Connect with us

Ongoing News

റമസാന്‍ പഴ വിപണിയില്‍ വൈദേശിക ആധിപത്യം

Published

|

Last Updated

കോഴിക്കോട്: നോമ്പിനോടനുബന്ധിച്ചുള്ള പഴവിപണിയും വിദേശ പഴങ്ങള്‍ കീഴടക്കി. തായ്‌ലന്റ്, ഈജിപ്ത്, യു എസ്, ചൈന, ചിലി, ന്യൂസ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പഴങ്ങളാണിപ്പോള്‍ പ്രധാനമായും വിപണിയിലുള്ളത്. വിദേശത്ത് നിന്ന് എത്തുന്ന പഴങ്ങള്‍ അന്വേഷിച്ചാണ് ആളുകള്‍ കൂടുതലായും എത്തുന്നത് എന്നത് പഴങ്ങളുടെ ഇറക്കുമതി സജീവമാക്കുന്നുണ്ട്.
ചിലിയില്‍ നിന്നുള്ള കുരുവുള്ള ചുവന്ന മുന്തിരിയാണ് വിപണയിലെ താരം കിലോക്ക് 300 രൂപയാണ് വില. സബര്‍ജില്ലിന്റെ വകഭേദമായി ചൈയില്‍ നിന്നെത്തുന്ന പിയറിന് കിലോ 200 ആണ് വില. സ്വദേശിയായി ഉള്ളത് മുമ്പ് ഇറക്കുമതി ചെയ്തിരുന്ന മാങ്കോയിസ്റ്റിനും റംബൂട്ടാനുമാണ്. ഇവ രണ്ടും ഇന്ന് കേരളത്തില്‍ സുലഭമായി ലഭ്യമാകുന്നുണ്ടെന്ന് പാളയം പി കെ സി ഫ്രൂട്ട്‌സ് സ്റ്റാളിലെ ജീവനക്കാര്‍ പറഞ്ഞു. വയനാട്ടില്‍ നിന്ന് എത്തിയ റംബൂട്ടാന് 250 രൂപയും ഇന്ത്യന്‍ മാങ്കോയിസ്റ്റിന് 270 രൂപയുമാണ് വില. 40 മുതല്‍ 60 രൂപവരെ ഉണ്ടായിരുന്ന ഓറഞ്ചിന് കിലോക്ക് 80 രൂപയാണ്. ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓറഞ്ചും വിപണിയിലുണ്ട്. പച്ചക്കാരക്ക കിലോക്ക് 80 രൂപയാണ്. ഗുജറാത്തില്‍ നിന്നാണ് മലയാളിയുടെ നോമ്പു തുറ വിഭവങ്ങള്‍ക്കൊപ്പം നിറം പകരാന്‍ മഞ്ഞ ചുവപ്പ് നിറങ്ങളില്‍ പച്ചക്കാരക്ക എത്തിയിരിക്കുന്നത്. ക്യാന്‍സറിനെ തടുക്കാന്‍ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രാവിയോള എന്ന പേരിലറിയപ്പെടുന്ന മുള്ളന്‍ചക്കയും വിപണിയിലുണ്ട്. ഇതിനും ആവശ്യക്കാരേറെയാണ്. വിപണിയില്‍ ലഭിക്കുന്ന വലിയ തണ്ണിമത്തന്‍ ഇറാനില്‍ നിന്ന് വരുന്നവയാണ്. ബെല്‍ജിയത്തുനിന്നുള്ള ആപ്പിളിന് 125 രൂപയും ചൈനയില്‍ നിന്നുള്ള ഫ്യുജി ആപ്പിളിന് 120 രൂപയുമാണ്. ബംഗനപ്പള്ളി, സിന്ദൂരം, ചക്കരക്കുട്ടി, അല്‍ഫോണ്‍സ, സേലം തുടങ്ങിയ പേരിലും കാഴ്ചയിലും വൈവിധ്യമുള്ള മാമ്പഴങ്ങളാണ് വിപണയിലെ മറ്റൊരു താരം. 30 രൂപ മുതല്‍ 120 രൂപ വരെയുണ്ട് വില.
ജില്ലയിലെ പ്രധാന പച്ചക്കറി പഴവിപണിയായ പാളയം മാര്‍ക്കറ്റില്‍ രാവിലെ തന്നെ തിരക്ക് തുടങ്ങും. ബസ് സ്റ്റാന്‍ഡും മറ്റും കേന്ദ്രീകരിച്ച് വിലകുറച്ചു വില്‍ക്കുന്നവരും റമസാനോടെ സജീവമാണ്. മഴ ശക്തിപ്പെടുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ പഴവില കുറഞ്ഞുവരുമെന്നും പറയപ്പെടുന്നുണ്ട്.