ജീവിതച്ചെലവ് കുതിച്ചുപായുന്നു

Posted on: June 23, 2015 2:51 pm | Last updated: June 23, 2015 at 2:51 pm

kannaadiറമസാനില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടുവെന്നുവേണം അനുമാനിക്കാന്‍. ആവശ്യക്കാര്‍ വര്‍ധിച്ചിട്ടും ക്രമാതീതമായ വിലക്കയറ്റം അനുഭവപ്പെട്ടിട്ടില്ല. എന്നാലും പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് നേരിയ തോതില്‍ വിലകയറിയിട്ടുണ്ട്.
ഉല്‍പാദക രാജ്യങ്ങളിലെ വിലക്കയറ്റം ഗള്‍ഫ് കമ്പോളത്തില്‍ പ്രതിഫലിച്ചതാണ് കാരണം. പൊതുവെ, ഉപഭോക്തൃ വിലസൂചിക വര്‍ധിക്കുന്ന കാലമാണ്. കഴിഞ്ഞ മാസം ദുബൈയില്‍ 4.6 ശതമാനമാണ് വര്‍ധിച്ചത്. 2009നു ശേഷമുള്ള വലിയ വര്‍ധനവാണിത്. ഓരോ മാസം 0.6 ശതമാനം വര്‍ധിക്കുന്നുണ്ടത്രെ.
വീട്ടുവാടക, വൈദ്യുതി, വെള്ളം നിരക്ക് ആണ് താങ്ങാന്‍ കഴിയാത്തത്. ചെലവിന്റെ 44 ശതമാനം ഈ വകയിലാണ്. ഓരോ വര്‍ഷം 7.8 ശതമാനമാണ് കൂടുന്നത്. ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും പാനീയങ്ങള്‍ക്കും 11 ശതമാനം ചെലവു ചെയ്യേണ്ടിവരുന്നു. 1.6 ശതമാനമാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്.
ഇടത്തരക്കാരെയും തൊഴിലാളികളെയുമാണ് പണപ്പെരുപ്പം ദുരിതത്തിലാഴ്ത്തുന്നത്. വരുമാനത്തില്‍ നാമമാത്ര വര്‍ധന പോലും സാധ്യമാകുന്നില്ല. ഇടത്തരം വ്യാപാരം നടത്തുന്നവര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. റസ്റ്റോറന്റുകളിലും ഗ്രോസറികളിലും വ്യാപാരം കുറവാണ്. തൊഴിലാളികളും ഇടത്തരം കുടുംബങ്ങളുമാണ് ഇടത്തരം റസ്റ്റോറന്റുകളിലും ഗ്രോസറികളിലും ചെലവു ചെയ്യുന്നത്. പരസ്പര ബന്ധിതമാണ് ഇവരുടെ നില നില്‍പ്.
വാടക കൂടുമ്പോള്‍, മറ്റു മേഖലകളില്‍ ചെലവു ചെയ്യുന്നത് കുറയും. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നം. കമ്പോളത്തില്‍ ക്രയ വിക്രയം സജീവമല്ല. ജീവിതച്ചെലവ് കൂടിയതിനാല്‍ പലരും കുടുംബങ്ങളെ നാട്ടിലേക്കയച്ചു. താമസകെട്ടിടങ്ങള്‍ പലതും ഒഴിഞ്ഞു കിടക്കുന്നു എന്നാലും വാടക കുറയുന്നില്ല.
അബുദാബിയില്‍ വാടക കഴിഞ്ഞ വര്‍ഷം 12 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. ധാരാളം പുതിയ കെട്ടിടങ്ങള്‍ വന്നിട്ടും ഇതാണ് സ്ഥിതി. ഇടനിലക്കാര്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുവെന്ന് അനുഭവസ്ഥര്‍ കുറ്റപ്പെടുത്തുന്നു.
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും ചെലവു കൂടിയ നഗരങ്ങളായി അബുദാബിയും ദുബൈയും മാറി. ലോകത്ത് 33-ാം സ്ഥാനമാണ് അബുദാബിക്ക്. ദുബൈക്ക് 23-ാം സ്ഥാനവും.
ഇന്ത്യക്കാരെ സംബന്ധിച്ച് ദിര്‍ഹത്തിന് വിലകൂടിയതാണ് അല്‍പം ആശ്വാസം. നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയും. പക്ഷേ, നാട്ടില്‍ പെട്രോളിനും മറ്റും വില വര്‍ധിച്ചതിനാല്‍ മിച്ചം വെക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. റമസാനും മഴക്കാലവുമായതിനാല്‍ നാട്ടില്‍ മത്സ്യമാംസാദികള്‍ക്ക് വിലകയറിയിട്ടുണ്ട്. അവിടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ്.