സോളാര്‍ കേസില്‍ രണ്ടാം വിധി: ബിജു രാധാകൃഷ്ണനു പിഴ

Posted on: June 24, 2015 2:05 pm | Last updated: June 25, 2015 at 1:51 am

biju-radhakrishnan1ആലപ്പുഴ: സോളാര്‍ കേസില്‍ രണ്ടാം വിധിയും വന്നു. കേസിലെ രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണന് 1.96 ലക്ഷം രൂപ പിഴയാണു ശിക്ഷ. പിഴ നല്‍കിയില്ലെങ്കില്‍ ആറു മാസം തടവു അനുഭവിക്കേണ്ടിവരും. ചേര്‍ത്തല ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണു കേസില്‍ വിധി പറഞ്ഞത്.

ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി ജോണ്‍ തോമസില്‍ നിന്നു സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്നു പറഞ്ഞു 1.60 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കേസ്. സോളാര്‍ പാനല്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്നു പണം തിരികെ ചോദിച്ചപ്പോള്‍ ബിജു ബ്ലാങ്ക് ചെക്ക് നല്‍കി കബളിപ്പിക്കുകയായിരുന്നു.

കേസില്‍ ടീം സോളാര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍ രണ്ടാം പ്രതിയുമാണ്. സരിത നായര്‍ ഈ കേസില്‍ പ്രതിയല്ല. പ്രോസിക്യൂഷന്റെ പിടിപ്പുകേടുകൊണ്ടാണു കേസില്‍ സരിത പ്രതിയാകാതിരുന്നതെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ബിജു രാധാകൃഷ്ണന്‍ കോടതിക്കു പുറത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.