Connect with us

Kerala

ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 27ന് രാവിലെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ മഴ ഏറെ ശക്തിയാര്‍ജിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളാ തീരത്തും ലക്ഷദ്വീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45- 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട് മേഖലകളിലാണ് കാറ്റ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത.
ഒഡീഷ തീരത്തും മുബൈക്ക് പടിഞ്ഞാറും രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ കാറ്റിനു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കടലാക്രമണം ശക്തമായി തുടരുകയാണ്. മലപ്പുറത്തും ശക്തമായ കടലാക്രമണം തുടരുകയാണ്. തൃശൂരും പാലക്കാടും നിരവധി വീടുകള്‍ തകര്‍ന്നു. പാലക്കാട് 113 വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും ഭാഗികമായി തകര്‍ന്നത്.
കോഴിക്കോട്ട് ശക്തമായ കാറ്റിലും മഴയിലും ഒരു കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി.

Latest