ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു

Posted on: June 24, 2015 10:23 am | Last updated: June 24, 2015 at 1:23 pm

മഞ്ചേരി: ജില്ലയിലെ ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങി. അരീക്കോട് ഗവണ്‍മെന്റ് ആശുപത്രി ലേഡി ഡോക്ടറെ രോഗിയുടെ ബന്ധു കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെ ജി എം ഒ എയുടെ ആഭിമുഖ്യത്തിലുള്ള ഡോക്ടര്‍മാരാണ് പണിമുടക്കിയത്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ ഒ പി ഐ പി എന്നിവ നടന്നില്ലെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ പി, ഐ പി എന്നിവ ഭാഗികമായി നടന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കെ ജി എം ഒ എ നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. മെഡിക്കല്‍ കോളജിലെ മൂന്ന് അനസ്തറ്റിസ്റ്റുകളില്‍ രണ്ടു പേരും പണിമുടക്കിലായതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. ജില്ലയിലെ ആശുപത്രികളില്‍ ഒ പിയിലെത്തിയ രോഗികള്‍ ഡോക്ടര്‍മാരെ കാണാതെ വിഷമിച്ചു. അത്യാഹിത വിഭാഗവും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കെ ജി എം ഒ എ ഭാരവാഹികള്‍ പറഞ്ഞു. അരീക്കോട് ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
രോഗികളോട് അവജ്ഞതയോടെ പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ലേഡി ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഡോക്ടറുടെയും കെ ജി എം ഒ എ ഭാരവാഹികളുടെയും പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റുണ്ടായിട്ടില്ല. അറസ്റ്റ് നടക്കാത്ത സാഹചര്യത്തില്‍ അഡ്മിറ്റിലുള്ള രോഗികളെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും സമരത്തിലുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു.