയും വിവരങ്ങള്‍ അമേരിക്കന്‍ ചാരന്‍മാര്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സ് സര്‍ക്കാര്‍.
യു എസ് സര്‍ക്കാറാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നത്. ഫ്രഞ്ച് നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് 2013 അവസാനത്തോടെ യു എസ് ഉറപ്പ് തന്നിരുന്നതാണ്. ഇക്കാര്യങ്ങള്‍ യു എസ് ഓര്‍ക്കണം. ഇതു പാലിക്കാനും ആ രാജ്യം മുന്നോട്ടുവരണം- പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നത്. ചോര്‍ത്തല്‍ വിവരം പുറത്തുവന്നതോടെ, ഫ്രാന്‍സിലെ യു എസ് അംബാസിഡറെ ഫ്രാന്‍സ് വിദേശാകാര്യ മന്ത്രി ലോറന്‍സ് ഫേബിയസ് വിളിച്ചുവരുത്തി. ചോര്‍ത്തല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുന്ന യു എസിന്റെ നടപടി, ഫ്രാന്‍സുമായി ആ രാജ്യം സഖ്യത്തിലല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാഷിംഗ്ടണ്‍ ഡി സിയുമായുള്ള വ്യാപാര ചര്‍ച്ച റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2006 മുതല്‍ 2012 വരെ രഹസ്യമായി യു എസ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ലിബറേഷന്‍ പത്രവും മറ്റു വെബ്‌സൈറ്റുകളും വ്യക്തമാക്കിയിരുന്നു. ചോര്‍ത്തിയവയില്‍ അതീവ രഹസ്യ രേഖകളും ഉണ്ടെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പ്രസിഡന്റായി ഫ്രാന്‍സിസ് ഹോളണ്ട് അധികാരം ഏല്‍ക്കുന്നതിന്റെ തൊട്ടുമുമ്പ് 2012 മെയ് 22നാണ് അവസാനമായി ചാരപ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. സര്‍ക്കോസിയുമായി ബന്ധപ്പെട്ട പല രേഖകളും ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലെ മെര്‍ക്കലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയിരുന്നുവെന്ന നേരത്തെയുള്ള വെളിപ്പെടുത്തലുകള്‍ വന്‍വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഖ്യരാജ്യങ്ങളിലെ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍ എസ് എ)യോട് ആവശ്യപ്പെട്ടിരുന്നു.