റമസാന്റെ സമയബോധം

  Posted on: June 17, 2015 5:42 pm | Last updated: June 17, 2015 at 8:36 pm

  ramadanഇരുപത് വര്‍ഷത്തെ തപസ്സിന് ശേഷമാണ് ആ ശിഷ്യന്‍ ഗുരുവിനെ കാണാനെത്തിയത്. ‘പുഴക്കുമീതെ നടക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് നിഷ്പ്രയാസം സാധിക്കും.’ ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു. ‘കഷ്ടം 20 പൈസ കടത്തുകാരനു കൊടുത്താല്‍ നടക്കുന്ന കാര്യത്തിന് 20 വര്‍ഷം പാഴാക്കികളഞ്ഞ വിഡ്ഢി എന്നല്ലാതെ എന്തു പറയാന്‍’- ഗുരു നീരസത്തോടെ പ്രതികരിച്ചു.

  സമയം ജീവിതത്തിലെ അമൂല്യ സമ്പത്താണ്, ഒരു സത്യവിശ്വാസി ഏറ്റവും ബോധവാനാവേണ്ടത് സമയത്തെക്കുറിച്ചാണ്. റസൂല്‍(സ) പറഞ്ഞു. ജനങ്ങള്‍ അശ്രദ്ധമായി ചെലവഴിക്കുന്ന രണ്ട് കാര്യങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. സമയത്തിന്റെ കൂടി കണക്കെടുപ്പാണ് വിശുദ്ധ റമസാനില്‍ നടക്കുന്നത്. നിര്‍ണായക ദിനങ്ങളും നിമിഷങ്ങളും നല്‍കി വ്രതമാസത്തെ സമയബോധവുമായി ഒട്ടിച്ചുനിറുത്തുന്നു. ‘റമസാന്‍ കാലം’ സമയത്തിന്റെ ദിശയും നിര്‍ണയവുമാണ് അടയാളപ്പെടുത്തുന്നത്. 11 മാസത്തെ സമയസൂചിക റമസാനിലെത്തുമ്പോള്‍ പുതിയൊരു സമയക്രമീകരണം സ്വീകരിക്കുന്നു. സമയത്തിനൊപ്പം ജീവിക്കാനുള്ള പ്രേരണയാണ് റമസാന്‍ നല്‍കുന്നത്.
  സമയത്തിന്റെ വില നന്നായി മനസ്സിലാക്കാന്‍ ഈ പുണ്യമാസം അവസരമൊരുക്കുകയാണ്. വ്രതാചരണത്തിനായി പിറ കാണാനുള്ള ഔത്സുക്യത്തില്‍ നിന്നു തന്നെ സമയത്തെക്കുറിച്ചുള്ള റമസാന്‍ കാലചിന്തയും ഉദിക്കുന്നു. ആരാധനകളെ സസൂക്ഷ്മം അപഗ്രഥിച്ചാല്‍ സയമവും കാലവുമായി അവക്കുള്ള ബന്ധം വ്യക്തമായി അടയാളപ്പെട്ടുകിടക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആന്‍ കാലഗണിതവും സമയശാസ്ത്രവുമായി ഏറെ ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തുന്നത്. കാലഗണനയെക്കുറിച്ച് ഖുര്‍ആന്‍ സമഗ്രമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സമയനിര്‍ണയത്തിലെ അതിശ്രേഷ്ഠസ്ഥാനമാണ് റമസാനിനു ഖുര്‍ആന്‍ നല്‍കുന്നത്. 30 ദിനവും നിര്‍ണായകവും അനുഗ്രഹദായകവുമാണ്. വ്രതമാസത്തെ ആരാധനകള്‍ക്ക് സമയവുമായി ബന്ധിപ്പിച്ചാണ് അല്ലാഹു പ്രത്യേക ശ്രേഷ്ഠതയും പ്രതിഫലവും കല്‍പിച്ചിരിക്കുന്നത്.’നിങ്ങള്‍ സായാഹ്ന വേളയിലും പ്രഭാതവേളയിലുമായിരിക്കുമ്പോള്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.’ (വി.ഖു.) കീഴടങ്ങാത്ത പ്രകൃതമാണ് സമയത്തിനുള്ളത്. കീഴ്‌പ്പെടുത്തിയാലേ സമയം ജീവിത വ്യവഹാരങ്ങളുമായി സമരസപ്പെടുകയുള്ളൂ. സമയം മൂര്‍ച്ചയേറിയ വാളാണ് അതിനെ നീ വധിച്ചില്ലെങ്കില്‍ അത് നിന്നെ കൊന്നുകളയുമെന്ന് ആപ്തവാക്യം.

  ഹസ്‌റത്ത് ഹസന്‍ ബസരി പറയുന്നു: ഓരോ ദിവസവും പിറക്കുമ്പോള്‍ ആകാശത്തുനിന്ന് വിളിനാദം മുഴങ്ങും. ആദമിന്റെ മക്കളേ, ഞാനൊരു പുതിയ സൃഷ്ടിയാണ്. സദ്കര്‍മങ്ങളിലൂടെ എന്നെ വരുതിയിലാക്കുക. പുനരുത്ഥാനനാള്‍ വരെ പിന്നെ ഞാനുണ്ടാവില്ല. പ്രവാചക പുത്രി ഹസ്‌റത്ത് ഫാതിമ(റ) പറയുന്നു. ഒരിക്കല്‍ ഞാനുറങ്ങുമ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ എന്നെ തട്ടിവിളിച്ചു ഇപ്രകാരം പറഞ്ഞു: മകളേ എഴുന്നേല്‍ക്കുക, അല്ലാഹുവിന്റെ അനുഗ്രഹമെന്തെന്ന് കാണുക! അശ്രദ്ധ കാണിക്കരുത്. ഉഷസ്സ് തൊട്ട് ഉദയം വരെയാണ് അല്ലാഹു ജീവിതാനുഗ്രഹങ്ങള്‍ ചൊരിയുന്നത്. (ബൈഹഖി) വിനിയോഗത്തിനൊപ്പമാണ് സമയത്തിന്റെ സഞ്ചാരവും സഹവാസവും. കര്‍മങ്ങളാണ് സമയത്തെ നല്ലതും ചീത്തയുമായി തരംതിരിക്കുന്നത്. നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സഹവാസം പോലെയായിരിക്കണം സമയത്തെയും നാം വിനിയോഗിക്കേണ്ടത് .

  റമസാനിലെ സമയം നന്‍മയുടെ വിത്തുകള്‍ വിതക്കാനും കൊയ്‌തെടുക്കാനുമുള്ളതാണ്. ഓരോ നിമിഷവും സുവര്‍ണനിമിഷമാണ്. ദിനങ്ങള്‍ അടര്‍ന്നുവീണു. ഇനിയുള്ളത് കുറഞ്ഞ ദിവസങ്ങള്‍ മാത്രം! ‘സമയത്തെ’ ആശ്രയിച്ചാണ് ഇനിയുള്ള ദിവസങ്ങളിലെ പ്രതിഫലത്തിന്റെ കണക്കെടുപ്പ്. ലൈലത്തുല്‍ ഖദ്ര്‍ ഈ ദിനങ്ങളിലെ ശ്രേഷ്ഠ സമയമാണ്. ജ്ഞാനബോധത്തോടെയായിരിക്കണം ലൈലത്തുല്‍ ഖദ്‌റിനെ കര്‍മധന്യമാക്കേണ്ടത്. സമയം വ്യയം ചെയ്യുമ്പോള്‍ കരസ്ഥമാക്കേണ്ടത് ജ്ഞാനമാണ്. വൃഥാസമയം പാഴാക്കുന്നവരെക്കുറിച്ച് ‘കഴുത’യെന്നാണ് സൂഫീ ലോകം വിലയിരുത്തുന്നത്. റസൂല്‍ പറഞ്ഞു: അസുഖം ബാധിച്ചപ്പോള്‍ യജമാനന്‍ കെട്ടിയിടുകയും അസുഖം ഭേദമായപ്പോള്‍ അഴിച്ചുവിടുകയും ചെയ്ത കഴുതയെ പോലെയാണ് സമയ ബോധവും വിജ്ഞാനതൃഷ്ണയുമില്ലാത്ത കപടവിശ്വാസി. തന്റെ യജമാനന്‍ കെട്ടിയിട്ടതും അഴിച്ചുവിട്ടതും എന്തിനാണെന്ന് ആ കഴുതക്കറിയില്ല.

  ഭൗതിക ജീവിതത്തില്‍ ഒരു സത്യവിശ്വാസിക്കു ലഭിക്കുന്ന നിര്‍ണായക നിമിഷങ്ങളെ അവന്‍ അല്ലാഹുവിനായി വിനിയോഗിക്കുന്നു. അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും അമൂല്യമായ നിധിയായി സമയത്തെ കാണുന്നു. ഇത്തരമൊരു അവസരമാണ് ലൈലത്തുല്‍ഖദ്ര്‍. പ്രാര്‍ഥനയാണ് സത്യവിശ്വാസിയുടെ ഇന്ധനം. ജീവിതം ഐശ്വര്യ സമൃധമാക്കാന്‍ പ്രാര്‍ഥനയോളം പറ്റിയ മരുന്നില്ല. അല്ലാഹുവും അടിമയും തമ്മിലുള്ള അകലം പ്രാര്‍ഥന ദൂരീകരിക്കുന്നു. പ്രാര്‍ഥിക്കുന്ന ഹൃദയങ്ങള്‍ക്കൊപ്പം ഏറ്റവും അടുത്താണ് ഞാനെന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. സദ്കര്‍മങ്ങളുടെ സ്വീകാര്യതക്ക് നിഷ്‌കപട ഹൃദയവും മനം നൊന്ത പ്രാര്‍ഥനയും അനിവാര്യമാണ്. ഈ രണ്ട് ഘടകവും മേളിച്ച ഒരാള്‍ക്ക് ഏത് നിധിയും കിളച്ചെടുക്കാനും പരിശ്രമത്തിലൂടെ കണ്ടെത്താനും സാധിക്കുന്നു. മാലാഖയുടെ നിര്‍ദ്ദേശപ്രകാരം നിധി കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളുടെ കഥ ജലാലുദ്ദീന്‍ റൂമി മസ്‌നവിയില്‍ ചിത്രീകരിക്കുന്നുണ്ട്. തന്റെ ചുറ്റുപാടും അയാള്‍ അമ്പെയ്ത് കിളച്ചു നോക്കിയെങ്കിലും നിധി കണ്ടെത്തിയില്ല. നിരാശനായ അദ്ദേഹത്തിനു മുന്നില്‍ മാലാഖ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം നിന്നിരുന്ന സ്ഥാനത്തേക്ക് ഹൃദയം നിറഞ്ഞ പ്രാര്‍ഥനയോടെ അമ്പെയ്യാന്‍ പറഞ്ഞു. മാലാഖ പറഞ്ഞപ്രകാരം അയാള്‍ താന്‍ നിന്നിരുന്ന സ്ഥാനത്തേക്ക് അമ്പെയ്തു നിധി കണ്ടെടുത്തു.

  ലൈലത്തുല്‍ ഖദ്ര്‍ പ്രാര്‍ഥനക്കുള്ള നിമിഷമാണ്. ദൈവ സ്മൃതികള്‍ ഉരുവിടുന്ന നാവും അല്ലാഹുവിനോടുള്ള പ്രണയാതുരമായ ഹൃദയവും കൊണ്ടായിരിക്കണം നിര്‍ണായക നിശീഥിനിയെ ഭക്തിസാന്ദ്രമാക്കേണ്ടത്. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും പ്രാര്‍ഥനാ വചസ്സുകളോടെ അവന്റെ നാമം ഉരുവിടുകയും ചെയ്യുന്ന ഹൃദയങ്ങള്‍ക്ക് അവര്‍ണനീയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.അല്ലാഹുവിന് വിശിഷ്ടവും സൗന്ദര്യാത്മകവുമായ നാമങ്ങളുണ്ട്, അവ ഉച്ചരിച്ച് പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു.

  ഒരിക്കല്‍ ഇബ്‌നുസീന സൂഫി ഗുരുവിനെ സമീപിച്ചു. സൂഫി ഗുരു അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍ കൊണ്ട് പ്രകീര്‍ത്തിക്കുന്നതിനെ സംബന്ധിച്ച പ്രഭാഷണത്തിലായിരുന്നു. അസ്മാഉല്‍ ഹുസ്‌നയുടെ മഹത്വം ബോധ്യപ്പെടുത്തുന്നത് കണ്ട ഇബ്‌നുസീനക്ക് ഗുരുവിന്റെ പ്രസംഗം ദഹിച്ചില്ല. യുക്തിയുടെ രസതന്ത്രത്തിലൂടെ മാത്രം ജീവിതത്തെ അളന്നെടുത്ത ഇബ്‌നുസീന ഗുരുവിനെ തിരുത്തി. വിശ്വാസദാര്‍ഢ്യതയോടൊപ്പമുള്ള കര്‍മങ്ങള്‍ക്കാണ് പ്രാധാന്യമെന്നും അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ചു ജീവിക്കുകയല്ലാതെ ‘നാമങ്ങള്‍’ ഉരുവിടുന്നതു കൊണ്ടു മാത്രം പ്രത്യേക ഗുണമൊന്നുമില്ലെന്നും ഇബ്‌നുസീന വാദിച്ചു.

  ഉറക്കെയുറക്കെ ചോദ്യങ്ങള്‍ ഉന്നയിച്ച ഇബ്‌നുസീനയുടെ പ്രവൃത്തി സൂഫീ ഗുരുവിന് രസിച്ചില്ല. അദ്ദേഹം ഇബ്‌നുസീനയെ രൂക്ഷമായി നോക്കിപ്പറഞ്ഞു. ഹേ! കഴുതേ അവിടെ ഇരിക്കുക! അപ്രതീക്ഷിതമായ ആ വാക്ക് കേട്ട ഇബ്‌നുസീന പരിഭ്രാന്തനായി. തന്റെ ശിഷ്യഗണങ്ങള്‍ക്കിടയില്‍ താന്‍ പരിഹാസ്യനായതില്‍ ഇബ്‌നുസീന തളര്‍ന്നിരുന്നു. ഗുരുവിന്റെ വാക്കുകള്‍ അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. രംഗം വീക്ഷിച്ച സൂഫീ ഗുരു പിന്നെ ഇബ്‌നുസീനയോടുണര്‍ത്തി. നാം അധമമെന്നു കരുതുന്ന ഒരു മൃഗത്തിന്റെ പേര് ഞാനെന്റെ നാവുകൊണ്ട് ഉച്ചരിച്ചതുകേട്ട് നിങ്ങളുടെ ദേഹം തളര്‍ന്നുപോവാന്‍ വിധം മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍! ചിന്തിക്കുക, ഈ പ്രപഞ്ചമഖിലം സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന്റെ നാമം. ‘അല്ലാഹു’ എന്ന പദം ഉച്ചരിക്കുന്നത് ഒരു ഫലവും ചെയ്യില്ലെന്നാണോ വിചാരം. ഗുരുവിന്റെ വാക്കുകള്‍ ഇബ്‌നുസീന ശ്രവിച്ചു. പിന്നെ അല്ലാഹുവിന്റെ നാമങ്ങളുടെ മഹത്വത്തെക്കുറിച്ചുള്ള സംശയം അദ്ദേഹം ദൂരീകരിച്ചു. അല്ലാഹുവിനെ അറിയാനുള്ള അഭിനിവേശത്തോടെയും അത്യാഗ്രഹത്തോടെയുമായിരിക്കണം അവന് ആരാധനകള്‍ അര്‍പ്പിക്കേണ്ടത്. പ്രാര്‍ഥന ഒരുതരം ആരാധന തന്നെയാണെന്നും അത് ആരാധനയുടെ മജ്ജയാണെന്നും നിരീക്ഷണമുണ്ട്. അല്ലാഹുവിലേക്കുള്ള പ്രയാണം, അതായിരിക്കണം എല്ലാ സദ്കര്‍മങ്ങളുടെയും ലക്ഷ്യം. സ്രഷ്ടാവ് കണ്‍മുന്നിലുണ്ടെന്ന തിരിച്ചറിവോടെയായിരിക്കണം ആരാധനകളെന്തുമെന്ന് റസൂല്‍ ഉണര്‍ത്തുന്നു.

  ഹൃദയസാന്നിധ്യത്തോടെയുള്ള ആരാധനക്കും പ്രാര്‍ഥനക്കും അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ഖുര്‍ആന്‍ ചോദിക്കുന്നില്ലേ! വിവരമുള്ളവരും വിവരമില്ലാത്തവരും സമന്മാരാണോ എന്ന് ? പഠിച്ചറിഞ്ഞവന് മണ്ണ് പോലും സ്വര്‍ണത്തിന്റെ മേന്മയോടെ കൈകാര്യം ചെയ്യാന്‍ കഴിയും.

  ജലാലുദ്ദീന്‍ റൂമി പറയുന്നു: വിശുദ്ധാത്മാക്കള്‍ സാഗരത്തിന്റെ ആഴിയില്‍ പോയി മുത്തും പവിഴവും കൊണ്ടുവന്നിരിക്കും. സാത്വിക ജീവിതം നയിക്കുന്നവന്‍ മണ്ണ് കൊണ്ടുവന്നാലും അത് സ്വര്‍ണം പോലിരിക്കും. എന്നാല്‍ വിവരമില്ലാത്തവന്‍ സ്വര്‍ണം തന്നെ കൊണ്ടുവന്നാലും അത് നിസ്സാരമായ മണ്‍തരി മാത്രമായിരിക്കും. ഒരു സാത്വികന്‍ ദൈവഹിതത്തെ അറിയുന്നവാണ്. അവന്റെ കൈകള്‍ അല്ലാഹുവിന്റെ കരങ്ങളായിരിക്കും. എന്നാല്‍ അജ്ഞാനിയുടെ കൈ പിശാചില്‍ നിന്നും കടം വാങ്ങിയിട്ടുള്ളതാണ്. അവന്‍ സ്വന്തമായി വല നെയ്ത് അതിലകപ്പെടും. ”ജ്ഞാനം അല്ലാഹുവിലേക്കുള്ള പ്രകാശ വഴിത്താരയാണ്, അജ്ഞത പിശാചിന്റെ ദുര്‍മന്ത്രണത്തിലേക്കുള്ള കെണിവലയും. ജ്ഞാനിക്കു മാത്രമേ ആരാധനയുടെ ആനന്ദവും ആത്മരസവും യഥാവിധി അനുഭവിച്ചറിയാന്‍ കഴിയൂ. ജ്ഞാനിയെന്നും പ്രാര്‍ഥിക്കുന്നത് അകക്കണ്ണുകൊണ്ടാണ്. അവന്റെ മോഹവും ആഗ്രഹവും അല്ലാഹുവെന്ന ശക്തി ചൈതന്യത്തിന്റെ പൊരുത്തം മാത്രമാണ്.

  അല്ലാഹുവിനോടുള്ള അദമ്യമായ അനുരാഗം അതായിരിക്കണം സത്യവിശ്വാസികളുടെ ആരാധന. ലൈലത്തുല്‍ഖദ്ര്‍ ഇതിനാണവസരം നല്‍കുന്നത്. സമസ്ത ജീവജാലങ്ങളും ഗാഢനിദ്രയില്‍ ലയിക്കുമ്പോള്‍ ഉറക്കിനെ ത്യജിച്ച് അല്ലാഹുവിനോടുള്ള അനുരാഗവായ്പില്‍ നിറയുന്ന കണ്‍തടങ്ങള്‍ എത്ര ധന്യമാണ്. ‘തഹജ്ജുദി’ന്റെ ആത്മീയ നിര്‍വൃതിയില്‍ കിനിഞ്ഞിറങ്ങുന്ന കണ്ണീര്‍കണങ്ങള്‍ക്ക് നരകാഗ്നിയെ കെടുത്താനുള്ള ശക്തിയുണ്ടെന്നു പറഞ്ഞു തന്നത് തിരുദൂതരാണ്. അല്ലാഹുവിനെ ഓര്‍ത്ത് ആനന്ദ നിര്‍വൃതികൊള്ളുന്ന ഹൃദയവും മിഴിനീര്‍തൂകുന്ന കണ്ണുകളും നമുക്കുണ്ടാവണം. ഹസ്‌റത്ത് റാബിഅതുല്‍ അദവിയ്യ (റ) പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു: അല്ലാഹുവേ, നിന്റെ സ്വര്‍ഗത്തെ മോഹിച്ചാണ് ഞാന്‍ നിന്നെ ആരാധിക്കുന്നതെങ്കില്‍ നീയെന്നെ നരകത്തിലേക്ക് വലിച്ചെറിഞ്ഞോ? നിന്റെ നരകത്തെ ഭയന്നാണെങ്കില്‍ നീയെന്നെ നരകത്തിലിട്ട് ഭസ്മീകരിച്ചോ, എന്നാല്‍ നിന്റെ തിരുദര്‍ശനം മാത്രം കാംക്ഷിക്കുന്ന എന്നില്‍ നിന്ന് നീ അതു മാത്രം തടയരുതേ!