എന്നാണ് ആ ദിനം പുലരുക?

Posted on: June 18, 2015 5:47 am | Last updated: June 17, 2015 at 11:48 pm

ആധുനിക സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹിക- സാമ്പത്തിക- ആരോഗ്യ പ്രശ്‌നമായി ലഹരിപദാര്‍ഥങ്ങളുടെ ഉത്പാദനവും വിതരണവും ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ലഹരി ഉപയോഗത്തിന് ഏറെ പഴക്കമുണ്ട്. മദ്യോപയോഗത്തെ മതങ്ങളും മനുഷ്യസ്‌നേഹികളും ചരിത്രാതീതകാലം മുതല്‍ വിലക്കിയിട്ടുണ്ട്. എന്നിട്ടും ലഹരിയില്‍ ജനം മുങ്ങിത്താഴുകയാണ്. ആശ്വാസം തരുന്ന തുരുത്തുകളെന്നുകരുതി പാഞ്ഞടുക്കുന്ന മനുഷ്യന്‍ മരണഗര്‍ത്തങ്ങളിലേക്കാണ് നിപതിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം രോഗങ്ങള്‍ക്ക് മുഖ്യനിദാനമായിരിക്കുന്നത് മദ്യ ഉപയോഗമാണ്. അത് ആരോഗ്യം, സാമൂഹികം, സാമ്പത്തികം എന്നീ മേഖലകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മദ്യ ഉപയോഗം അകാലമരണത്തിനും അംഗവൈകല്യത്തിനും കാരണമാകുന്ന അഞ്ചാമത്തെ അപകട ഘടകമാണ്. വികസ്വര രാജ്യങ്ങളില്‍ മരണത്തിന്റെയും അംഗവൈകല്യത്തിന്റെയും മുഖ്യകാരണം മദ്യമാണ്. വികസിത രാജ്യങ്ങളില്‍ മരണത്തിന്റെ പ്രധാനകാരണം പുകയിലയും രക്തസമ്മര്‍ദവുമാണ്. മൂന്നാമത്തെ ഘടകം മദ്യമാണ്.
കുടിക്കുന്നതിന്റെ അളവും നിലയും സാഹചര്യവും പ്രാദേശികമായും ദേശീയമായും വ്യത്യാസപ്പെട്ടിരുന്നാലും 2010ല്‍ മദ്യത്തിന്റെ അമിത ഉപയോഗം മൂലം 3.3 മില്യണ്‍ അകാലമരണം ലോകത്ത് സംഭവിച്ചു. ഇത് ലോകമരണ നിരക്കിന്റെ 5.9 ശതമാനമാണ്. ലോകത്തിലെ 5.1 രോഗങ്ങള്‍ക്കു കാരണവും മദ്യപാനമാണ്. ലഹരി ഉപയോഗത്തില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രമേ കേരളത്തിലുള്ളൂ എങ്കിലും മദ്യവില്‍പനയുടെ 16 ശതമാനവും ഇവിടെയാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മദ്യമാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. ആളോഹരി മദ്യപാനത്തില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി 8.3 ലിറ്ററുമായി കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. മുമ്പ് 300 പേരില്‍ ഒരാള്‍ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപിക്കുന്നു. ജനസംഖ്യയില്‍ 5 ശതമാനം പൂര്‍ണമായും മദ്യത്തിന് അടിമകളായി മാറി. 1984ല്‍ മദ്യ ഉപഭോക്താക്കളുടെ കുറഞ്ഞ പ്രായം 18 ആയിരുന്നത് ഇപ്പോള്‍ 13 വയസ്സിലെത്തി നില്‍ക്കുന്നു. 1984 ല്‍ സംസ്ഥാനത്ത് ബിവറേജ് രൂപംകൊണ്ട വര്‍ഷം മദ്യത്തില്‍ നിന്നുള്ള വരുമാനം 55.46 കോടി ആയിരുന്നുവെങ്കില്‍ 2013-14 ല്‍ അത് 9353.74 കോടി രൂപയാണ്. കേരളത്തിലെ ബിവറേജ് ഷോപ്പുകളില്‍ പ്രതിദിനം 12 ലക്ഷം പേരാണ് മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത്. മദ്യപാനം മൂലം കേരളത്തില്‍ എട്ട് ലക്ഷം പേര്‍ കരള്‍ രോഗികളായി മാറി. ഹൃദ്‌രോഗികളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചു. മുപ്പതിനായിരം പേരാണ് പ്രതിവര്‍ഷം ഹൃദ്‌രോഗം മൂലം മരിക്കുന്നത്. ജനസംഖ്യയുടെ 3.1 ശതമാനം മാത്രമുള്ള കേരളത്തിലാണ് ആത്മഹത്യയുടെ 10 ശതമാനവും നടക്കുന്നത്. ഒരു ലക്ഷത്തില്‍ 25.3 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു. കുടുംബ ആത്മഹത്യക്കു പിന്നിലും മദ്യമാണ്.
അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍സ്ട്രിയുടെ സോഷ്യല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ മെട്രോ നഗരങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം 45 ശതമാനം പ്ലസ് ടു വിദ്യാര്‍ഥികളും മദ്യം ഉപയോഗിക്കുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നത് ഡല്‍ഹിയിലും മുബൈയിലും ഛണ്ഡീഗഢിലും ഹൈദ്രാബാദിലുമാണെങ്കിലും അടുത്തസ്ഥാനം കൊച്ചിക്കാണ്. പുതിയ തലമുറ മദ്യാസക്തരായി മാറുകയാണ്. ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളില്‍ വര്‍ധിക്കുകയാണ്. കുരുന്നുകളും മുതിര്‍ന്നവരും അതിവേഗം മദ്യത്തിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമകളാകുന്നു. കുടുംബങ്ങള്‍ തകരുകയാണ്. ഭാവിതലമുറ ഭ്രാന്ത് കണക്കെ പാഴ്ജന്മങ്ങളായി മാറുന്നു. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. ആഗോള ലഹരിവിരുദ്ധ ദിനാചരണം ഈ തിന്മക്കെതിരെ ശക്തമായ മുന്നേറ്റത്തിന് കളമൊരുക്കണം. മനുഷ്യനെ മദ്യപാനാസക്തിയില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ ലഭ്യത കുറക്കുകയാണ്. മദ്യ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ മദ്യവില്‍പന-നിയന്ത്രണ-നിരോധന നടപടികളാണ് ആവശ്യം. സര്‍ക്കാര്‍ അതിന് തുടക്കം കുറിച്ചിട്ടുള്ളത് അഭിനന്ദനാര്‍ഹമാണ്. 418 ബാറുകള്‍ അടഞ്ഞുകിടന്ന നാല് മാസത്തെയും അതിനു മുമ്പുള്ള നാല് മാസത്തെയും കണക്കുകള്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നതുപ്രകാരം, വിദേശമദ്യത്തിന്റെ വില്‍പനയുടെ അളവില്‍ 21,97,232 ലിറ്ററും ബിയറിന്റെ അളവില്‍ 55,32,254 ലിറ്ററും കുറവുണ്ടായി. ആഭ്യന്തരമന്ത്രി കേരള നിയമസഭയില്‍ സമര്‍പ്പിച്ച കണക്കു പ്രകാരം 2014 ജൂണ്‍ വരെ മദ്യം മൂലമുള്ള സംഘട്ടനങ്ങളില്‍ 36 ശതമാനത്തിന്റെയും ഗാര്‍ഹിക പീഠനങ്ങളില്‍ 31 ശതമാനത്തിന്റെയും കുറവുണ്ടായി. വാഹന അപകടങ്ങള്‍ 27 ശതമാനം കുറഞ്ഞു. വഴിയോരങ്ങളില്‍ മദ്യപിച്ചുകിടക്കുന്നവരുടെയും ആശുപത്രികളില്‍ രോഗികളായി എത്തുന്നവരുടെയും എണ്ണവും കുറഞ്ഞു. പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞു. കുടുംബാന്തരീക്ഷത്തിലും മാറ്റങ്ങളുണ്ടായി. ഗൃഹനാഥന്‍ നേരത്തെ വീട്ടില്‍ വരാനും വരുമാനത്തിന്റെ നല്ലൊരുഭാഗം വീട്ടാവശ്യങ്ങള്‍ക്കു നല്‍കാനും തയ്യാറായി. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും ഗുണപരമായ മാറ്റങ്ങള്‍ സംജാതമായി. ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടിയശേഷം വിദേശമദ്യവിപണനത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് എക്‌സെസെ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ശാസ്ത്രീയ ചികിത്സാരീതിയിലൂടെ മദ്യാസക്തരെയും ബോധവത്ക്കരണത്തിലൂടെ പുതു തലമുറയേയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ മദ്യനിരോധനത്തേയും വിജയിപ്പിക്കാനാവും. ലോകാരോഗ്യ സംഘടന ഇതിനായി ഒരു ത്രിമാന പദ്ധതി നിര്‍ദേശിക്കുന്നുണ്ട്. 1. ആവശ്യകത ലഘൂകരണം 2. ലഭ്യത ലഘൂകരണം 3 അപകട ലഘൂകരണം. ആവശ്യകത ലഘൂകരിക്കാന്‍ നിരന്തര ബോധവത്ക്കരണം നേഴ്‌സറി ക്ലാസ് മുതല്‍ എല്ലാ തലങ്ങളിലും വേണം. അപ്പോള്‍ ആവശ്യക്കാരുടെ എണ്ണം കുറയും. ഇതോടൊപ്പം മദ്യലഭ്യത ഘട്ടം ഘട്ടമായി കുറക്കുമ്പോള്‍ ഉപഭോഗം കുറയും. മൂന്നാമത് മദ്യാസക്തരായിട്ടുള്ളവരെ ചികത്സിച്ച് മദ്യവിമുക്തരാക്കുക. ലോകാരോഗ്യ സംഘടന 1956 ലാണ് മദ്യാസക്തിയെ രോഗമായി പ്രഖ്യാപിച്ചത്. 1957 ല്‍ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ അതു സ്ഥിരീകരിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഡി അഡിക്ഷന്‍ സെന്ററുകളാക്കി മദ്യാസക്തരെ ചികിത്സിച്ചു രക്ഷപ്പെടുത്തണം. അങ്ങനെ മദ്യരഹിത കേരളം യാഥാര്‍ഥ ്യമാക്കാം.
മദ്യലഭ്യത കുറഞ്ഞതോടെ വിവിധയിനം മയക്കുമരുന്നുകള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഡി ജെ പാര്‍ട്ടികളിലും മറ്റും യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്. മയക്കു മരുന്നുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. കര്‍ശന നിയമനടപടികളിലൂടെ മയക്കുമരുന്ന് ഉപയോഗത്തെയും വില്‍പനയേയും സര്‍ക്കാര്‍ നേരിടണം. 335 ശതമാനം വരെ വര്‍ധനവുണ്ടായ മദ്യ ഉപഭോഗത്തെ മൈനസ് എട്ടില്‍ എത്തിക്കാന്‍ സര്‍ക്കാറും മറ്റു മദ്യവിരുദ്ധപ്രസ്ഥാനങ്ങളും നടത്തുന്ന ബോധവത്കരണ ശ്രമങ്ങളിലുടെ സാധിച്ചിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്കരണ ശ്രമങ്ങളും നടപടികളും സര്‍ക്കാര്‍ ശക്തമായി തുടരണം. ഇനിയൊരാള്‍ പോലും ലഹരി ആസക്തനായി മാറാന്‍ ഇടവരരുത്. ലോകത്തിലെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലിക തത്വം പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുക എന്നതാണ്. അതിന് തക്കതായ നയങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കേണ്ടത്. കേരളത്തില്‍ മദ്യപാനത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗ ഗ്രാഫ് ഉയരുന്നതിന്റെ സാമൂഹിക-സാംസ്‌കാരിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ലഹരി എന്ന മരണസംസ്‌കാരം കേരളത്തെ പിടിമുറുക്കുന്നതിന്റെ സാഹചര്യം ശാസ്ത്രീയമായി പഠനവിധേയമാക്കി പരിഹാരം കണ്ടെത്തണം.