‘രാത്രി കാലങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം’

Posted on: June 18, 2015 9:15 pm | Last updated: June 18, 2015 at 9:27 pm

Drinking-Water (1)അബുദാബി: കഠിനമായ ചൂടുള്ളത് കൊണ്ട് വ്രതമാസത്തില്‍ രാത്രി കാലങ്ങളില്‍ വിശ്വാസികള്‍ ധാരാളം വെള്ളം കുടിക്കണമെന്ന് അബുദാബി അഹല്യ ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പ്രേമാനന്ദന്‍ പറഞ്ഞു.
കുറഞ്ഞത് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം. ഭക്ഷണത്തില്‍ മിതത്വം പാലിക്കണം. നോമ്പ് തുറക്കുന്ന സമയത്ത് പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇത്തരം ഭക്ഷണങ്ങള്‍ പലവിധ രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. എണ്ണ അമിതമായി ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറില്‍ കഴിക്കുന്നത് അസുഖം ക്ഷണിച്ച് വരുത്തും.
പ്രമേഹ രോഗികള്‍ സ്ഥിരം കാണുന്ന ഡോക്ടര്‍മാരെ കണ്ട് ആവശ്യമായ ഉപദേശം സ്വീകരിക്കണം. ഡൈമോണില്‍ ഗ്ലുക്കോവാന്‍സ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, നീരിനുള്ള ഗുളിക കഴിക്കുന്നവര്‍ നിയന്ത്രണം ആവശ്യമുള്ളത് കൊണ്ട് ഡോക്ടര്‍മാരെ സമീപിക്കണം. കഠിനമായ ചൂടായതിനാല്‍ വ്രതമെടുത്ത് അമിത ഭാരമുള്ള ജോലി ചെയ്യുന്നത് അപകടം ക്ഷണിച്ച് വരുത്തും. ദീര്‍ഘ ദൂരയാത്രയും ഒഴിവാക്കണം. വയറല്‍ ഫഌവര്‍ ഉള്ളത് കൊണ്ട് കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ രോഗ ലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറെ സമീപിക്കണം. ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഉംറക്ക് പോകുന്നവര്‍ വാക്‌സിനേഷന്‍ എടുത്ത് കുറഞ്ഞത് നാല് ആഴ്ച കഴിഞ്ഞതിന് ശേഷം മാത്രമേ ഉംറക്ക് യാത്ര ചെയ്യാവൂ. വാക്‌സിനേഷന്‍ എടുത്ത ഉടനെ യാത്ര ചെയ്യുന്നത് മരുന്നിന്റെ ഗുണം ലഭിക്കുവാനുള്ള സാധ്യത കുറക്കും. നോമ്പ് എടുക്കുന്നവര്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം. മധുരപലഹാരങ്ങളും മസാല ഉല്‍പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ചായ, കാപ്പി, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവ കുറച്ച് കഞ്ഞി, സൂപ്പ്, പാല്, മോര്, ജ്യൂസ് എന്നിവ കഴിക്കണം.
അമിതവണ്ണമുള്ളവര്‍ വണ്ണം കുറക്കുന്നതിനും സാധാരണ വള്ളമുള്ളവര്‍ ശരീരഭാരം നില നിര്‍ത്താന്‍ ആവശ്യമായ രീതിയിലും ഭക്ഷണം ക്രമീകരിക്കണം. പുകവലിക്കുന്നതും, പുകയില ഉപയോഗിക്കുന്നതും പൂര്‍ണമായും ഉപേക്ഷിക്കണം. ആരോഗ്യ പ്രശ്‌നമുള്ളവര്‍ സ്ഥിരം ഡോക്ടറെ കണ്ട് പരിഹാരം തേടണമെന്നും ഡോ. പ്രേമാനന്ദന്‍ വ്യക്തമാക്കി.