ഡോര്‍ ടു ഡോര്‍ സേവനം പ്രതിസന്ധിയില്‍

Posted on: June 17, 2015 6:59 pm | Last updated: June 17, 2015 at 6:59 pm

kannaadiഗള്‍ഫില്‍ നിന്ന് പലരും നാട്ടിലേക്ക് പാര്‍സല്‍ അയക്കാറുണ്ട്. സ്വകാര്യ ‘ഡോര്‍ ടു ഡോര്‍’ കാര്‍ഗോ വഴിയാണ് മിക്കവരും അയക്കുന്നത്. യു എ ഇയില്‍, എമിറേറ്റ്‌സ് പോസ്റ്റ് വഴി അയക്കുന്നവരുമുണ്ട്. എന്നാലും സ്വീകാര്യത ഡോര്‍ ടു ഡോര്‍ കാര്‍ഗോകള്‍ക്ക്.
നാട്ടില്‍ ഈ സംവിധാനത്തിന് അനുമതി ലഭിച്ചത്, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഗള്‍ഫില്‍ നിന്ന് കപ്പല്‍, വിമാനം വഴി അയക്കപ്പെടുന്ന പാര്‍സലുകള്‍ സ്വീകരിക്കാനും അവ മേല്‍ വിലാസക്കാരുടെ അടുത്ത് എത്തിക്കാനും വിപുലമായ ശൃംഖലകള്‍ അനുവദിക്കപ്പെട്ടു. ഗള്‍ഫിലെയും ഇന്ത്യയിലെയും കാര്‍ഗോ കമ്പനികള്‍ ഭൂരിപക്ഷവും മികച്ച സേവനമാണ് നടത്തുന്നത്.
യു എ ഇയില്‍ 200ലധികം കാര്‍ഗോ സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് അനുമാനം. ഇവരെ ആശ്രയിക്കുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ടണ്‍ കണക്കിന് പാര്‍സലുകളാണ് യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത്.
ഉറ്റവര്‍ക്ക് പുതു വസ്ത്രങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, ചെറുകിട ഇലക്‌ട്രോണിക്‌സുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നാട്ടിലെത്തിക്കും. വിമാനം വഴിയാണെങ്കില്‍ കിലോവിന് ശരാശരി പത്തു ദിര്‍ഹമാണ് നിരക്ക്.
താമസ സ്ഥലത്തു നിന്നോ ഓഫീസില്‍ നിന്നോ ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് കൊണ്ടുപോകാനും കാര്‍ഗോ കമ്പനികള്‍ തയ്യാര്‍. അല്‍പം ചെലവ് കൂടുമെന്നേയുള്ളു. പാര്‍സല്‍ എവിടെ വരെ എത്തി എന്നതൊക്കെ അപ്പപ്പോള്‍ ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനം മറ്റൊരു സവിശേഷത.
റമസാന്‍, ഓണം തുടങ്ങിയ സീസണുകള്‍ക്കു മുമ്പായി ആയിരക്കണക്കിന് പാര്‍സലുകളാണ് കേരളത്തിലേക്കെത്തുക. റമസാന് വേണ്ട ഈത്തപ്പഴം, പെരുന്നാളിനുള്ള തുണിത്തരങ്ങള്‍ തുടങ്ങിയവ കുടുംബാംഗങ്ങള്‍ക്ക് അയക്കുന്നവര്‍ക്ക്, പാര്‍സല്‍ കുടുംബത്തില്‍ എത്തുന്നത് വരെ ആകാംക്ഷയാണ്. യഥാസമയം ഉറ്റവരുടെ കൈയില്‍ കിട്ടിയില്ലെങ്കില്‍ കാര്യമില്ല.
നിര്‍ഭാഗ്യവശാല്‍, ഇത്തവണ റമസാന് മുന്നോടിയായി അയച്ച പാര്‍സലുകള്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നു. കേന്ദ്ര ഇന്റലിജന്‍സ് പരിശോധനയില്‍ കടുംപിടുത്തം കാണിക്കുന്നതാണ് ഇതിന് കാരണം. ദക്ഷിണേന്ത്യക്കാരാണ് പാര്‍സലുകള്‍ അയക്കുന്നവരില്‍ മുന്‍പന്തിയില്‍. ഗുജറാത്തിലെയും മറ്റും ഉത്തരേന്ത്യന്‍ തുറമുഖങ്ങളിലേക്ക് കള്ളക്കടത്ത് സാധനങ്ങള്‍ എത്തുന്നത് പോലുള്ളവയാണ് ‘ഗള്‍ഫിലെ’ കാര്‍ഗോ പാര്‍സലുകള്‍ എന്ന് അവര്‍ തെറ്റിദ്ധരിച്ചതാണ് അടിസ്ഥാന പ്രശ്‌നം. കൂനില്‍മേല്‍ കുരുവായി ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്തും നടക്കുന്നു.
ഗള്‍ഫിലെ കാര്‍ഗോ ഏജന്റുമാരാണ് കുടുങ്ങിയിരിക്കുന്നത്. പാര്‍സല്‍ അയച്ചവരൊക്കെ അസ്വസ്ഥരാണ്. അതിന്റെ സമ്മര്‍ദം ഏജന്റുമാര്‍ക്കാണ്. മുമ്പ്, അഞ്ചു ദിവസം കൊണ്ട് ‘ഭാണ്ഡം’ നാട്ടിലെത്തിയിരുന്നു. ഇപ്പോള്‍ ഒരു മാസത്തോളം വേണ്ടിവരുന്നു.
കാര്‍ഗോയെ ചുറ്റിപ്പറ്റി നിരവധിപേര്‍ ജീവിക്കുന്നു. ഓരോ സ്ഥാപനത്തിലും ചുരുങ്ങിയത് പത്ത് ജീവനക്കാരുണ്ടാകും. അവരുടെ കഞ്ഞികുടിയാണ് മുട്ടാന്‍പോകുന്നത്. പരിഹാരം കാണേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ്.