പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി; കെ എസ് ഇ ബി പഠനങ്ങള്‍ ഫയലുകളില്‍ തന്നെ

Posted on: June 17, 2015 6:00 am | Last updated: June 17, 2015 at 5:27 pm

പത്തനംതിട്ട: വേനല്‍ക്കാലത്ത് സംസ്ഥാനത്ത് രൂക്ഷമാകുന്ന വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാന്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ വൈദ്യുതി നിര്‍മിക്കുന്നതിനുള്ള കെ എസ് ഇ ബി യുടെ പഠനങ്ങള്‍ വെളിച്ചം കാണാതെ ഫയലുകളില്‍ തന്നെ.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ 2008 ലാണ് പഠനം നടത്തി പദ്ധതി രൂപരേഖകള്‍ തയാറാക്കിയത്. എന്നാല്‍ ഈ പദ്ധതികളൊന്നും ഇതുവരെ പ്രവര്‍ത്തന ക്ഷമമായിട്ടില്ല. ജലവൈദ്യുതി പദ്ധതികള്‍ക്കൊപ്പം തുല്യ ഊര്‍ജസ്രോതസ്സുകളായ കാറ്റ്, സൂര്യ പ്രകാശം, തിരമാല എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനായുള്ള പഠനങ്ങള്‍ നടന്നിരുന്നു. കാറ്റില്‍ നിന്ന് ഒരു മെഗാവാട്ട് വെദ്യുതി ഉത്പാദിപ്പിക്കുന്നതിന് 6.5 കോടിയും സൗരോര്‍ജത്തിന് 13 കോടിയും ജലത്തില്‍ 17 കോടി രൂപയും ചെലവാണ് വരികയെന്ന് കെ എസ് ഇ ബി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കാറ്റില്‍ നിന്നുള്ള അധിക വൈദ്യുതിക്കായി കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ വിന്‍ഡ് എനര്‍ജി ടെക്‌നോളജിയും അനര്‍ട്ടും നടത്തിയ പഠനത്തില്‍ 800 മുതല്‍ 1100 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, അട്ടപ്പാടി, ഇടുക്കിയിലെ രാമക്കല്‍മേടിലും കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. കാറ്റാടി പാടങ്ങളില്‍ നിന്ന് ചെലവ് കുറഞ്ഞ രീതിയില്‍ വൈദ്യുതി ഉത്പാദനം നടത്താമെന്നുള്ള പഠന റിപ്പോര്‍ട്ട് സംയുക്ത പഠനസമിതി വൈദ്യുതി ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിലൂടെ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുവെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ക്ക് തുടര്‍ച്ചയായി യാതൊരുവിധ പ്രവര്‍ത്തനങ്ങളും കെ എസ് ഇ ബിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
കാറ്റില്‍ നിന്ന് അട്ടപ്പാടിയില്‍ 19.5 മെഗാവാട്ടും രാമക്കല്‍മേട്ടില്‍ നിന്ന് 15.7 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. കഞ്ചിക്കോട്ടെ 22 മെഗാവാട്ടിന്റെ പദ്ധതി രൂപകല്‍പന ചെയ്‌തെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തു കൊണ്ടുവന്ന പദ്ധതിയെ യു ഡി എഫ് സര്‍ക്കാര്‍ തഴഞ്ഞതാണ് ഇതിനു കാരണമെന്ന് കെ എസ് ഇ ബി അധികൃതര്‍ പറയുന്നു.
ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി അനര്‍ട്ട് 2009 ല്‍ സാധ്യതപഠനം നടത്തിയിരുന്നു. 4000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് അനര്‍ട്ട് അന്നു സമര്‍പ്പിച്ചിരുന്നത്. പഠനത്തോടുള്ള സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്നു രണ്ടാംഘട്ടമായ വിശദാംശങ്ങളടങ്ങിയ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നില്ല. പലയിടങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളും റിപ്പോര്‍ട്ട് തയാറാക്കുന്നതിനെ ബാധിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളാണ് ചെറുകിട ജലവൈദ്യുതി പദ്ധതിക്ക് ഏറ്റവും അനുയോജ്യമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. മൂഴിയാര്‍, കക്കി ഡാമുകളിലെ ജലവും, ശബരിഗിരി ജലവൈദ്യുതി പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും അനര്‍ട്ട് നടത്തിയ സാധ്യത പഠനത്തില്‍ പറഞ്ഞിരുന്നു.
പത്തനംതിട്ട ജില്ലയില്‍ പതിനാലും ഇടുക്കിയില്‍ ഒന്‍പതും വയനാട്ടില്‍ ആറും പദ്ധതികള്‍ തുടങ്ങാമെന്നാണ് അനര്‍ട്ട് കണ്ടെത്തിയത്. ഇത്തരത്തില്‍ പഠനം നടത്തിയ ഒരു സൈറ്റില്‍ പോലും പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാകുകയാണെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറയുന്നു.