Connect with us

International

റമസാന്‍: ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ന് വാഗ അതിര്‍ത്തിയില്‍ 113 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറും. വിശുദ്ധ റമസാന്‍ പ്രമാണിച്ച് മലിര്‍ ജയിലിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ഇസ്‌ലാമാബാദില്‍ നിന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് മുഹമ്മദ് ഹുസൈന്‍ ഷെട്ടോ മാധ്യമങ്ങളോട് പറഞ്ഞു. ജയില്‍ മോചനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഫിഷര്‍ ഫോക്ക് ഫോറവും ജയില്‍ ജീവനക്കാരും മത്സ്യത്തൊഴിലാളികള്‍ക്ക് പക്കിസ്ഥാനിലെ പരമ്പരാഗത സമ്മാനമായ അജ്‌റാക് (കറുത്ത പുള്ളിയുള്ള ഷാളുകള്‍) സമ്മാനിച്ചു. റമസാന്‍ ആശംസകള്‍ നേരാന്‍ വേണ്ടി മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ വിളിക്കുകയും സമാധാനപരവും സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത്. ഇന്ത്യയിലെ പാക് മത്സ്യത്തൊഴിലാളികളെയും വിട്ടയക്കുമെന്ന് മോദി, ശരീഫിനോട് പറഞ്ഞു. ഇത് ഇരുരാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് അല്‍പ്പം സമാധാനം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാക്കാ സന്ദര്‍ശനവേളയില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച മോദിയുടെ പ്രഭാഷണത്തോടെ ഇരുരാജ്യനേതാക്കള്‍ക്കിടയില്‍ പരസ്പരം കുറ്റപ്പെടുത്തി വാക്കുകള്‍കൊണ്ട് ശീതസമരം ആരംഭിച്ചിരുന്നു.

Latest