ആയിരങ്ങളെ നോമ്പ് തുറപ്പിച്ച് മഅ്ദിന്‍

    Posted on: June 23, 2015 1:17 pm | Last updated: June 23, 2015 at 1:17 pm

    മലപ്പുറം: വിശുദ്ധ റമസാന്‍ മാസം എത്തിയതോടെ പള്ളികളിലും ഓഡിറ്റോറിയങ്ങളിലുമായി സമൂഹ നോമ്പുതുറ സജീവമായി.
    ഏവര്‍ക്കും മാതൃകയാക്കാവുന്ന നോമ്പുതുറയാണ് മഅ്ദിന്‍ അക്കാദമിയൊരുക്കുന്ന സമൂഹ നോമ്പ്തുറ. ദിനേന ഇവിടെയെത്തുന്ന ആയിരങ്ങള്‍ക്കാണ് നോമ്പ്തുറക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
    റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന ഇരുപതിന കര്‍മ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് സമൂഹ നോമ്പ്തുറ. റമസാന്‍ ഒന്ന് മുതല്‍ മുപ്പത് ദിവസവും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നോമ്പ്തുറ ഇത് ആറാം വര്‍ഷമാണ്. നോമ്പുതുറയിലെ പ്രധാന വിഭവമായ പത്തിരി സ്വലാത്ത് നഗറിന് സമീപത്തെ വീട്ടുകാര്‍ തന്നെയാണ് പാകം ചെയ്യുന്നത്. എല്ലാ ദിവസവും വൈകീട്ട് വളണ്ടിയര്‍മാര്‍ മുഖേന അഞ്ഞൂറില്‍ പരം വീടുകളില്‍ നിന്നാണ് പത്തിരി എത്തിക്കുന്നത്. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിന്റെ രണ്ടാം നിലയില്‍ കാരക്കയും ജ്യൂസും പഴങ്ങളും പലഹാരങ്ങളുമായി ആദ്യം ലഘുവായ നോമ്പ് തുറ നടക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലില്‍ വിഭവ സമൃദ്ധമായ ഭക്ഷണം. ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം നഗരത്തിലെ വ്യാപാരികള്‍, വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ പരിസര പ്രദേശങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികള്‍, പോലീസുകാര്‍, ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍, നാട്ടുകാര്‍, ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്ന കൂട്ടിരിപ്പുകാര്‍, യാത്രക്കാര്‍ എന്നിവരാണ് നോമ്പ് തുറക്കെത്തുന്ന അതിഥികള്‍. മഅ്ദിന്‍ എജ്യുപാര്‍ക്ക്, പി കെ ഉസ്താദ് മഖാം പള്ളി എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് പാകം ചെയ്ത വിഭവങ്ങളാണ് എത്തിക്കുന്നത്. ഇതിന് പുറമെ, ഇഅ്തികാഫ് ജല്‍സക്ക് എത്തുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങളും മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുണ്ട്.