റഷ്യ ഉക്രൈനുമേലുള്ള ഉപരോധം ശക്തമാക്കും

Posted on: June 19, 2015 5:33 am | Last updated: June 19, 2015 at 12:33 am

സെന്റ്പീറ്റര്‍ബര്‍ഗ്: റഷ്യക്കെതിരെ യൂറോപ്യന്‍ യൂനിയന്റെ ഉപരോധം തുടരുകയാണെങ്കില്‍ ഉക്രൈനിനു മേലുള്ള റഷ്യയുടെ നിലപാട് ശക്തമാക്കുമെന്ന് ക്രെംലിന്‍ സാമ്പത്തിക ഉപദേഷ്ടാവായ ആന്ത്രേയി ബിലൗസോവ്. സൈന്റ് പീറ്റേര്‍സ്ബര്‍ഗില്‍ വെച്ചുള്ള അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രതിനിധിയായ അന്ത്രേയി ബിലൗസോവ്. റഷ്യക്കെതിരെയുള്ള യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക ഉപരോധം 2016 ജനുവരി അവസാനം വരെ തുടരാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഞങ്ങള്‍ വളരെ വിശാലമായ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ കൈകൊള്ളുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. യൂറോപ്യന്‍ യൂനിയന്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനങ്ങളുടെ അന്തിമ രൂപം. ബിലൗസോവ് വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ ഇറക്കുമതി, യൂറോപ്യന്‍ ഉദ്യോഗസ്ഥരുടെ യാത്ര തുടങ്ങിയവയുടെ നിരോധം ഉള്‍പ്പെടേയുള്ള പ്രത്യുപരോധ തീരുമാനങ്ങളായിരിക്കും കൈ കൊള്ളുക എന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.