അന്യസംസ്ഥാനങ്ങളിലെ മത്സ്യവും വിഷമയം

    Posted on: June 21, 2015 5:19 pm | Last updated: June 21, 2015 at 5:19 pm

    FISH_1634260fതിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രോളിംഗ് നിരോധം മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വ്യാപകമാകുന്നു. വിഷലിപ്തമായ പച്ചക്കറികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് മീനിലും മാരകമായ രാസ വസ്തുക്കളുടെ അളവ് ശ്രദ്ധിക്കപ്പെട്ടത്. അമോണിയം ക്ലോറൈഡ്, ഫോര്‍മാലിന്‍, യൂറിയ തുടങ്ങിയ രാസവസ്തുക്കളും കീടനാശിനികളും ചേര്‍ത്ത മത്സ്യങ്ങളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വില്‍പ്പനക്കായി എത്തുന്നത്. ജില്ലയില്‍ വിറ്റഴിക്കുന്ന മത്സ്യത്തിന്റെ പകുതിയിലധികവും എത്തുന്നത് കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ്. ഇങ്ങനെ എത്തുന്ന മത്സ്യങ്ങളിലാണ് രാസവസ്തുക്കളും കീടനാശിനികളും ചേര്‍ക്കുന്നത്. മത്സ്യം ദിവസങ്ങളോളം കേടാകാതിരിക്കാനാണ് ഇത്തരത്തില്‍ മായം ചേര്‍ക്കുന്നത്. പച്ചക്കറിയിലെ എന്‍ഡോസള്‍ഫാന്‍ പോലെ അപകടകാരിയാണ് അമോണിയ സാന്നിധ്യവും.
    മത്തി, അയല, വാള, നെയ്മീന്‍, ചൂര, നെയ്മീന്‍ചൂര എന്നിവയാണ് പ്രധാനമായും അമോണിയം ക്ലോറൈഡ് ചേര്‍ത്ത് വില്‍ക്കുന്നത്. ഇത്തരം മത്സ്യങ്ങളില്‍ അമോണിയയുടെ സാന്നിധ്യം വേഗം മനസ്സിലാക്കാം. പക്ഷേ വലിയ മത്സ്യങ്ങളില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കില്ല. പ്രത്യേകതരം ഐസ് ഉപയോഗിച്ചാണ് മത്സ്യങ്ങളില്‍ അമോണിയം ക്ലോറൈഡിന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ഐസ് സാധാരണ ഐസിനെപ്പോലെ അലിഞ്ഞു പോവുകയില്ല. കൂടുതല്‍ സമയം ഇത്തരം ഐസില്‍ സൂക്ഷിക്കുമ്പോള്‍ അമോണിയ മത്സ്യത്തിലേക്ക് പകരും. പിന്നീട് ഐസില്‍ നിന്ന് പുറത്തെടുത്താല്‍ മത്സ്യം ചുവന്നു തുടങ്ങും.
    വെള്ളത്തില്‍ ഇട്ടുവച്ചാല്‍ മത്സ്യത്തിന്റെ കണ്ണും തലയും ചുവന്നുതുടങ്ങുമെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം മത്സ്യം കഴിക്കുന്നത് ഛര്‍ദ്ദിയും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. സ്ഥിരമായി കഴിക്കുന്നവര്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.തൂത്തുകൂടി, കന്യാകുമാരി, കുളച്ചല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യങ്ങള്‍ കൂടുതലായും ജില്ലയില്‍ എത്തുന്നത്.
    ചില ചെറുകിട കച്ചവടക്കാര്‍ അമോണിയ ചേര്‍ത്ത മത്സ്യങ്ങള്‍ കേടാകാതിരിക്കാനായി മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ചേര്‍ക്കുന്നതും പതിവാണ്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധം നടപ്പായതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ അളവ് കൂടുകയും വില ഉയരുകയും ചെയ്തിട്ടുണ്ട്