റമാസാന്‍ ദിനങ്ങളെ ധന്യാക്കി വിജ്ഞാന വേദികള്‍

    Posted on: June 23, 2015 1:12 pm | Last updated: June 23, 2015 at 1:12 pm

    കോട്ടക്കല്‍: വിശുദ്ധ റമസാന്‍ ദിനങ്ങളെ ധന്യമാക്കി വിജ്ഞാന സദസുകള്‍ സജീവമായി. പള്ളികള്‍, മദ്‌റസകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അറിവിന്റെ സദസുകള്‍ സജീവമായിരിക്കുന്നത്. റമസാനിന്റെ മുന്നൊരുക്കമായി പള്ളികളില്‍ നിന്നാണ് വിജ്ഞാന വേദികള്‍ക്ക് തുടക്കം കുറിച്ചത്.
    വിവിധ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ അവസരം ഒരുക്കിയാണ് പലയിടത്തും അറിവിന്റെ സദസുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖരായ പണ്ഡിതന്‍മാരാണ് ഇവക്ക് നേതൃത്വം നല്‍കുന്നത്. ചിട്ടയൊപ്പിച്ച് തികച്ചും ആസൂത്രിതമായി നടത്തുന്നതിനാല്‍ സുന്നി സംഘടനകള്‍ നടത്തുന്ന ക്ലാസുകളെ വേറിട്ടതാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പഠനമാണ് ചിലയിടങ്ങളില്‍. ഫിഖ്ഹിന്റെ നൂലിഴ കീറിയുള്ള ചര്‍ച്ചകളാണ് മറ്റിടങ്ങളില്‍. ബുര്‍ദ, മാല, മൗലിദുകള്‍ ചര്‍ച്ചചെയ്യുന്ന സദസുകളും പലയിടങ്ങളിലുമുണ്ട്.
    നവീനാശയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുന്ന ചര്‍ചാ വേദികളും ഇത്തരത്തില്‍ സംഘടിക്കപ്പെട്ടവയിലുണ്ട്. പളളികളില്‍ സുബ്ഹ്, തറാവീഹ് നിസ്‌കാരങ്ങള്‍ക്ക് ശേഷമാണ് ഇത്തരം വേദികള്‍. ഇതിന് പുറമെ വനികള്‍ക്ക് മാത്രമായുള്ള സദസുകളും ഇതോടൊപ്പം നടത്തി വരുന്നുണ്ട്. ഓഡിറ്റോറിയങ്ങള്‍, മദ്‌റസകള്‍ എന്നിവിടങ്ങളിലാണ് ഇത്തരം വേദികള്‍. ആത്മീയമായ ഉയര്‍ച്ചക്കൊപ്പം റമസാനിന്റെ ദിനങ്ങളെ അറിവുകള്‍കൊണ്ട് ധന്യമാക്കി മാറ്റുന്നതിനായി വിശുദ്ധ റമസാനിന്റെ ദിനങ്ങളെ വിശ്വാസികള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട്. റമസാന്‍ മുപ്പത് ദിനം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പലയിടങ്ങളിലും ആസൂത്രണം ചെയ്്തിരിക്കുന്നത്. ചോദ്യോത്തരങ്ങള്‍ക്ക് അവസരം ലഭികുന്നതിനാല്‍ പലരും അറിവുകള്‍ സമ്പാദിക്കാനായി റമസാനിലെ വിജ്ഞാന വേദികളെ ഏറെ ഉപയോക്കുന്നതോടെ സദസുകള്‍ കൂടുതല്‍ സജീവമാവുകയാണിപ്പോള്‍.