Connect with us

Kerala

പാഠപുസ്തക പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ പുസ്തകവുമായി ഐ ടി@സ്‌കൂള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തക പ്രതിസന്ധിക്ക് ആശ്വാസമാകാന്‍ ഡിജിറ്റല്‍ പുസ്തകങ്ങളുമായി ഐ ടി @ സ്‌കൂള്‍. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുമായാണ് ഐ ടി സ്‌കൂള്‍ പ്രതിസന്ധിക്ക് ആശ്വാസമാകാന്‍ ശ്രമിക്കുന്നത്. www.dct.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ലഭ്യമാണ്.
അതേ സമയം രണ്ട്, നാല് , ആറ്, എട്ട് ക്ലസുകളിലെ പാഠപുസ്തകങ്ങളില്‍ ചെറിയ ഭാഗങ്ങള്‍ മാത്രം ലഭ്യമായതിനാല്‍ ഈ ക്ലാസുകളിലെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ പൂര്‍ണമല്ല. വെബ്‌സൈറ്റില്‍ പഠിക്കുന്ന ക്ലാസ് സെലക്ട് ചെയ്ത് ആവശ്യമായ വിഷയവും പാഠവും എന്റര്‍ ചെയ്ത് പുസ്തക ഭാഗം തിരഞ്ഞെടുക്കാവുന്നതാണ്.
പത്താം ക്ലാസ് പുസ്തകങ്ങള്‍ക്ക് അച്ചടി പുസ്തകത്തിലുള്ളതിന് പുറമേ ഡിജിറ്റല്‍ പതിപ്പില്‍ നിരവധി ഐ ടി ഓപ്ഷനുകളും കൊടുത്തിട്ടുണ്ട്. അധിക വിവരങ്ങള്‍ ആവശ്യമായ സ്ഥലങ്ങള്‍ക്ക് ഹാര്‍ഡ് സ്‌പോട്ട് ആയി കാണിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ലിങ്ക് പരിശോധിച്ചാല്‍ ആവശ്യമായ അധിക വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉദാഹരണത്തിന് അല്‍ഷൈമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന് വിശദീകരണമായി നടന്‍ മോഹന്‍ലാല്‍ തന്മാത്ര എന്ന ചിത്രത്തില്‍ അല്‍ഷൈമേഴ്‌സ് രോഗിയുടെ കഥാപാത്രത്തിനുശേഷം രോഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണത്തിന്റെ വീഡിയോ ക്ലിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് കുട്ടികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.
അവയവ ദാനത്തെക്കുറിച്ചുള്ള ഭാഗത്തിന് വിശദീകരണമായി അവയവങ്ങള്‍ ദാനം ചെയ്ത പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കുന്ന വിവരണം ലഭ്യമാണ്. കൂടാതെ കുട്ടികള്‍ക്ക് ഉപയോഗപ്പെടുന്ന തരത്തില്‍ ബഹിരാകാശ ഗവേഷണത്തെക്കുറിച്ചുള്ള ഐ എസ് ആര്‍ ഒ മുന്‍ ഡയറക്ടര്‍ ജി മാധവന്‍ നായരുടെ വീഡിയോ ക്ലിപ്പിംഗും നല്‍കിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകളെക്കുറിച്ചുള്ള മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും മന്ത്രി എം കെ മുനീറിന്റെയും വിവരണങ്ങളും നല്‍കിയിട്ടുണ്ട്. വായിക്കുന്ന ആര്‍ക്ക് വേണമെങ്കിലും പുസ്തകത്തിന് ആവശ്യമായ അധികം വിവരങ്ങള്‍ നല്‍കാനാകുമെന്നതാണ് വെബ്‌സൈറ്റിന്റെ മറ്റൊരു പ്രത്യേകത. ആദ്യഘട്ടത്തില്‍ ഇത്തരം വിവരങ്ങള്‍ വെബ്‌സൈറ്റിന്റെ പ്രൈമറി സര്‍വറിലായിരിക്കും ഉണ്ടാകുക. അതിന് ശേഷം ഐ ടി @സ്‌കൂളിലെ അധ്യാപകരുടെ പ്രത്യേക സംഘം ഇവ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ഇവക്ക് ആവശ്യമായ ലിങ്ക് നല്‍കും.

---- facebook comment plugin here -----

Latest